ronaldo-yamal-match-preview

പ്രീക്വാര്‍ട്ടറിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലമീന്‍ യമാലും നേര്‍ക്കുനേര്‍. അവസാന എട്ടിലെത്താന്‍ പറങ്കിപ്പടയ്ക്ക് സ്പാനിഷ് കടമ്പ കടക്കണം. നാലു മല്‍സരങ്ങളില്‍  ഒറ്റ ഗോള്‍ പോലും വഴങ്ങാതെയാണ് സ്പാനിഷ് കുതിപ്പ്. രാത്രി 12:30 തിനാണ് സ്പെയിന്‍ – പോര്‍ച്ചുഗല്‍ മല്‍സരം.

അണ്ണനോ തമ്പിയോ

റൊണാള്‍ഡോയോ യമാലോ. പ്രീക്വാര്‍ട്ടര്‍ കഴിയുമ്പോള്‍ സൂപ്പര്‍ താരപ്പട്ടികയില്‍ ഒരു പേര് കുറയും. തലമുറകളുടെ പോരാട്ടം കൂടിയാണിത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ആദ്യ രാജ്യാന്തര ഗോള്‍ നേടുമ്പോള്‍ ലമീന്‍ യമാല്‍ ജനിച്ചിട്ടുപോലുമില്ല. അയാള്‍ പാഞ്ഞടുക്കുമ്പോഴുള്ള എതിരാളികളുടെ ചങ്കലപ്പ് അനുഭവിച്ചിട്ടുമുണ്ട്. വയസ് 41 ആയെങ്കിലും ഏത് സമയവും ഗോള്‍പോസ്റ്റിലേക്ക് സംഹാരശേഷിയുള്ള മിന്നല്‍പ്പിണര്‍ പായിക്കാന്‍ ശേഷിയുള്ള CR7 തന്നെയാണ് സ്പെയിനിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്. ബോക്സിനുള്ളിൽ അയാൾ ഇപ്പോഴും അപകടകാരിയാണ്. പതിഞ്ഞ താളത്തില്‍ പോര് തുടങ്ങിയ സ്പെയിനിന് കളം നിറഞ്ഞ് കളി തുടങ്ങിയ ലമീന്‍ യമാല്‍ തന്നെയാണ് തുറുപ്പ് ചീട്ട്. 

കളി കയ്യിലാക്കും സ്പെയിന്‍

ഇനിയൊരവസരമില്ലാത്ത ഈ മല്‍സരത്തില്‍ അടങ്ങിയിരിക്കാനാവില്ല സ്പെയിനിന്. സുന്ദരമായ നീക്കങ്ങളും കളി കൈപ്പിടിയിലാക്കാനുള്ള ചാതുര്യവും പ്രതിരോധത്തിലെ പിശുക്കും കൊണ്ട് കളത്തില്‍ അഴക് വിരിയിക്കും സ്പെയിന്‍. പന്തടക്കം കൊണ്ട് എതിരാളികളെ മടുപ്പിക്കും. ലമീന്‍ യമാലില്‍ ഒതുങ്ങുന്നതല്ല സ്പാനിഷ് പടയുടെ ആവനാഴി. പെഡ്രിയും റോഡ്രിയും നീക്കോ വില്യംസും ഫെറാന്‍ ടോറസും ഗോളടിയന്ത്രം ഒയര്‍സബാനും അടക്കം തേച്ചുമിനുക്കിയ അസ്ത്രങ്ങള്‍ ഒട്ടേറെയുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ കാബോ വെര്‍ദേയോട് സമനില വഴങ്ങി തുടങ്ങി. സൗദിക്കെതിരെ നാല് ഗോള്‍ ജയം. യുറഗ്വായെ 1–0ന് തോല്‍പിച്ചു. റൗണ്ട് ഓഫ് 32 വില്‍ ഓസ്ട്രിയയെ മൂന്ന് ഗോളിന് തകര്‍ത്തു 

spain-training

വീര്യം ചോരാതെ പറങ്കിപ്പട

സ്പെയിനിന് തുറുപ്പുചീട്ട് യമാലാണെങ്കില്‍, യമാലിനെ പൂട്ടാനുള്ള പറങ്കിപ്പടയുടെ ആയുധം നൂനോ മെന്‍ഡസ് ആണ്. യുവേഫ നേഷന്‍സ് ഫൈനലില്‍ സ്പെയിനിന്റെ വലതുവിങ്ങുമായുള്ള വ്യക്തിഗത പോരാട്ടമായി മാറിയിരുന്നു നൂനോ മെൻഡെസിന്റെ പ്രകടനം. പി.എസ്.ജിയുടെ ഈ പ്രതിരോധതാരം പലതവണ പരീക്ഷിക്കപ്പെട്ടെങ്കിലും സ്പെയിനിന്റെ താളം തെറ്റിക്കാനും പ്രത്യാക്രമണങ്ങളിലൂടെ മുറിവേൽപ്പിക്കാനും ഊർജം കണ്ടെത്തി. ലമീന്റെ നീക്കങ്ങൾക്ക് തടയിടുകയും അവസരം കിട്ടുമ്പോഴെല്ലാം മുന്നോട്ട് കുതിക്കുകയും ചെയ്യുന്ന ഇരട്ടദൗത്യം തന്നെയാകും നിര്‍ണായക മല്‍സരത്തില്‍ നൂനോ മെന്‍സിനെ കാത്തിരിക്കുന്നത്. 

പ്രീക്വാര്‍ട്ടറിലേക്ക് അത്ര മികച്ച വരവല്ല പോര്‍ച്ചുഗലിന്റേത്. കോംഗോയോട് സമനിലയില്‍ തുടങ്ങി. ഉസ്ബക്കിസ്ഥാനെ അഞ്ച് ഗോളിന് തകര്‍ത്തെങ്കിലും കൊളംബിയയോട് സമനില വഴങ്ങി. നോക്കൗട്ടില്‍ ക്രൊയേഷ്യയോട് ഏറെ പണിപ്പെട്ടാണ് എത്തുന്നത്. എങ്കിലും കോംഗോയ്ക്കെതിരെ കണ്ട പോര്‍ച്ചുഗലല്ല പ്രീക്വാര്‍ട്ടറിലത്തുമ്പോള്‍. 

portugal-training

ഐബിരീയന്‍ പകയുമായി സ്പെയിന്‍

ഒരു വര്‍ഷം നീണ്ട ഐബീരിയന്‍ പകയുടെ കനലുമായാണ് സ്പെയിന്‍- പോര്‍ച്ചുഗലിനെ നേരിടാനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗലിനോട് ഏറ്റുവാങ്ങിയ ഷൂട്ടൗട്ട് തോല്‍വി സ്പാനിഷ് ജനത മറന്നിട്ടില്ല. യൂറോപ്പിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ വലിയ ഉപദ്വീപായ ഐബീരിയന്‍ പെനിന്‍സുലയിലാണ് സ്പെയിനും പോര്‍ച്ചുഗലും സ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും അടുത്തബന്ധമുള്ള ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലെ മല്‍സരങ്ങള്‍ എക്കാലവും ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

ക്രിക്കറ്റില്‍ ഇന്ത്യ –പാക്കിസ്ഥാന്‍ മല്‍സരം പോലെ, ഫുട്ബോളില്‍ ബ്രസീല്‍ – അര്‍ജന്റീന പോലെ... ലോകഫുട്ബോളിലെ ഏറ്റവും പഴക്കമേറിയ ദേശീയ ടീം വൈരങ്ങളില്‍ ഒന്നാണ് സ്പെയിന്‍ – പോര്‍ച്ചുഗല്‍ പോരാട്ടം. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ നേഷന്‍സ് ലീഗ് ഫൈനലിലെ തോല്‍വി സ്പാനിഷ് ജനതയ്ക്ക് മറക്കാനാവാത്തതും. ഇരുടീമുകളും 2-2 സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ വിജയിച്ചത്. കിരീടം നിലനിർത്തി യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടത്തിനൊപ്പം മറ്റൊരു ട്രോഫി കൂടി നേടാനുള്ള സ്പെയിനിന്റെ ശ്രമങ്ങൾക്ക് അത് തിരിച്ചടിയായി.

2023-ലെ നേഷൻസ് ലീഗ് കിരീടത്തോടെ തുടങ്ങി, തോൽവിയറിയാതെ 34 മത്സരങ്ങൾ പിന്നിട്ട ലൂയിസ് ദെ ലാ ഫുന്റെയുടെ ടീമിന്റെ മൂന്നു വർഷത്തെ തിളക്കമാർന്ന കുതിപ്പിലെ ഏക കളങ്കമായി ആ തോൽവി. സ്പെയിനിനെ കളിച്ച് തോൽപ്പിക്കാമെന്ന വ്യാമോഹമൊന്നും കിരീടപ്പോരാട്ടത്തിനിറങ്ങുമ്പോ പോർച്ചുഗലിന് ഇല്ലായിരുന്നു. എന്നാല്‍ തുറന്ന ആക്രമണശൈലി വിട്ട്, കണിശതയോടെ സ്പാനിഷ് നീക്കങ്ങള്‍ ചെറുത്ത് പതിയിരുന്ന് ആക്രമിച്ച പോര്‍ച്ചുഗീസ് നീക്കങ്ങളില്‍ സ്പെയിന്‍ പതറി. അതേ അടവ് തന്നെയാകും ലോകകപ്പ് പ്രീക്വാര്‍ട്ടറിലും പോര്‍ച്ചുഗല്‍ പുറത്തെടുക്കുക. 

കണക്കില്‍ ചേട്ടന്‍ സ്പെയിന്‍

41 തവണ ഇരുടീമുകളും ഏറ്റുമുട്ടിയതില്‍ 18 വിജയം സ്പെയിനിനൊപ്പം. ഏഴു ജയം പോര്‍ച്ചുഗലിന്. 16 സമനില. ഇതില്‍ ലോകകപ്പിലെ ആറ് മല്‍സരങ്ങളില്‍ നാല് ജയം സ്പെയിന്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടെണ്ണം സമനിലയില്‍. റൊണാള്‍ഡോയുടെ ഹാട്രിക് കണ്ട 2018ലെ മൂന്ന് ഗോള്‍ ത്രില്ലര്‍ സമനിലയും ഇതില്‍പെടും. നേഷന്‍സ് ലീഗ് ഫൈനലിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ സ്പെയിന്‍ ലക്ഷ്യമിടുമ്പോള്‍, ലോകകപ്പില്‍ സ്പെയിനിനെ തോല്‍പിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് പറങ്കിപ്പടയുടെ ലക്ഷ്യം. ഐബീരിയന്‍ ഡര്‍ബിയില്‍ തീപാറുമെന്നുറപ്പ്. 

ENGLISH SUMMARY:

The 2026 World Cup features a high-stakes "Iberian Derby" in the Round of 16, as Spain faces Portugal in a clash between legendary veteran Cristiano Ronaldo and teenage sensation Lamine Yamal. Spain, boasting a formidable lineup and a stellar defensive record in the tournament, seeks revenge for their Nations League final defeat against the Portuguese last year. While Portugal’s campaign has been inconsistent, they rely on tactical discipline and defensive resilience, anchored by Nuno Mendes, to neutralize Spain's creative attacking force. With historical rivalry and intense tactical preparation on both sides, this match promises to be one of the most significant encounters in the tournament.