ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിനായി 1,200-ഓളം പുതിയ ടിക്കറ്റുകൾ കൂടി വിൽപ്പനയ്‌ക്കെത്തിച്ച് ഫിഫ. നേരത്തെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നതായി അറിയിച്ചിരുന്ന ഫിഫ, വെള്ളിയാഴ്ചയാണ് ടിക്കറ്റുകൾ ലഭ്യമാക്കിയത്. 7,380 ഡോളർ (ഏകദേശം 6 ലക്ഷത്തിലേറെ രൂപ) വിലവരുന്ന 1,178 കാറ്റഗറി 2 ടിക്കറ്റുകളാണ് അധികമായി പുറത്തിറക്കിയത്.

സ്റ്റേഡിയത്തിലെ ടോപ്പ് ഡെക്കിലെ അഞ്ച് വിവിധ സെക്ഷനുകളിലായാണ് ഈ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ, കൂടുതൽ പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവർക്കായി ലോവർ ഡെക്കിൽ 19,995 മുതൽ 32,970 ഡോളർ വരെ വിലയുള്ള കാറ്റഗറി 1 ടിക്കറ്റുകളും ലഭ്യമാണ്. ഭക്ഷണം ഉൾപ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളോട് കൂടിയ ട്രോഫി ലോഞ്ച് പാക്കേജുകൾക്ക് 32,500 മുതൽ 34,500 ഡോളർ വരെയാണ് വില. പെട്ടെന്ന് കൂടുതല്‍ ടിക്കറ്റുകൾ എത്തിച്ചതില്‍ ഫിഫ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫൈനൽ ടിക്കറ്റുകൾക്കൊപ്പം, ശനിയാഴ്ച കാൻസാസ് സിറ്റിയിൽ നടക്കുന്ന അർജന്റീന-സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകളും വിൽപ്പനയിലുണ്ട്. 1,600 മുതൽ 3,995 ഡോളർ വരെയാണ് നിരക്ക്. നേരത്തേ, ലോകകപ്പിന്‍റെ ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആതിഥേയരായ അമേരിക്കയും പോർച്ചുഗലും ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് നിർണ്ണായക മത്സരങ്ങളുടെ ടിക്കറ്റ് വിലയിൽ വലിയ കുറവുണ്ടായിരിക്കുന്നത്.

അതേസമയം, ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന മത്സരങ്ങളിൽ എർലിങ് ഹാളണ്ടിന്റെ നോർവേ, ഹാരി കെയ്‌നിന്റെ ഇംഗ്ലണ്ടിനെ നേരിടും. അവസാന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വിറ്റ്സർലൻഡിനെ നേരിടും. ഞായറാഴ്ച തന്നെയാണ് ഈ മല്‍സരവും.

ENGLISH SUMMARY:

FIFA has released approximately 1,200 additional tickets for the World Cup final, scheduled for July 19 at MetLife Stadium in New Jersey, despite previously announcing that the event was sold out. These include Category 2 tickets priced at $7,380, along with premium Category 1 seats and exclusive Trophy Lounge packages ranging from $19,995 to $34,500. While FIFA has not officially commented on this sudden release, the move follows a reported drop in overall ticket prices following the elimination of host nation USA and Portugal from the tournament. Tickets for the upcoming quarter-final between Argentina and Switzerland are also available.