ലോകകപ്പ് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബെല്‍ജിയം നാളെ ആതിഥേയരായ അമേരിക്കയെ നേരിടും. സൗഹൃദമല്‍സരത്തിലെ മുന്‍തൂക്കവുമായാണ് ബെല്‍ജിയം ഇറങ്ങുന്നത്. അതേസമയം, ഹോം ഗ്രൗണ്ട് തുണയ്ക്കുമെന്നാണ് യുഎസ്എയുടെ പ്രതീക്ഷ. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം നാളെ പുലര്‍ച്ചെ 5.30നാണ് മല്‍സരം. 2014 ലോകകപ്പിലെ ആവേശകരമായ നോക്കൗട്ട് മത്സരത്തിന് ശേഷം ഇരുടീമുകളും വീണ്ടും ഒരു ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്.
2014ലെ ലോകകപ്പ് പ്രീക്വാർട്ടറിൽ ബെൽജിയത്തിനെതിരെ അമേരിക്കയുടെ ഗോൾകീപ്പർ ടിം ഹോവാർഡ് നടത്തിയ 16 സേവുകൾ ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. അന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 2-1ന് ബെൽജിയം ജയിച്ചു കയറി. ആ തോൽവിക്ക് പകരം വീട്ടാനാണ് മൗറീഷ്യോ പോച്ചെറ്റിനോയുടെ അമേരിക്കൻ പട തയ്യാറെടുക്കുന്നത്.
ഗ്രൂപ്പ് ഡി-യിൽ ഒന്നാമതെത്തിയ അമേരിക്ക, റൗണ്ട് ഓഫ് 32-ൽ ബോസ്നിയയെ 2-0ന് തോൽപ്പിച്ചാണ് ക്വാർട്ടർ സ്വപ്നങ്ങളുമായി മുന്നേറുന്നത്. ഫോലാരിൻ ബലോഗുന്റെ മികവാണ് അമേരിക്കയുടെ കുതിപ്പിന് കരുത്ത് പകരുന്നത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും, സസ്പെൻഷൻ ഒഴിവായതോടെ ബലോഗുൻ കളത്തിലിറങ്ങുന്നത് അമേരിക്കൻ ആരാധകർക്ക് വലിയ ആശ്വാസമാണ്. 2002-ന് ശേഷം ആദ്യമായി ക്വാർട്ടർ ഫൈനലിൽ കടക്കുകയാണ് ലക്ഷ്യം. ഹോം ഗ്രൗണ്ട് ആനുകൂല്യം ഗുണം ചെയ്യുമെന്നും അമേരിക്ക പ്രതീക്ഷ വയ്ക്കുന്നുണ്ട്. അതേസമയം, ഗ്രൂപ്പ് ഡിയിലെ ചാംപ്യന്‍മാര്‍ വീണതാകട്ടെ തുര്‍ക്കിക്ക് മുന്നില്‍ മാത്രം.
2018 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തിന് കഴിഞ്ഞ ലോകകപ്പ് അത്ര നല്ല ഓര്‍മയല്ല, ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തുപോയിരുന്നു. എന്നാല്‍ ഇത്തവണ മികച്ച മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ജി ജേതാക്കളായ ബെൽജിയം, റൗണ്ട് ഓഫ് 32-ൽ സെനഗലിനെതിരെ നടത്തിയ തിരിച്ചുവരവ് ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു. 2-0ത്തിന് പിന്നിൽ നിന്ന ശേഷം 3-2ന് എക്സ്ട്രാ ടൈമിൽ സെനഗലിനെ വീഴ്ത്തിയ റെഡ് ഡെവിൾസ്, ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്.
എത്ര വലിയ വീഴ്ചയില്‍ നിന്നും തിരിച്ചുവരാനാകുമെന്ന് തെളിയിച്ചാണ് ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ ഇറങ്ങുന്നത്. ഗ്രൂപ്പ് ജിയിലെ ചാംപ്യന്‍മാര്‍ ഇതുവരെ ഒരു മല്‍സരം പോലും തോറ്റിട്ടില്ല. മാത്രമല്ല, അമേരിക്കയുടെ ഹോം ഗ്രൗണ്ടിനെ ഭയമില്ലെന്നാണ് താരങ്ങളുടെ പക്ഷം. ഈ വര്‍ഷം അറ്റ്ലാന്റയില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ അമേരിക്കയ്ക്കെതിരെ 5–2ന്‍റെ ആധികാരിക ജയവും ബെല്‍ജിയം നേടിയിരുന്നു. ലുക്കാക്കു, കെവിന്‍ ഡി ബ്രൂണി, ലിയാണ്‍ഡ്രോ ട്രൊസാര്‍ഡ് എന്നിവരാണ് ബെല്‍ജിയത്തിന്റെ കരുത്ത്.
1930 ലെ ആദ്യ ലോകകപ്പിൽ അമേരിക്ക ബെൽജിയത്തെ 3-0ത്തിന് തോൽപ്പിച്ചിരുന്നു. എന്നാൽ അതിനുശേഷം ഏകദേശം 100 വർഷമായി അമേരിക്കയ്ക്ക് ബെൽജിയത്തെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. ചരിത്രം ബെൽജിയത്തിനൊപ്പം നില്‍ക്കുമ്പോള്‍ നാളെ ഗ്രൗണ്ടില്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം...