അർജന്റീനയ്ക്കെതിരായ ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇനി ഒരു മത്സരവും കാണില്ലെന്ന് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ. മത്സരത്തില്‍ തങ്ങളുടെ ടീം കടുത്ത അനീതി നേരിട്ടുവെന്നും ഫിഫ പക്ഷപാതം കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു പ്രതികരണം. അർജന്റീനയെയും ലയണൽ മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും ബോധപൂർവ്വം ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. അറ്റ്‌ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷം ഈജിപ്തിനെ 3-2നാണ് അർജന്റീന പരാജയപ്പെടുത്തിയത്.

മത്സരം 1-0 എന്ന നിലയിൽ പുരോഗമിക്കുമ്പോള്‍ ഈജിപ്ത് താരം മുസ്തഫ സിക്കോയുടെ ഒരു ഗോൾ വാർ (VAR) പരിശോധനയ്ക്ക് ശേഷം ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റക്സിയർ നിഷേധിച്ചിരുന്നു. ബിൽഡ്-അപ്പിൽ ഫൗൾ നടന്നുവെന്നാരോപിച്ചായിരുന്നു നടപടി. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. മാത്രമല്ല, എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് തൊട്ടുമുമ്പ് തങ്ങളുടെ താരത്തിന് ബോക്സിൽ വെച്ച് ഫൗൾ സംഭവിച്ചുവെന്നും, എന്നാൽ റഫറി പെനാൽറ്റി നൽകാൻ തയ്യാറായില്ലെന്നും ഈജിപ്ത് ആരോപിക്കുന്നു. ഈ വിഷയത്തിൽ വാർ പരിശോധന നടത്താത്തതും കടുത്ത പ്രതിഷേധത്തിന് കാരണമായി.

പിന്നാലെയാണ് വാര്‍ത്താ സമ്മേളനത്തില്‍ ലയണൽ മെസ്സിയെയും അർജന്റീനയെയും ടൂർണമെന്റിൽ നിലനിർത്താനാണ് ഫിഫയുടെ താല്പര്യമെന്ന് ഹസ്സൻ തുറന്നടിച്ചത്. ‘ഇതെല്ലാം പണത്തിന് വേണ്ടിയാണ്. അവർക്ക് മെസ്സി ടൂർണമെന്റിൽ വേണം. ഈ കളിക്കളത്തില്‍ നീതിയില്ല’– അദ്ദേഹം പറഞ്ഞു. മത്സരത്തിൽ തങ്ങൾ അർജന്റീനയേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും, എന്നാൽ ‘പിന്നിൽ നിന്നുള്ള ഇടപെടലുകൾ’ മൂലമാണ് തങ്ങൾ തോറ്റതെന്നും ഹസ്സൻ പറഞ്ഞു. പ്രതിഷേധ സൂചകമായി ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങൾ താൻ കാണില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അതേസമയം, മത്സരശേഷം വികാരാധീനനായ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി, മെസ്സിയുടെയും ടീമിന്റെയും പോരാട്ടവീര്യത്തെ വാനോളം പ്രശംസിക്കുകയായിരുന്നു. പെനാൽറ്റി പാഴാക്കിയിട്ടും തളരാതെ പൊരുതിയ മെസ്സിയെ അദ്ദേഹം വാനോളം പുകഴ്ത്തി. ഈജിപ്തിനെതിരെ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. കളിയുടെ അവസാന 12 മിനിറ്റുകൾക്കിടെയാണ് അർജന്റീനയുടെ മൂന്നു ഗോളുകളും പിറന്നത്. ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനയ്ക്കു വേണ്ടി സ്കോർ ചെയ്തത്.

ENGLISH SUMMARY:

Following a dramatic 3-2 defeat against Argentina in the 2026 FIFA World Cup Round of 16, Egypt head coach Hossam Hassan has launched a scathing attack on the match officials, vowing to boycott the remainder of the tournament in protest. Hassan alleged that FIFA and the referees acted with clear bias to ensure Lionel Messi and Argentina remained in the competition, citing a controversial VAR decision that disallowed an Egyptian goal and a missed penalty appeal as evidence of systemic injustice. The manager explicitly claimed that financial interests are driving the tournament's outcomes, asserting that his team was the superior side until "interference from behind the scenes" changed the game's trajectory. Despite the controversy, Argentina manager Lionel Scaloni praised his team’s immense resilience, highlighting their ability to overcome a two-goal deficit with three goals in the final 12 minutes of the match. Goals from Cristian Romero, Lionel Messi, and a stoppage-time winner by Enzo Fernández secured Argentina's comeback and a place in the quarter-finals. As the football world debates the impact of these officiating decisions, the incident serves as a significant talking point in the ongoing 2026 World Cup narrative.