ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന കിലിയന്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ ഏത് ക്ലബും പൊന്നും വില നല്‍കാനും തയ്യാറാകും. മൊറോക്കോയ്ക്കെതിരായ എംബാപ്പയുടെ പ്രകടനം കണ്ടപ്പോള്‍ പണ്ടൊരിക്കല്‍ കൗമാരക്കാരന്‍ എംബാപ്പയെ സ്വന്തമാക്കാന്‍ പ്രൈവറ്റ് ജെറ്റെടുത്ത് പറന്ന കഥ ഓര്‍ക്കുകയാണ് മുന്‍ ലിവര്‍പൂള്‍ പരിശീലകന്‍ യോര്‍ഗന്‍ ക്ലോപ്പ്.

ലോകകപ്പില്‍ ഗോളടിച്ചുകൂട്ടുന്ന കിലിയന്‍ എംബാപ്പയെ കണ്ടപ്പോള്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ്  താരത്തെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ നടത്തിയ നീക്കം ഒര്‍ക്കുകയാണ് യോര്‍ഗന്‍ ക്ലോപ്പ്. ഇംഗ്ലീഷ് ക്ലബിന്‍റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ, എന്നാൽ നടക്കാതെപോയ താരകൈമാറ്റം എന്നാണ് ക്ലോപ് കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. അന്ന് എ.എസ്.മൊണാക്കോ താരമായിരുന്ന എംബാപ്പയെ സ്വന്തമാക്കാന്‍ അതീവരഹസ്യമായാണ് ലിവര്‍പൂള്‍ നീങ്ങിയത്. ചര്‍ച്ചകള്‍ക്കായി ഒരു പ്രൈവറ്റ് ജെറ്റ് തന്നെ ഏര്‍പ്പാടാക്കി. പക്ഷേ ലിവര്‍പൂളിനെ മറികടന്ന് താരത്തെ പിഎസ്ജി സ്വന്തമാക്കി.  ഫ്രാൻസ്-മൊറോക്കോ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിനു ശേഷമാണ് ക്ലോപ്പിന്‍റെ ഈ വെളിപ്പെടുത്തൽ.

മത്സരശേഷം എംബാപ്പെയും ക്ലോപ്പും സംസാരിക്കുന്നതും  ഗാലറിയിലിരുന്ന കുടുംബാംഗങ്ങളെ എംബാപ്പെ ക്ലോപ്പിനു ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. ഇതോടെയാണ്, ഫ്രഞ്ച് താരത്തിൽ ലിവർപൂളിനുണ്ടായിരുന്ന ദീർഘകാല താൽപര്യം വീണ്ടും ചർച്ചയായത്. ജര്‍മന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ക്ലോപ് പഴയകഥ വെളിപ്പെടുത്തിയത്.

Kylian Mbappe's stellar World Cup performance brought back memories for Jurgen Klopp, who recalled Liverpool's past attempt to sign the French star. :