ഹാളണ്ടും ഇന്ത്യന്‍ താരം സുരേഷ് വാങ്ജവും മല്‍സരത്തിനിടെ. ചിത്രത്തിന് കടപ്പാട് X@sevensnxt

ബ്രസീലിനെയും പഞ്ഞിക്കിട്ട് മുന്നേറുകയാണ് നോര്‍വെയും ഹാളണ്ടും. പ്രീക്വാര്‍ട്ടറില്‍ എര്‍ലിങ് ഹാളണ്ടിന്‍റെ ഇരട്ടഗോളാണ് ബ്രസീലിനെ തകര്‍ത്തുകളഞ്ഞത്. ലോകകപ്പ് താരങ്ങളിലൊരാളായി മാറിയ ഈ ആറടി അഞ്ചിഞ്ചുകാരന്‍ തന്‍റെ 16-ാം വയസില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെതിരെയും കളിച്ചിട്ടുണ്ട്. പത്തു വര്‍ഷം മുന്‍പ് ഇന്ത്യന്‍ അണ്ടര്‍ 17 ടീമാണ് നോര്‍വെയുമായി കളിച്ചത്. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പിന്‍റെ മുന്നൊരുക്കമായിരുന്നു മല്‍സരം. 

2016 ജൂണ്‍ 29 തിന് നോര്‍വെ അണ്ടര്‍ 16 ദേശിയ ടീമുമായാണ് ഇന്ത്യ കളിച്ചത്. ടീമില്‍ ഹാളണ്ടും ഇന്ത്യയ്ക്ക് എതിരെ കളിച്ചിരുന്നു. ആദ്യ പകുതി ഗോള്‍ രഹിതമായി കൊണ്ടുപോകാന്‍ ഇന്ത്യയ്ക്ക് സാധിച്ചെങ്കിലും 2-0 ത്തിന് മല്‍സരം നോര്‍വെ ജയിക്കുകയായിരുന്നു. മല്‍സരത്തിന്‍റെ മാച്ച് റിപ്പോര്‍ട്ട് എഐഎഫ്എഫിന്‍റെ വെബ്സൈറ്റിലുണ്ട്. 

ഇന്ത്യന്‍ താരങ്ങള്‍ നിരവധി അവസരങ്ങള്‍ തുറന്നെങ്കിലും ഗോളാക്കി മാറ്റാ‍ന്‍ സാധിച്ചില്ല. 16-ാം മിനിറ്റിൽ നോര്‍വന്‍ പ്രതിരോധ താരത്തെ മറികടന്ന് അനികേത് ക്രോസ് നല്‍കിയെങ്കിലും പോസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളില്ലാതിരുന്നതിനാല്‍ അവസരം പാഴായി. 54ാം മിനിറ്റില്‍ ഇന്ത്യയുടെ സഞ്ജീവ് സ്റ്റാലിന്‍ രണ്ടാം യെല്ലോ കാര്‍ഡ് ലഭിച്ച് പുറത്തായിതോടെ ഇന്ത്യ പത്തു പേരായി ചുരുങ്ങി. 57-ാം മിനിറ്റിലാണ് നോര്‍വെയുടെ ആദ്യ ഗോള്‍ വരുന്നത്. ഹാളണ്ട് നോര്‍വെയ്ക്കായി അക്കൗണ്ട് തുറന്നത്. 80-ാം മിനിറ്റില്‍ എറിക് ബോതൈമിന്‍റെ ഗോളില്‍ ടീം ലീഡുയര്‍ത്തുകയായിരുന്നു. 

ഹാളണ്ടും ഇന്ത്യന്‍ താരം സുരേഷ് വാങ്ജവും മല്‍സരത്തിനിടെയുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 'അന്ന് ഞാന്‍ ആ പന്ത് പിടിച്ചെടുത്തിരുന്നു. ചുമ്മാ പറഞ്ഞെന്നേയുള്ളൂ' എന്ന് സുേരഷ് വാങ്ജം ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. അന്ന് ഇന്ത്യയ്ക്കെതിരെ കളിച്ച ഹാളണ്ട് ഇന്ന് ലോകോത്തര സ്ട്രൈക്കര്‍മാരിലൊരാളായി വളര്‍ന്നു. ഇന്ത്യൻ അണ്ടർ 17 ടീമിലെ നിരവധി കളിക്കാർ പിന്നീട് സീനിയർ ദേശീയ ടീമിലും വിവിധ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളെയും പ്രതിനിധീകരിച്ച് കളിക്കുന്നുണ്ട്.

ENGLISH SUMMARY:

Erling Haaland, who recently led Norway to victory over Brazil in the World Cup pre-quarterfinals with a brace, has a historic connection to Indian football. Ten years ago, as a 16-year-old, he played against the Indian U-17 team in a match held as part of the preparations for the U-17 World Cup. Although India held their ground in a goalless first half, Haaland broke the deadlock in the 57th minute, leading Norway to a 2-0 win. While Haaland has since evolved into a world-class striker, many players from that Indian squad have gone on to represent the senior national team and various Indian Super League clubs.