ട്രംപും ഗിയാനി ഇൻഫാന്റിനോയും (Image Credit:X@mjfree)

ഏറ്റവും മികച്ച സ്റ്റേഡിയങ്ങളടക്കം സൗകര്യങ്ങളുള്ള അമേരിക്കയില്‍ ഫുട്ബോള്‍ ലോകകപ്പ് വരുന്നെന്ന പ്രഖ്യാപനം ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതായിരുന്നു. പക്ഷേ, കളി തുടങ്ങും മുന്‍പേ ട്രംപ് ഭരണകൂടം തുടങ്ങിയ രാഷ്ട്രീയക്കളി വിശ്വമഹാമേളയുടെ മനോഹാരിതയ്ക്കേറ്റ കളങ്കമായിരുന്നു. സംസ്കാര, ലിംഗ, വര്‍ണ വൈവിധ്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുന്ന, എല്ലാവരേയും ഒരുമിപ്പിക്കുന്നതാണ് കായികമേളയെന്ന ഓര്‍മപ്പെടുത്തല്‍ മറന്നായിരുന്നു ആദ്യ നീക്കം. 

സൊമാലിയയില്‍ നിന്നുള്ള ലോകകപ്പ് റഫറി ഒമര്‍ ആര്‍ട്ടനെ സുരക്ഷാകാരണങ്ങളാല്‍ തിരിച്ചയച്ചായിരുന്നു തുടക്കം. ഫിഫയുടെ നിയമങ്ങളും പരിശീലനങ്ങളുമെല്ലാം പൂര്‍ത്തിയായി യുഎസിലെത്തിയപ്പോഴായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നടപടി. ഫിഫ പോലും ഒമര്‍ ആര്‍ട്ടനെ സംരക്ഷിക്കാതെ കയ്യൊഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളുടെ പേരില്‍ സൊമാലിയക്കാരോടുള്ള വിദ്വേഷം ട്രംപ് പലവട്ടം പുറത്തുപറഞ്ഞിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിരുന്നു റഫറിയോടുള്ള സമീപനം.

അങ്ങനെയിരിക്കെ യുഎസ്എ നോക്കൗട്ടും കടന്ന് പ്രീക്വാര്‍ട്ടറിലെത്തി. ബോസ്നിയന്‍ താരം താരിക് മുഹാരെമോവിച്ചിന്റെ കാലില്‍ ചവിട്ടിയതിന് യുഎസ് താരം ഫൊലാറിന്‍ ബലോഗന് ചുവപ്പുകാര്‍ഡ് നല്‍കിയിരുന്നു. വി.എ.ആര്‍ പരിശോധനയ്ക്ക് ശേഷമായിരുന്നു നടപടി. എന്നാല്‍ യുഎസ് താരത്തിന് ലഭിച്ച ഈ ചുവപ്പുകാര്‍ഡ് മരവിപ്പിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടെന്ന് സ്ഥിരീകരിച്ചത് ട്രംപ് തന്നെയായിരുന്നു. എട്ടോളം യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന് വീമ്പുപറയുന്ന അതേ ലാഘവത്തോടെയായിരുന്നു ട്രംപിന്റെ ആ സ്ഥിരീകരണം. ബലോഗന്റെ റെഡ് കാര്‍ഡ് ഫിഫ പിന്‍വലിച്ചതോടെ ഫിഫ എന്ന സംവിധാനം ട്രംപ് പറയുന്നത് കേള്‍ക്കുന്ന കളിപ്പാവയായി മാറിയോ എന്ന് താരങ്ങളടക്കം വിമര്‍ശനമുന്നയിച്ചു. ഫിഫയുടെ അച്ചടക്ക സമിതിയാണ് റെഡ് കാര്‍ഡ് മരവിപ്പിച്ചതെന്നാണ് ഫിഫ പ്രസിഡന്റിന്റെ വിശദീകരണം.

ഫുട്ബോളിലെ നിയമം ഒരു രാഷ്ട്രത്തലവന്‍ പറഞ്ഞതിന്റെ പേരില്‍ മാറ്റിയെന്ന് രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഫുട്ബോളില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്ന ഫിഫയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ കാര്യമാണ് സംഭവിച്ചതെങ്കിലും അച്ചടക്കസമിതിയുടെ തീരുമാനമെന്ന് പറഞ്ഞ് കൈകഴുകാനാണ് ഫിഫയുടെ ശ്രമം. രാഷ്ട്രീയ ഇടപെടലിന് ഫിഫ നല്‍കിയ അംഗീകാരം തെറ്റായ കീഴ്‍വഴക്കമാകുമെന്നാണ് വിമര്‍ശനമുയരുന്നത്.

ഇറാന്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് താമസസൗകര്യം യുഎസില്‍ നിന്ന് മെക്സിക്കോയിലേക്ക് മാറ്റുകയും യുഎസിലെ കളി കഴിഞ്ഞ് വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ രാജ്യം വിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതും വിവാദമായിരുന്നു. രാഷ്ട്രീയ ഇടപെടലുകളെ നിയന്ത്രിക്കേണ്ട ഫിഫയുടെ അധികാരികള്‍പോലും ഇറാന്‍ ടീമിനോട് കാട്ടിയ അനീതിയെ ചോദ്യം ചെയ്യുകയോ അതിനെ എതിര്‍ക്കുകയോ ചെയ്തില്ല.

ഇത്തരം പ്രവര്‍ത്തികള്‍ വരുംകാലങ്ങളില്‍ വിശ്വമഹാമേളയുടെ നടത്തിപ്പിന് കോട്ടംതട്ടുന്ന കീഴ്‍വഴക്കമായി മാറുമെന്ന ആശങ്കയാണ് ആരാധകരടക്കം പങ്കുവയ്ക്കുന്നത്. നാളെ മറ്റൊരുരാജ്യം ലോകകപ്പിന് വേദിയാകുമ്പോള്‍ അവിടത്തെ ഭരണകൂടത്തിന്റെ താല്‍പര്യത്തിനും നിര്‍ദേശത്തിനുമനുസരിച്ച് ചട്ടങ്ങളും നിയമങ്ങളുമൊക്കെ മാറ്റി എഴുതുമോയെന്നാണ് ഉയരുന്ന ചോദ്യം.

ENGLISH SUMMARY:

From the controversial red card reversal to the exclusion of referees, political influence in the 2026 World Cup is raising serious questions about FIFA's integrity.