Norway's Erling Haaland (9) battles for the ball with Brazil's Douglas Santos (16) and Marquinhos (4) during the World Cup round of 16 soccer match between Brazil and Norway in East Rutherford, N.J., near New York, Sunday, July 5, 2026. (AP/PTI)
ഉദ്വേഗത്തോടെയും അങ്ങേയറ്റം സമ്മര്‍ദത്തോടെയുമാണ് ലോകമൊന്നാകെയുള്ള ബ്രസീല്‍ ആരാധകര്‍ നോര്‍വേയ്ക്കെതിരായ മത്സരം കണ്ടുതീര്‍ത്തത്. റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് നോർവേ ക്വാർട്ടർ ഫൈനലില്‍ കടന്നു. ബ്രസീല്‍ ആരാധകര്‍ക്ക് കണ്ണീര്‍, പ്രിയതാരം നെയ്മാര്‍ ഇന്‍ജുറി ടൈമിൽ ബ്രസീലിനായി ഒരു ഗോൾ മടക്കിയെങ്കിലും കാനറികൾക്ക് രക്ഷയായില്ല. തോറ്റ് ലോകകപ്പ് വേദിയില്‍ നിന്നും മഞ്ഞപ്പട പുറത്തേക്ക്.
സോഷ്യല്‍മീഡിയകളിലും ബ്രസീല്‍ ആരാധകരുടെ വേദനയും കണ്ണീരും നിഴലിച്ചു കാണാം, പോയകാലത്തെ നേട്ടങ്ങളിലൂടെയും ചാംപ്യന്‍മാരായ ലോകകപ്പ് സ്മരണകളിലൂടെയും പലരും ആശ്വാസം കണ്ടെത്തി. അര്‍ജന്റീന ആരാധകരുള്‍പ്പെടെ ഇടയ്ക്ക് കുത്തിയും ചവിട്ടിയും പരസ്പരം ട്രോളുകള്‍ പടച്ചുവിട്ടു. ഇതിനിടെയിതാ സോഷ്യല്‍മീഡിയയില്‍ സജീവമായ മോട്ടിവേഷണല്‍ സ്പീക്കര്‍ അഭിഷാദ് ഗുരുവായൂരിന്റെ വിഡിയോ ശ്രദ്ധിക്കപ്പെടുന്നു. ബ്രസീല്‍ ആരാധകര്‍ ഒരു പുറത്താകല്‍ കൊണ്ടൊന്നും പിന്‍മാറില്ലെന്നും അത്രമേല്‍ കരുത്തുറ്റ ഫുട്ബോള്‍ തലപ്പൊക്കമുള്ള ടീമാണ് തങ്ങളുടേതെന്നും കടുത്ത ബ്രസീല്‍ ആരാധകനായ അഭിഷാദ് ഗുരുവായൂര്‍ പറയുന്നു.
‘മരണം വരെ നമ്മള്‍ ബ്രസീല്‍ ആയിരിക്കും, ഫുട്ബോള്‍ എന്നു പറഞ്ഞാല്‍ ആ മഞ്ഞക്കളര്‍ തന്നെ.. ഒരു ബ്രസീല്‍ ആരാധകനും വിഷമിക്കരുത്, നമ്മളിന്നും നല്ല കളി തന്നെയാണ് കളിച്ചത്, ലോകത്തിനു ഫുട്ബോളിന്റെ മനോഹാരിത കാണിച്ചുകൊടുത്ത ടീമാണ് നമ്മള്‍, എങ്ങനെ ഫ്രീകിക്ക് എടുക്കാമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തതാണ് റോബര്‍ട്ടോ കാര്‍ലോസ്, മൈതാനത്ത് പന്തുകൊണ്ട് പൂക്കളം വരയ്ക്കാമെന്ന് പഠിപ്പിച്ചതാണ് റിവാള്‍ഡോ, അസാധ്യമായ ആങ്കിളുകള്‍ ഒന്നുമില്ലെന്ന് നെയ്മാര്‍ പഠിപ്പിച്ചില്ലേ... പിന്നെ റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, ഡ്രിബ്ലിങ് എന്താണെന്ന് ലോകം മനസിലാക്കിയത് ആ മനുഷ്യനെ കണ്ടാണ്. അത്ര ഭംഗിയും വശ്യതയും ചാരുതയും ഉള്ള താരങ്ങളാണ് ബ്രസീലിന്റേത്, ബ്രസീലിനു ബോള്‍ കിട്ടി ഒരു സൈഡിലേക്ക് തിരിയുമ്പോള്‍ ലോകം മൊത്തം ആ സൈഡിലേക്കു മാറും. ആ ബ്രസീലിനെ തോല്‍പ്പിക്കാന്‍ കുറെ യന്ത്രമനുഷ്യര്‍ നോര്‍വേ എന്ന പേരില്‍ വന്നു, അവര്‍ യന്ത്രമനുഷ്യന്‍മാരുടെ കളികളിച്ചു, അത് പോട്ടെ സാരമില്ല. നമുക്ക് മരണം വരെ ആ ടീം തന്നെ, നമ്മുടെ ലോകകപ്പ് കഴിഞ്ഞു, ഇനി അടുത്ത വേള്‍ഡ്കപ്പിനു കാണാം’– ഇതാണ് അഭിഷാദിന്റെ വാക്കുകള്‍
നോര്‍വേ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഇരട്ട ഗോളുകളാണ് ചരിത്ര വിജയം സമ്മാനിച്ചത്. ചരിത്രത്തിൽ ഇതുവരെ ബ്രസീലിന് നോർവേയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നതും ഈ മത്സരത്തോടെ ആവര്‍ത്തിക്കുകയാണ്. ഈ മത്സരത്തോടെ ഇതിഹാസതാരമായ നെയ്മാർ ജൂനിയർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
‘ഞാൻ പരമാവധി ശ്രമിച്ചു, ഒരുപാട് ശ്രമിച്ചു. എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. എവിടെയാണോ ഞാൻ തുടങ്ങിയത്, അവിടെത്തന്നെ ഇത് അവസാനിപ്പിക്കുന്നു’–എന്നായിരുന്നു മത്സരശേഷം വികാരാധീനനായി നെയ്മാര്‍ സംസാരിച്ചത്.