യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിനിനെ ലോകകപ്പ് സെമിഫൈനലിലേക്ക് എത്തിച്ചതിൽ സൂപ്പർ സബ് ആയി ഇറങ്ങിയ മിക്കല്‍ മെറിനോയുടെ പ്രകടനമാണ് നിര്‍ണായകമാകുന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലും പകരക്കാരനായി ഇറങ്ങി നിർണായക ഗോൾ നേടിയ മിഡ്‌ഫീൽഡർ, ബെൽജിയത്തിനെതിരായ സ്പെയിനിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ വിജയിക്കാൻ കളിയുടെ ഗതി മാറ്റാൻ കഴിയുന്ന 'മാച്ച് വിന്നർ’ ആയി മാറുകയാണ് മെറിനോ. അപ്പോള്‍ ലമീന്‍ യമാല്‍ എവിടെ?
‘സൂപ്പർ’ സബ്
‘സൂപ്പർ സബ്’ എന്ന ലേബൽ പല കളിക്കാര്‍ക്കും താല്‍പര്യമുണ്ടാകില്ല. കാരണം എല്ലാവർക്കും ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിക്കാനായിരിക്കും താല്പര്യം. എന്നാൽ മെറിനോ സൂപ്പര്‍ സബ് ആകാന്‍ കാരണമുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ സ്പെയിൻ ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ കഴിയുമെന്ന് പോലും മെറിനോ കരുതിയിരുന്നില്ല. ജനുവരിയിൽ കാലിനേറ്റ ഗുരുതരമായ പരുക്ക് അദ്ദേഹത്തെ മാസങ്ങളോളം കളിക്കളത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പുള്ള ഒരു മാസം മാത്രമാണ് അദ്ദേഹത്തിന് പരിശീലനത്തിന് ലഭിച്ചത്. എന്നാൽ, ആ പ്രതിസന്ധികളെ അതിജീവിച്ച് ടീമിലെത്തിയ താരം ഇപ്പോൾ സ്പെയിനിന്റെ ഏറ്റവും വലിയ ആത്മവിശ്വാസമായി മാറിയിരിക്കുകയാണ്.
യമാല്‍ ഷോ എപ്പോള്‍?
കളിക്കളത്തില്‍ മെറിനോ തിളങ്ങുമ്പോളും ആരാധകര്‍ കാത്തിരിക്കുന്നത് കൗമാര താരം ലമീന്‍ യമാലിന്‍റെ ‘ഷോ’യ്ക്കാണ്. ഗോള്‍ കണക്കില്‍ പിന്നിലാണെങ്കിലും ലമീന്‍ യമാലിനെ കേന്ദ്രീകരിച്ച് തന്നെയാണ് സ്പാനിഷ് പട തന്ത്രങ്ങള്‍ മെനയുന്നത്. മെസി, എംബപെ, ഹാരി കെയ്ൻ തുടങ്ങിയ താരങ്ങള്‍ മികച്ച ഫോമില്‍ തിളങ്ങുമ്പോളും ലമീന്‍ യമാലിന് പ്രതീക്ഷിച്ചയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞിട്ടില്ല. ഗോളുകൾ നേടിയില്ലെങ്കിലും ഡ്രിബ്ലിങിലൂടെയും വേഗതയിലൂടെയും സഹതാരങ്ങൾക്ക് ഗോള്‍ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ യമാൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് മുൻ താരം വെയ്ൻ റൂണി ചൂണ്ടിക്കാട്ടുന്നു.
യമാലിന്റെ ഫോമും വെല്ലുവിളിയും
ബെല്‍ജിയത്തിന് എതിരായ വിജയത്തോടെ സ്പെയിൻ ചരിത്രത്തിൽ രണ്ടാം തവണയാണ് ലോകകപ്പ് സെമിഫൈനലിൽ കടക്കുന്നത്. 2010-ൽ അവസാനമായി സെമിയിലെത്തിയപ്പോൾ സ്പെയിൻ കിരീടവും ചൂടിയിരുന്നു. എന്നാല്‍ ഇത്തവണ സെമിഫൈനലിൽ എംബപെയുടെ നേതൃത്വത്തിലുള്ള ശക്തമായ ഫ്രഞ്ച് പടയെയാണ് സ്പെയിനിന് നേരിടാനുള്ളത്. പ്രതിരോധത്തിൽ സ്പെയിൻ ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയത്. ബെൽജിയത്തിനെതിരായ ഗോളാണ് ഈ ലോകകപ്പിൽ സ്പെയിൻ വഴങ്ങിയ ഏക ഗോൾ. എങ്കിലും, ഫ്രാൻസിന്റെ മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ സ്പെയിനിന്റെ പ്രതിരോധം കഠിനമായി പൊരുതേണ്ടി വരും. ലമീന്‍ യമാലും മുന്നേറ്റനിരയും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ സ്പെയിനിന് ഫൈനലിലേക്ക് മുന്നേറാൻ സാധിക്കൂ. എംബപെയും യമാലും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.