ഫിഫ ലോകകപ്പിൽ ഈജിപ്ത് പുറത്തായതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ൃമുഹമ്മദ് സലാ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയോട് 3-2 എന്ന സ്‌കോറിന് പരാജയപ്പെട്ടതിന് ശേഷം 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെയാണ് സലാ തന്റെ വേദന പങ്കുവെച്ചത്. നിരാശപ്പെടരുതെന്നും ടീമിലുള്ള വിശ്വാസം കൈവിടരുതെന്നും സലാ ആരാധകരോട് അഭ്യർഥിച്ചു. റഫറി തീരുമാനങ്ങളിലും ഫിഫയുടെ ടൂർണമെന്റ് നടത്തിപ്പിലും വലിയ വിമർശനങ്ങൾ ഉയർന്ന മത്സരത്തിന് ദിവസങ്ങൾക്ക് ശേഷമാണ് സലായുടെ പോസ്റ്റെത്തുന്നത്.

‘നിങ്ങൾ ഇപ്പോഴും നിരാശയിലാണെന്ന് എനിക്കറിയാം, പക്ഷേ ഈ പരാജയം രാജ്യാന്തര തലത്തിൽ ഈജിപ്ഷ്യൻ ഫുട്ബോളിന്റെ പുതിയ തുടക്കമായിരിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യുമെന്ന് വാക്ക് നൽകുന്നു. ലോകകപ്പിന് യോഗ്യത നേടുകയോ വെറുതെ പങ്കെടുക്കുകയോ ചെയ്യുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഈ ടീമിന് നിങ്ങളുടെ വിശ്വാസവും വേണം.’– സലാ എക്സിൽ കുറിച്ചു.

ഈജിപ്തിന്റെ ലോകകപ്പ് യാത്ര നിരാശയോടെ അവസാനിച്ചെങ്കിലും, രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായിരുന്നു ടൂർണമെന്റ്. ഹൊസാം ഹസ്സന്റെ കീഴിൽ മികച്ച പ്രകടനമാണ് ഈജിപ്ത് കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനെതിരായ സമനിലയോടെയാണ് ഈജിപ്ത് നോക്കൗട്ടിലേക്ക് കടന്നത്. റൗണ്ട് ഓഫ് 32-ൽ ഓസ്‌ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-2) തോൽപ്പിച്ചുകൊണ്ട് ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഈജിപ്ഷ്യൻ ടീമായി അവർ ചരിത്രം കുറിക്കുകയായിരുന്നു.

എന്നാല്‍ അറ്റ്ലാന്റയിൽ വെച്ച് നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയോട് പൊരുതി വീണ് സലായുടെ സംഘം മടങ്ങുകയായിരുന്നു. 2018 റഷ്യ ലോകകപ്പിൽ രണ്ട് ഗോളുകൾ നേടിയ സലാ, ഇത്തവണത്തെ ലോകകപ്പിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. ടീമിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ തന്റെ കഴിവിന്റെ പരമാവധി നൽകുമെന്ന സലായുടെ വാക്ക് ഈജിപ്ഷ്യൻ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയ്ക്കും മെസ്സിക്കും അനുകൂലമായായിരുന്നു റഫറിയുടെ തീരുമാനങ്ങളെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. കളിയിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ ടൂർണമെന്റിന്റെ ബാക്കി മല്‍സരങ്ങള്‍ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈജിപ്തിന്റെ രണ്ടാം പകുതിയിലെ ഒരു ഗോൾ വിഎആർ (VAR) പരിശോധനയിലൂടെ നിഷേധിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. പരാജയപ്പെട്ടെങ്കിലും, മത്സരത്തിൽ മികച്ച പ്രകടനമാണ് സലാ പുറത്തെടുത്തത്. സിക്കോയുടെ ഗോളിന് വഴിയൊരുക്കിയതും അർജന്റീനയുടെ പ്രതിരോധത്തെ നിരന്തരം സമ്മർദ്ദത്തിലാക്കിയതും സലായുടെ മികവായിരുന്നു.

ENGLISH SUMMARY:

Following Egypt's heart-breaking 3-2 exit from the World Cup against defending champions Argentina, Mohamed Salah issued an emotional statement on 'X', urging fans to maintain their faith in the team and promising that this defeat would mark a new beginning for Egyptian football. Despite the controversy surrounding the match—specifically regarding refereeing decisions and the reversal of an Egyptian goal via VAR—Salah highlighted the team's historic achievement in reaching the knockout stages. Under coach Hossam Hassan, Egypt secured their first-ever World Cup knockout win against Australia, marking a significant milestone. Salah, who recorded one goal and two assists in the tournament, remains committed to leading the team to greater heights in the future.