ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ബ്രസീല്‍ ഫുട്ബോള്‍ ടീമിനായുള്ള ചാര്‍ട്ടേഡ് വിമാനം ന്യൂജേഴ്സിയില്‍ നിന്ന് റിയോ ഡി ജനീറോയിലേക്ക് മടങ്ങിയത് ഏറക്കുറെ കാലിയായി. താരങ്ങളും പരിശീകനും അവധിക്കാലം ആഘോഷിക്കാന്‍ പലവഴി പിരിഞ്ഞപ്പോള്‍ ഡനിലോ മാത്രമാണ് ചാര്‍ട്ടേഡ് വിമാനത്തിലുണ്ടായിരുന്ന ഏക ഫുട്ബോള്‍ താരം.
അസോസിയേഷൻ ഭാരവാഹികൾ, പരിശീലക സംഘം, കിറ്റ് സ്റ്റാഫ്, മെഡിക്കൽ ടീം, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെയുംകൊണ്ടാണ് ചാര്‍ട്ടേഡ് വിമാനം റിയോയില്‍ മടങ്ങിയെത്തിയത്. സൂപ്പർ താരം നെയ്മർ കുടുംബത്തോടൊപ്പം യുഎസിലെ ഒർലാൻഡോയിലേക്കാണ് പോയത്. വിനീഷ്യസ് ജൂനിയർ സ്പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഇബിസയിലേക്കു പറന്നു.
പരിശീലകന്‍ ആഞ്ചലോട്ടി കാനഡയിലെ വാന്‍കൂവറിലേക്കാണ് പോയത്. അവധിക്കാലം ആഘോഷിച്ച ശേഷം താരങ്ങള്‍ക്ക് എത്രയും വേഗം ക്ലബുകള്‍ക്കൊപ്പം ചേരണം. ഈ ആഴ്ച്ച അവസാനത്തോടെ യൂറോപ്യന്‍ ക്ലബുകളുടെ പ്രീസീസണ്‍ പരിശീലന ക്യാംപ് തുടങ്ങും. ലോകകപ്പില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് ക്ലബുകള്‍ അവധിക്കാലം അനുവദിച്ചിട്ടുണ്ട്.