ഫുട്ബോള്‍ ആരാധകര്‍ ഇനി കാണാന്‍ പോകുന്നത് ഒരു തനിയാവര്‍ത്തനമാണ്. ഖത്തറിന്‍റെ തുടര്‍ച്ച. ഖത്തറില്‍ സെമി ഫൈനലിലാണ് ഫ്രാന്‍സും മോറോക്കോയും ഏറ്റുമുട്ടിയത്. ഇത്തവണയത് ക്വാര്‍ട്ടറിലാകുന്നു എന്നു മാത്രം. അന്ന് സെമിയില്‍ മോറോക്കോയെ മറികടന്ന ഫ്രാന്‍സ് കലാശപ്പോരിന് അര്‍ഹരായി. ഇത്തവണ ആഫ്രിക്കക്കാര്‍ക്ക് അതിന് കണക്കുതീര്‍ക്കണം. ഫ്രാന്‍സിനാകട്ടെ തോല്‍ക്കാതെ മുന്നേറണം. 

ആധികാരികമായാണ് ഫ്രഞ്ചുകാര്‍ ക്വാര്‍ട്ടറില്‍ എത്തിനില്‍ക്കുന്നത്. കളിയഴക് പ്രകടിപ്പിച്ച് മുന്നേറിയവരെ പ്രകോപിപ്പിച്ച്, അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ്, ഗുണ്ടാക്കളി കളിച്ച് തോല്‍പ്പിക്കാന്‍ പ്രീക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കന്‍ ടീം പാരഗ്വ  ശ്രമിച്ചു. അതിനെ സമചിത്തതയോടെ നേരിട്ട്  പ്രീക്വാര്‍ട്ടര്‍ ജയിച്ചു. നോക്കൗട്ടില്‍ സ്വീഡനെ നിലം പരിശാക്കി. ലോകകപ്പിലെ സമ്പൂര്‍ണ ടീം എന്ന ഖ്യാതിയുണ്ടിപ്പോള്‍ എംമ്പാപ്പെയുടെ സംഘത്തിന്. ആരും ഗോളടിക്കും എന്ന നില. കൃത്യമായ അസിസ്റ്റുകളും, പ്ലേ മേയ്ക്കിങും. ഓരോകളി കഴിയുമ്പോഴും മെച്ചപ്പെടുകയാണ് ഫ്രഞ്ച് ടീം. 

കഴിഞ്ഞപ്രാവശ്യത്തെ തോല്‍വി ആവര്‍ത്തിക്കാതിരിക്കുകയാണ് മോറോക്കോയുടെ ലക്ഷ്യം. ഫിസിക്കല്‍ പ്ലേ നന്നായി വശമുള്ളവരാണ്. നോക്കൗട്ടില്‍ നെതര്‍ലന്‍ഡ്സിനെതിരെ അത് കണ്ടതാണ്. പ്രീക്വാര്‍ട്ടറില്‍ കാനഡയെ മൂന്ന് ഗോളിനാണ് തകര്‍ത്തത്. ലോങ് പാസ്, സെറ്റ് പീസ്, കൗണ്ടര്‍ അറ്റാക്ക് ഇതാകും ഫ്രാന്‍സിനെതിരെ പ്രധാന തന്ത്രം. ഫ്രാന്‍സിനെപ്പോലെ അതിപ്രതിഭാശാലികളുടെ കൂട്ടമല്ലെങ്കിലും ആരെയും പിടിച്ചുകെട്ടാന്‍ പോന്ന യൂട്ടിലിറ്റി പ്ലയേഴ്സാണ്  മോറോക്കോയുടെ ശക്തി. 

സെമി മോഹങ്ങളുമായി രണ്ടുവട്ടം  ചാംപ്യന്‍മാരായ ഫ്രാന്‍സും ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയും ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളിക്കമ്പക്കാര്‍ക്ക് ഈ മല്‍സരം ഒന്നാന്തരം എന്‍റര്‍ടെയ്നര്‍ ആകാനാണ് സാധ്യത. മല്‍സരം പുലര്‍ച്ചെ 1.30ന് ബോസ്റ്റണ്‍ സ്റ്റേഡിയത്തിലാണ്. 

ENGLISH SUMMARY:

France vs Morocco is a highly anticipated FIFA World Cup 2022 quarter-final match, echoing their semi-final encounter from Qatar. Both teams are in excellent form, with France showcasing a dominant performance and Morocco relying on their physical play and strategic counter-attacks.