വലിയ മത്സരങ്ങളിൽ, ഏറ്റവും നിർണായകമായ സമയത്ത് കൃത്യമായി ഒരാള്‍ അവതരിക്കും. അങ്ങനെ ഈ ലോകകപ്പില്‍ അവതരിച്ച ഒരാളാണ് മൈക്കില്‍ മെറിനോ. പകരക്കാരനായി കളത്തിലിറങ്ങി മത്സരത്തിന്റെ ഗതിമാറ്റുന്ന 'സൂപ്പർ സബ്' മൈക്കില്‍ മെറിനോ.

ഏതാനും മാസങ്ങൾക്കു മുൻപ് സ്പെയിനിന്റെ ലോകകപ്പ് സ്ക്വാഡിൽ ഒരംഗമാകാൻ കഴിയുമെന്ന് മെറിനോ സങ്കൽപ്പിച്ചിട്ടുപോലുമില്ലായിരുന്നു. കാൽപാദത്തിന് ഏറ്റ പരുക്കായിരുന്നു കാരണം. ലോകകപ്പ് തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ തിരിച്ചെത്തിയ മെറിനോയുടെ ടൂർണമെന്റ് പങ്കാളിത്തവും വലിയ സംശയത്തിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലോ റൗണ്ട് ഓഫ് 32ലും ഒരു ഗോൾ പോലും മെറിനോ നേടിയിരുന്നില്ല.

ഇഞ്ചോടിഞ്ച് പോരാട്ടങ്ങളിൽ അവസാന നിമിഷം സ്പെയിനിന്റെ ആക്രമണത്തിന്റെ കരുത്ത് പകരാനാണ് മെറിനോയെ പകരക്കാരനായി ഇറക്കുന്നത്. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ഇൻജുറി ടൈമിലും ഡിബ്രുയനയുടെ ബെല്‍ജിയത്തിന് 88ാം മിനിറ്റിലും പുറത്തേക്കുള്ള വഴിയൊരുക്കി മൈക്കല്‍ മെറിനോ.

മികച്ച സ്‌ട്രൈക്കറും മധ്യനിരക്കാരനുമാകാൻ അദ്ദേഹത്തിന് കഴിയും. കളിയെ കൃത്യമായി വായിച്ചെടുക്കുതില്‍ മിടുക്കനാണ്. പോര്‍ച്ചുഗലിനെതിരെ പ്രീക്വാര്‍ട്ടറില്‍ 50ാം മിനിറ്റില്‍ കളത്തിലിറക്കാന്‍ സ്പെയിനിന്റെ പരിശീലകന്‍ ആഗ്രഹിച്ചു. എന്നാല്‍ മെറീനോ പറഞ്ഞു, കോച്ച് സമയമായില്ല, അവരുടെ പ്രതിരോധം ഒന്നുകൂടെ പഠിക്കട്ടെ. ഒടുവില്‍ 85ാം മിനിറ്റില് മെറിനോ പറഞ്ഞു, ഇറങ്ങാന്‍ സമയമായെന്ന്, ഇന്‍ജുറി ടൈമില്‍ വിജയഗോളും നേടി. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെയും പകരക്കാരനായി ഇറങ്ങി. വിജയഗോളും നേടി.

ഈ ലോകകപ്പിൽ സ്പെയിനിനായി പകരക്കാരനായി ഇറങ്ങുന്ന മുപ്പതുകാരനായ മിക്കൽ മെറിനോ ഒരു മിഡ്‌ഫീൽഡറും സ്‌ട്രൈക്കറുമാണ്. മെറിനോ കഴിഞ്ഞ രണ്ട് സീസണുകളിലായി ആഴ്സണലിന് വേണ്ടിയാണ് കളിക്കുന്നത്. ക്ലബ്ബിനായി 50 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയപ്പോൾ 27 കളികളിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചത്. ആഴ്സനൽ ആരാധകർക്ക് മെറിനോയുടെ ഈ വീരോചിത പ്രകടനം സുപരിചിതമാണ്. ഗണ്ണേഴ്സിനു വേണ്ടിയും മുപ്പതുകാരനായ താരം സമാനമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

യഥാർഥത്തിൽ ഒരു മധ്യനിര താരമാണെങ്കിലും, ഉയരം കണക്കിലെടുത്ത് ആഴ്സനൽ പരിശീലകൻ മൈക്കിൾ അർട്ടേറ്റ അദ്ദേഹത്തെ സ്ട്രൈക്കറായി ഉപയോഗിക്കാറുണ്ട്. പുതുഊർജവും കളിയുടെ ഗതിയെക്കുറിച്ചുള്ള കൃത്യമായ ധാരണയുമായിട്ട് ലോകകപ്പിലും മെറിനോ കളത്തിലറങ്ങുന്നു. ലോകകപ്പ് സെമിയിലെത്തിയെങ്കിലും സ്പെയിന് ഫിനിഷിങ്ങിലെ പോരായ്മ തലവേദനയാണ്. ഒരു യഥാർത്ഥ സെന്റർ ഫോർവേഡില്ലാതെ ഇറങ്ങുന്ന സ്പെയിന്‍ സെമിയില്‍ ഫ്രാന്‍സിന് മുന്നില്‍ പുതുതന്ത്രങ്ങള്‍ ഒരുക്കേണ്ടിവരും.

ENGLISH SUMMARY:

Mikel Merino has emerged as the definitive 'super sub' of the 2026 World Cup, proving to be Spain's match-winner in crucial moments. Despite facing a serious foot injury just months before the tournament, the 30-year-old midfielder has transformed into an indispensable asset. Known for his tactical intelligence and ability to "read" the game, Merino famously delayed his entry in the round of 16 against Portugal to better analyze the opponent's defense, eventually scoring the decisive injury-time goal. His clinical performance continued in the quarter-final against Belgium, where he scored the 88th-minute winner. Having spent the last two seasons at Arsenal—where manager Mikel Arteta often utilized his height by deploying him as a striker—Merino brings a unique blend of midfield vision and forward instinct. As Spain prepares to face France in the semi-finals, his ability to inject fresh energy will be vital to address the team's ongoing struggle with finishing.