48 ല്‍ നിന്ന് 32 ലേക്കും 16 ലേക്കും. അവിടെ നിന്നും ഇനി എട്ട്. ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്നു തുടങ്ങുകയാണ്.  ഒന്നിനൊന്ന് മികച്ച എട്ട് ടീമുകള്‍. ആര് ആരുടെ വഴിമുടക്കുമെന്ന് കണ്ടുതന്നെ അറിയണം. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളുടെ എതിരാളികള്‍ ഫ്രാന്‍സാണ്. 

തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ ലക്ഷ്യമിടുന്ന ഫ്രഞ്ച് പട്ടാളത്തില്‍ എംബാപെയും ഡെംബലയും ഒലിസെയും ചേര്‍ന്നാല്‍, ഏത് നിരയും തകര്‍ത്ത് ഗോളടിക്കും. ബെല്‍ജിയവും സ്പെയ്നും തമ്മിലാണ് മറ്റൊരു പോരാട്ടം. 2018 ലെ മൂന്നാം സ്ഥാനത്തില്‍ നിന്ന് ബെല്‍ജിയത്തിന്  മുന്നോട്ടുപോകണം. അതേസമയം, 2010 ആവര്‍ത്തിക്കാനാണ് സ്പാനിഷ് പട തയ്യാറെടുക്കുന്നത്. മൈക്കല്‍ ഒയര്‍സബലും ലമീന്‍ യമാലിനും തങ്ങളുടെ ആദ്യ ലോകകിരീടം ഉയര്‍ത്തണം. 

ബ്രസിലീന് പ്രീക്വാര്‍ട്ടറില്‍ പറ പറപ്പിച്ച നോര്‍വേയാണ് നേരിടേണ്ടത്.  ടൂര്‍ണമെന്‍റിലെ സെന്‍സേഷണല്‍ താരം നോര്‍വേയുടെ എർലിങ് ഹാളണ്ടും ഇംഗ്ലണ്ടിന്‍റെ ഹീറോ ഹാരി കെയ്നും തമ്മിലുള്ള ഗോള്‍ പോരാട്ടത്തിന് ആരാധകര്‍ക്കിടിയും വമ്പന്‍ പ്രതീക്ഷയാണ്. ക്വാര്‍ട്ടറിലെ അവസാന ഇനം ലോക ചാംപ്യന്‍മാരുടെ കലാശക്കൊട്ടാണ്. 72 വര്‍ഷങ്ങള്‍ക്ക് ശേഷം ക്വാര്‍ട്ടര്‍ കാണുന്ന സ്വിറ്റ്സര്‍ലന്‍ഡാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. കിരീടം ലക്ഷ്യമിട്ട് സെമിയിലേക്കുള്ള ഓട്ടത്തില്‍ ആരൊക്കെ വീഴും? ആരൊക്കെ വാഴും? കാത്തിരുന്നു കാണാം...

ENGLISH SUMMARY:

World Cup quarter finals kick off today with eight top teams battling it out. The thrilling matches promise exciting upsets and intense football action as the tournament progresses.