തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന അർജന്റീനയ്ക്ക് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ് എതിരാളികള്‍. കാൻസാസ് സിറ്റിയിൽ നാളെ രാവിലെ നടക്കുന്ന പോരാട്ടത്തിൽ ചരിത്രം തിരുത്താനാണ് സ്വിസ് പട ഒരുങ്ങുന്നത്. മികച്ച ഫോമിലാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. മെസ്സിയുടെ മികവിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും അർജന്റീന വിജയിച്ചിരുന്നു. ലോകകപ്പിൽ 21 ഗോളുകളെന്ന റെക്കോർഡും മെസ്സി തന്‍റെ പേരിലാക്കി. മെസിയുടെ മികവില്‍ അര്‍ജന്‍റീന എത്തുമ്പോള്‍ പന്തടക്കവും പ്രതിരോധം കൊണ്ട് ഏത് എതിരാളിയെയും വലയ്ക്കാന്‍ പോന്നവരാണ് സ്വിസ് ടീം.
നോക്കൗട്ട് ഘട്ടത്തിൽ ഈജിപ്തിനെതിരെയും കാബോ വെര്‍ദെയ്‌ക്കെതിരെയും വിയര്‍ത്ത്, വിറച്ച് പിന്നീട് ജയിച്ചാണ് അർജന്റീന മുന്നേറിയത്. പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ 3-2 എന്ന സ്‌കോറിനാണ് അർജന്റീന മറികടന്നത്. എങ്കിലും മൂന്ന് ലോകകപ്പ് കിരീടങ്ങൾ, നിരവധി ഫുട്ബോൾ ഇതിഹാസങ്ങൾ, സമ്മർദഘട്ടങ്ങളിൽ പോലും മത്സരത്തിന്‍റെ ഗതി മാറ്റാൻ കഴിയുന്ന താരങ്ങള്‍ അങ്ങനെ ചരിത്രവും വര്‍ത്തമാനവും മല്‍സരത്തില്‍ അര്‍ജന്‍റീനയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.
എന്നാല്‍ അര്‍ജന്‍റീനയെപ്പോലെ പ്രൗഢഗംഭീര ചരിത്രമോ, മിന്നുംതാരങ്ങളോ സ്വിറ്റ്സർലൻഡിന് അവകാശപ്പെടാനില്ല. അൾജീരിയയെ 2-0-ന് തോൽപ്പിച്ചും കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നുമാണ് സ്വിസ് ടീം അവസാന എട്ടിലെത്തിയത്. വർഷങ്ങളായി യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും സ്ഥിരതയാർന്ന ടീമുകളിലൊന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്. പ്രതിരോധത്തിലെ കൃത്യത, മധ്യനിരയിലെ പന്തടക്കം, അവസരം ലഭിച്ചാൽ മിന്നൽ പ്രത്യാക്രമണങ്ങളിലൂടെ തിരിച്ചടിക്കാനുള്ള കഴിവ് എന്നിവയാണ് സ്വിസ് മുഖമുദ്ര. വലിയ ടീമുകളെ അട്ടിമറിച്ച അനുഭവവുമുണ്ട്. പരുക്കേറ്റ സ്വിറ്റ്സർലൻഡിന് ടോപ് സ്കോറർ യോഹാൻ മൻസാംബിക്ക് മല്‍സരം നഷ്ടമാകുമെങ്കിലും പരിചയസമ്പന്നരായ കളിക്കാർ ടീമിന് കരുത്താണ്.
ലോകകപ്പിൽ മുൻപ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും വിജയം അർജന്റീനയ്ക്കൊപ്പമായിരുന്നു. 1966-ൽ 2-0 നും, 2014 ബ്രസീൽ ലോകകപ്പിൽ എയ്ഞ്ചൽ ഡി മരിയയുടെ വൈകിയ ഗോളിലൂടെ 1-0നുമാണ് അർജന്റീന സ്വിറ്റ്സർലൻഡിനെ പരാജയപ്പെടുത്തിയത്. ആ പോരാട്ടം ഇന്നും സ്വിസ് പ്രതിരോധത്തിന്റെ കരുത്തിന്റെ ഉദാഹരണമാണ്. ആ ചരിത്രവും കണക്കുകളും ഇത്തവണ മാറ്റിയെഴുതാൻ സ്വിസ് പട ഇറങ്ങുമ്പോൾ, സെമി ഉറപ്പിക്കാനാണ് മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന ലക്ഷ്യമിടുന്നത്. മത്സരത്തിൽ വിജയിക്കുന്നവർ ജൂലൈ 15-ന് അറ്റ്ലാന്റയിൽ നടക്കുന്ന സെമിഫൈനലിൽ നോർവേ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ നേരിടും.