ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരായ മത്സരത്തിനിടെ ഈജിപ്ത് പരിശീലകൻ ഹൊസാം ഹസൻ നടത്തിയ പ്രതിഷേധം കായികലോകത്ത് വലിയ ചർച്ചയാകുന്നു. അർജന്റീനയോട് 3-2 എന്ന സ്കോറിന് പരാജയപ്പെട്ട മത്സരത്തിൽ, റഫറിങിലും ഫിഫയുടെ നിലപാടുകളിലും അതൃപ്തി പ്രകടിപ്പിച്ചാണ് പരിശീലകൻ ഫിഫയുടെ വംശീയ വിരുദ്ധ പ്രോട്ടോക്കോൾ പ്രകാരമുള്ള ചിഹ്നം (ഇരു കൈകളും എക്സ് (X) ആകൃതിയിൽ പിണച്ചുപിടിക്കുന്നത്) കാണിച്ചത്.

എന്താണ് 'X' ചിഹ്നത്തിന്റെ അർഥം?

മത്സരത്തിനിടെ വംശീയപരമായ വിവേചനം നേരിട്ടുവെന്ന് സൂചിപ്പിക്കാൻ ഫിഫ ഔദ്യോഗികമായി അംഗീകരിച്ച ചിഹ്നമാണിത്. കളിക്കാർക്കും പരിശീലകർക്കും റഫറിമാർക്കും തങ്ങൾ വിവേചനം നേരിടുന്നുണ്ടെന്ന് പരസ്യമായി അറിയിക്കാൻ ഈ രീതി ഉപയോഗിക്കാം. 2024-ൽ ബാങ്കോക്കിൽ നടന്ന 74-ാമത് ഫിഫ കോൺഗ്രസിലാണ് ഈ നടപടി ഔദ്യോഗികമായി അംഗീകരിച്ചത്.

ഈ ചിഹ്നം കാണിച്ചാൽ ഉടൻ തന്നെ മത്സരം നിർത്തിവെക്കണമെന്നില്ല. മറിച്ച്, ഫിഫയുടെ നടപടിക്രമങ്ങൾ പ്രകാരമുള്ള ഒരു മുന്നറിയിപ്പായി ഇത് പ്രവർത്തിക്കുന്നു. മാത്രമല്ല സാഹചര്യം വിലയിരുത്താൻ റഫറിക്ക് മത്സരം താൽക്കാലികമായി നിർത്തിവെക്കാം. അധിക്ഷേപം തുടരുകയാണെങ്കിൽ, കളിക്കാരെ ഡ്രസിങ് റൂമിലേക്ക് മാറ്റാൻ നിർദ്ദേശം നൽകാം. അന്തിമ നടപടിയെന്ന നിലയിൽ, വംശീയ അധിക്ഷേപങ്ങള്‍ തുടരുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ മത്സരം പൂർണമായും ഉപേക്ഷിക്കാനുള്ള അധികാരം റഫറിക്കുണ്ടാകും.

ഈജിപ്ത് പരിശീലകൻ എന്തുകൊണ്ട് ഈ ചിഹ്നം ഉപയോഗിച്ചു?

അർജന്റീനയുടെ മൂന്നാമത്തെ ഗോളിനു ശേഷമുള്ള ആഘോഷത്തിനിടെ വംശീയ അധിക്ഷേപം നടന്നുവെന്ന് ആരോപിച്ചാണ് ഹൊസാം ഹസൻ ഈ ചിഹ്നം കാണിച്ചത്. എന്നാൽ, ഈ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകൾ അപ്പോൾ ലഭ്യമായിരുന്നില്ല. മല്‍സരത്തിന്‍റെ റഫറി ഫ്രാങ്കോയിസ് ലെറ്റക്സിയർ മത്സരം നിർത്തിവെക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല, പ്രതിഷേധിച്ച പരിശീലകന് മഞ്ഞക്കാർഡ് നൽകുകയുമാണ് ചെയ്തത്.

അതേസമയം, റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇനി ഒരു മത്സരവും കാണില്ലെന്ന് ഹൊസാം ഹസ്സൻ പ്രതികരിച്ചു. മത്സരത്തില്‍ തങ്ങളുടെ ടീം കടുത്ത അനീതി നേരിട്ടുവെന്നും ഫിഫ പക്ഷപാതം കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അർജന്റീനയെയും ലയണൽ മെസിയെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും ബോധപൂർവ്വം ശ്രമിക്കുന്നു എന്നും ആരോപണമുണ്ട്.

മത്സരം 1-0 എന്ന നിലയിൽ പുരോഗമിക്കുമ്പോള്‍ ഈജിപ്ത് താരം മുസ്തഫ സിക്കോയുടെ ഒരു ഗോൾ വാർ (VAR) പരിശോധനയ്ക്ക് ശേഷം ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റക്സിയർ നിഷേധിച്ചിരുന്നു. ബിൽഡപ്പില്‍ ഫൗൾ നടന്നുവെന്നാരോപിച്ചായിരുന്നു നടപടി. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. മാത്രമല്ല, എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് തൊട്ടുമുമ്പ് തങ്ങളുടെ താരത്തിന് ബോക്സിൽ വെച്ച് ഫൗൾ സംഭവിച്ചുവെന്നും, എന്നാൽ റഫറി പെനൽറ്റി നൽകാൻ തയ്യാറായില്ലെന്നും ഈജിപ്ത് ആരോപിക്കുന്നു. ഈ വിഷയത്തിൽ വാർ പരിശോധന നടത്താത്തതും കടുത്ത പ്രതിഷേധത്തിന് കാരണമായി.

ഈജിപ്തിനെതിരെ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. കളിയുടെ അവസാന 12 മിനിറ്റുകൾക്കിടെയാണ് അർജന്റീനയുടെ മൂന്നു ഗോളുകളും പിറന്നത്. ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസി, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനയ്ക്കു വേണ്ടി സ്കോർ ചെയ്തത്.

ENGLISH SUMMARY:

During the intense 2026 FIFA World Cup Round of 16 clash between Argentina and Egypt, head coach Hossam Hassan sparked significant debate by using the official FIFA anti-racism gesture, which involves crossing both arms to form an 'X'. This gesture, officially sanctioned by FIFA at the 74th Congress in Bangkok in 2024, is designed as a formal signal for players, coaches, or referees to communicate that they are experiencing racial discrimination on the pitch. While the gesture acts as an immediate warning to officials, it does not mandate an instant match stoppage; instead, it empowers the referee to assess the situation, temporarily pause the game, or, in extreme cases, abandon the match if the abuse persists. Hassan invoked this protocol alleging racial abuse during Argentina’s celebrations, though the referee did not stop the match and instead issued a yellow card to the coach for his protest. The incident occurred against a backdrop of wider frustration regarding officiating, specifically the disallowed Egyptian goal via VAR and a disputed penalty decision before Enzo Fernández’s late winner. This controversial moment has drawn global attention to both the implementation of FIFA’s anti-racism protocols and the heightened tensions surrounding high-stakes knockout football.