ഫിഫ ലോകകപ്പിലെ ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി സ്പെയിൻ സെമിഫൈനലിൽ. കലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, പകരക്കാരനായി ഇറങ്ങി നിർണായക നിമിഷത്തിൽ ഗോൾ നേടിയ മിക്കല്‍ മെറീനോയാണ് സ്പെയിനിന്റെ വിജയശില്പി.
മല്‍സരത്തിന്‍റെ 30ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറത്തുന്നത്. പെദ്രോ പോറോയും ലമീൻ യമാലും ചേർന്ന് മെനഞ്ഞെടുത്ത തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ഡാനി ഒൽമോ തൊടുത്ത ഷോട്ട് ബെൽജിയം ഗോളി തിബോ കോർട്ടോ തടുത്തെങ്കിലും, റീബൗണ്ട് പന്ത് വലയിലെത്തിച്ച് ഫാബിയൻ റൂയിസ് സ്പെയിനിന് ലീഡ് നൽകി.
എന്നാല്‍ 41-ാം മിനിറ്റില്‍ ബെൽജിയത്തിന്റെ മറുപടി ഗോളുമെത്തി. തിമോത്തി കാസ്റ്റാന്യ നൽകിയ ക്രോസ് കെവിൻ ഡി ബ്രൂയിൻ കൃത്യമായി ചാർൾസ് ഡി കെറ്റലാരെയിലേക്ക് എത്തിച്ചു. കെറ്റലാരെയുടെ തകർപ്പൻ ഹെഡർ ഗോൾവല കുലുക്കി. ഇതോടെ ഈ ലോകകപ്പിൽ ആദ്യമായി സ്പെയിനിന്റെ വലയിൽ പന്തെത്തി. തുടർച്ചയായി 650 മിനിറ്റുകൾ ഗോൾ വഴങ്ങാതെ നിന്ന സ്പെയിൻ ഗോൾകീപ്പർ ഉനായ് സൈമണിന്റെ റെക്കോർഡിനും ഇതോടെ വിരാമമായി.
ഇതിനിടെ ബെൽജിയം ഗോൾകീപ്പർ തിബോ കോർട്ടോ പരുക്കേറ്റ് പുറത്തായതോടെ സെന്നെ ലമെൻസ് പകരക്കാരനായി ഇറങ്ങി. കോർട്ടുവ പുറത്തുപോയത് ബെൽജിയത്തിന്റെ പ്രതിരോധത്തെ സാരമായി ബാധിച്ചുവെന്നും പറയാം. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 86-ാം മിനിറ്റിൽ പകരക്കാരനായി മെറീനോ ഇറങ്ങിയത്. പൗ കുബാർസി തൊടുത്ത ഷോട്ട് ബെൽജിയം ഗോളി സെന്നെ ലമ്മൻസ് തടയാൻ ശ്രമിച്ചെങ്കിലും പന്ത് പിടിച്ചെടുക്കുന്നതിൽ പിഴച്ചു. അവസരം മുതലെടുത്ത് മെറീനോ പന്ത് വലയിലെത്തിച്ചു. (88-ാം മിനിറ്റ്) (1-2).
വിജയത്തോടെ ലോകകപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടിയ സ്പെയിൻ, സെമിയില്‍ ഫ്രാൻസിനെ നേരിടും. ജൂലൈ 14-ന് ഡാളസിലാണ് സെമിഫൈനൽ പോരാട്ടം. തുടർച്ചയായി രണ്ടാം മത്സരത്തിലും അവസാന മിനിറ്റുകളിൽ ഗോൾ നേടി സ്പെയിനിനെ വിജയത്തിലേക്ക് നയിച്ച മെറീനോയുടെ ഫോം സ്പെയിൻ ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.