France's forward #12 Bradley Barcola, France's midfielder #06 Manu Kone and France's forward #11 Michael Olise take part a training session at Bentley University in Waltham, near Boston, on July 5, 2026, during the 2026 World Cup football tournament. (Photo by FRANCK FIFE / AFP)
ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഫ്രാന്‍സിന് മേല്‍ സമ്മര്‍ദം. പ്രീക്വാര്‍ട്ടറില്‍ പാരഗ്വായ്ക്കെതിരെ കളിക്കുമ്പോള്‍ ഫ്രഞ്ച് സൂപ്പര്‍താരം മൈക്കല്‍ ഒലിസെയ്ക്ക് ലഭിച്ച മഞ്ഞക്കാര്‍ഡ് ഫിഫ പിന്‍വലിക്കാന്‍ തയാറാവാത്തതാണ് കാരണം. പാരഗ്വായ്ക്കെതിരായ മല്‍സരത്തിന്‍റെ അവസാന നിമിഷങ്ങളിലാണ് മത്തിയാസ് ഗലറാസയുമായുള്ള ഉരസലിന് ഒലിസെയ്ക്ക് കാര്‍ഡ് ലഭിച്ചത്. 'മഞ്ഞക്കാര്‍ഡ് മാറ്റാന്‍ ഫിഫ തയാറായിട്ടില്ല. അത് അങ്ങനെ തുടരുന്നുവെന്നാണ് ഫിഫയുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്' എന്നാണ് ഫ്രാന്‍സിന്‍റെ മാനേജര്‍ ദിദിയെ ദെഷാം മാധ്യമങ്ങളോട് പറഞ്ഞത്. പുലര്‍ച്ചെ ഒന്നരയ്ക്കാണ് മൊറോക്കോയുമായുള്ള ഫ്രാന്‍സിന്‍റെ മല്‍സരം.
ഒലിസെ തന്‍റെ കൈവിരല്‍ വായ്ക്ക് മുന്നില്‍ വച്ച് പാരഗ്വായ് താരത്തിന് മുന്നില്‍ നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. പാരഗ്വായ് താരമാവട്ടെ നിലത്ത് കിടക്കുകയും, ഒലിസെ മുഖത്തിടിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. ഇതോടെയാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. മൊറോക്കോയ്ക്കെതിരായ മല്‍സരത്തില്‍ കൂടി ഒലിസെയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചാല്‍ സെമിയില്‍ താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് ഫ്രാന്‍സിന്‍റെ പേടി. അച്ചടക്കത്തിന്‍റെ വാള്‍ ഒലിസെയുടെ തലയ്ക്ക് മീതെയുണ്ടെന്നും നേരിയ പിഴവിന് പോലും ടീം വലിയ വില കൊടുക്കേണ്ടി വരുമെന്നുമാണ് വിലയിരുത്തല്‍.
ഒലിസയ്ക്ക് പുറമെ ബ്രാഡ്ലി ബര്‍കോളയും മനു കോനെയും കഴിഞ്ഞ കളിയില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയിരുന്നു. പാരഗ്വായ് താരങ്ങള്‍ കയ്യാങ്കളിക്ക് തുടക്കമിട്ട മല്‍സരത്തില്‍ ഫ്രാന്‍സിന് മാത്രം മൂന്ന് മഞ്ഞക്കാര്‍ഡ് നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. പാരഗ്വായ്ക്കെതിരായ മല്‍സരത്തില്‍ തുടയ്ക്ക് പരുക്കേറ്റ മിഡ്ഫീല്‍ഡര്‍ ഒറേലിന്‍ സുഖം പ്രാപിച്ച് വരുന്നുവെന്നാണ് ദെഷാംപ്സ് വെളിപ്പെടുത്തിയത്. 'പരിശീലനത്തിന് ഒറേലിന്‍ ഇറങ്ങും. എങ്ങനെയുണ്ടെന്ന് നോക്കട്ടെ. കൂടുതല്‍ പറയാന്‍ പറ്റില്ല. മറ്റുള്ളവരും ടീമിലുണ്ടല്ലോ' എന്നും ദെഷാംപ്സ് കൂട്ടിച്ചേര്‍ത്തു.
പുതിയ നിയമം അനുസരിച്ച് ലോകകപ്പില്‍ നോക്കൗട്ട് മല്‍സരങ്ങളില്‍ കളിക്കാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിക്കുന്നത് ഒഴിവാക്കാന്‍ മല്‍സരങ്ങള്‍ക്ക് ശേഷം മഞ്ഞക്കാര്‍ഡ് റദ്ദാം. ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ താരങ്ങള്‍ക്ക് നല്‍കിയ മഞ്ഞക്കാര്‍ഡ് പിന്‍വലിക്കും. തുടര്‍ന്ന് നോക്കൗട്ട് ഘട്ടത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം കഴിഞ്ഞാലും മഞ്ഞക്കാര്‍ഡ് റദ്ദാക്കും. ഇതോടെ സെമിയില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചാല്‍ ഫൈനല്‍ താരങ്ങള്‍ക്ക് നഷ്ടപ്പെടില്ലെന്ന് സാരം. ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ മാത്രമേ മല്‍സരം നഷ്ടമാകൂ. അതേസമയം, ക്വാര്‍ട്ടര്‍ പൂര്‍ത്തിയാകാതെ മഞ്ഞക്കാര്‍ഡ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും ഫിഫ ചട്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഫ്രാന്‍സിനോട് വ്യത്യാസം കാണിച്ചിട്ടില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അനാവശ്യ ഫൗളുകള്‍ ഫ്രാന്‍സ് ഒഴിവാക്കിയില്ലെങ്കില്‍ മുന്നോട്ട് പോകുമ്പോള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന ആശങ്ക ആരാധകരും പങ്കുവയ്ക്കുന്നു.