2026 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും നോർവേയും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കെ, നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാളണ്ടിനെ പിടിച്ചുകെട്ടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഇംഗ്ലീഷ് ടീം. മല്‍സരത്തില്‍ ഇതുവരെ ഏഴു ഗോളുകള്‍ നേടിയ താരം എംബപെയ്ക്കും മെസിക്കും പിന്നാലെ ഗോള്‍ഡന്‍ ബൂട്ട് റേസിലും മൂന്നാം സ്ഥാനത്തുണ്ട്. ശനിയാഴ്ച മയാമിയിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലുള്ള ഹാളണ്ടിനെ തടയുക എന്നത് അസാധ്യമായ കാര്യമാണെന്ന് ഇംഗ്ലണ്ട് സമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹാളണ്ടിന്‍റെ കാലുകളിലേക്ക് പന്ത് എത്തുന്നത് തടയാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ഹാളണ്ട് ഒരു മികച്ച താരമെന്നതില്‍ സംശയമില്ല, എന്നാൽ നോർവേയെ ഹാളണ്ട് മാത്രമായല്ല മറിച്ച് ഒരു ടീമായി തന്നെ കാണേണ്ടതുണ്ടെന്നും ഇംഗ്ലീഷ് താരങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

ഹാളണ്ടിനെ പൂട്ടുവാൻ സാധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ആരെങ്കിലും എപ്പോഴെങ്കിലും ഹാളണ്ടിനെ പൂർണ്ണമായി തടഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ് എന്നായിരുന്നു ഇംഗ്ലണ്ട് താരം മോർഗൻ റോജേഴ്സിന്‍റെ മറുപടി. എങ്കിലും ഹാളണ്ടിലേക്കുള്ള എല്ലാ പാസുകളും തടയാന്‍ ശ്രമിക്കുമെന്നും ചെറിയ വിടവ് പോലും ഹാളണ്ടിന് നല്‍കില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഹാളണ്ട് മാത്രമാണ് നോർവേയുടെ ഭീഷണിയെന്ന് കരുതുന്നില്ലെന്ന് ഇംഗ്ലണ്ടിന്‍റെ നിക്കോ ഒ'റെയ്‌ലി വ്യക്തമാക്കി. ടീമിലെ മറ്റു മികച്ച താരങ്ങളെയും ഇംഗ്ലണ്ട് ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെക്സിക്കോയ്‌ക്കെതിരായ നാടകീയ വിജയത്തിന് ശേഷം ഇംഗ്ലണ്ട് ടീം പൂർണ്ണമായും നോർവേയുമായുള്ള അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രതിരോധ നിരയിലെ പരിക്കുകളും ജാരെൽ ക്വാൻസയുടെ സസ്പെൻഷനും ഇംഗ്ലണ്ടിന് തലവേദനയാണെങ്കിലും, ടീമിലെ മറ്റുള്ള താരങ്ങളിൽ തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് ഇംഗ്ലീഷ് ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവേയെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടിനെതിരായ മത്സരം ചരിത്രപ്രധാനമാണ്.

ENGLISH SUMMARY:

England is strategizing to contain Norwegian star Erling Haaland ahead of their 2026 FIFA World Cup quarter-final clash. The team acknowledges Haaland's exceptional form and scoring prowess but aims to prevent the ball from reaching him, emphasizing a collective defensive effort against Norway.