എര്‍ലിങ് ഹാളണ്ടോ ഹാരി കെയ്നോ കേമന്‍? എന്നാല്‍ അങ്ങനെ ഒരു താരതമ്യം വേണ്ടെന്ന് ഹാരി കെയ്ന്‍ പറയുന്നു. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവെയ്ക്കെതിരെ നിർണായക പോരാട്ടത്തിന് ഇറങ്ങും മുമ്പാണ് കെയിന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഏഴ് ഗോളുകളുമായി ഹാളണ്ടാണ് ഗോൾവേട്ടയിൽ കെയ്ന് മുന്നിലുള്ളത്. കെയ്ന്‍ ആറുഗോളുകളാണ് ഈ ലോകകപ്പില്‍ ഇതുവരെ കുറിച്ചത്. 2018 ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവാണ് കെയ്ന്‍. ആരാണ് മികച്ച സ്ട്രൈക്കർ എന്ന ചോദ്യത്തിന് കെയ്ൻ നയപരമായി ഒഴിഞ്ഞുമാറി. അതിന് ഉത്തരം നൽകാൻ തനിക്ക് കഴിയില്ല. ഒന്നാമതായി, തങ്ങൾ വ്യത്യസ്തരായ കളിക്കാരും രണ്ട് വ്യത്യസ്ത പൊസിഷനുകളിൽ കളിക്കുന്നവരും ആണ് എന്നാണ് കെയിന്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ എര്‍ലിങ് ഹാളണ്ടിനെ പുകഴ്ത്താനും താരം മറന്നില്ല. ‘അവൻ ഒരു ഭീകരൻ ആണ്. എർലിങ് അവിശ്വസനീയമായ കളിയാണ് നടത്തുന്നത്. ശാരീരികമായി അവൻ ഒരു യന്ത്രമാണ്, ഹാളണ്ടിന്റെ ഫിനിഷിങ് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളതാണ്. ഗോളുകളുടെ എണ്ണം തന്നെ അതിന് തെളിവാണ്’– ഇതാണ് ഹാളണ്ടിനെക്കുറിച്ചുള്ള കെയ്ന്റെ കാഴ്ചപ്പാട്. വ്യക്തിഗത നേട്ടങ്ങൾ കൈയെത്തും ദൂരത്തുണ്ടെങ്കിലും ടീമിന്റെ വിജയത്തിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് കെയ്ൻ തറപ്പിച്ചു പറയുന്നു.
ഹാളണ്ടിനെയും കെയിനെയും ഇങ്ങനെ ചുരുക്കാം... ഒരാൾ കളിയൊരുക്കും, മറ്റൊരാൾ ഗോളടിക്കും. ഹാരി കെയ്ൻ– താഴേക്ക് ഇറങ്ങിവന്ന് കളി മെനയുന്ന സമ്പൂർണ്ണനായ പ്ലേമേക്കർ-സ്ട്രൈക്കർ. ഇംഗ്ലണ്ടിനായി 6 ഗോളുകൾ വലയിലെത്തിച്ച് ടീമിനെ തുടർച്ചയായ മൂന്നാം ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിച്ചതിന്റെ നട്ടെല്ലായി.
എർലിങ് ഹാലൻഡ്– ശാരീരികക്കരുത്തും സ്ഫോടനാത്മകമായ വേഗവുമുള്ള, പെനാൽറ്റി ബോക്സിലെ അപകടകാരിയായ ഗോൾവേട്ടക്കാരൻ. നോർവെയ്ക്കായി തന്റെ അരങ്ങേറ്റ പ്രധാന ടൂർണമെന്റിൽ 7 ഗോളുകൾ നേടി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തിൽ മുന്നിട്ടുനിൽക്കുന്നു.
മയാമി സ്റ്റേഡിയത്തിൽ നോർവെയ്ക്കെതിരെ കളത്തിലിറങ്ങുമ്പോൾ, ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഔട്ട്ഫീൽഡ് താരമെന്ന വെയ്ൻ റൂണിയുടെ റെക്കോർഡിനൊപ്പം കെയിനുമെത്തും. എര്‍ലിങ് ഹാളണ്ടിന്റെ വൈക്കിങ് റോ തുടരുമോ അതോ ഹാരി കെയ്ന്റെ വീട്ടിലേക്കുള്ള യാത്രയ്ക്ക് തുടക്കമാകുമോ എന്ന് കാത്തിരുന്ന് കാണാം.