കരിയറിലെ അവസാന ലോകകപ്പിന്‍റെ പടിവാതിലിൽ നിൽക്കുമ്പോൾ വിമര്‍ശകര്‍ക്ക് മറുപടിയുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്‍റെ കരിയർ അവസാനിക്കാറായെന്നും, ടീമിലെ സ്ഥാനത്തെക്കുറിച്ച് വിമർശനങ്ങളുണ്ടെന്നും പറഞ്ഞവരോട്, ‘കഴിഞ്ഞ 23 വർഷമായി നിങ്ങൾ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്, പക്ഷേ അത് നടക്കില്ലെന്ന് നിങ്ങൾക്ക് ഇതിനകം മനസ്സിലായിട്ടുണ്ടാകും’ എന്നായിരുന്നു റൊണോള്‍ഡോയുടെ മറുപടി. സ്പെയിനിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. വിമർശനങ്ങൾ തന്നെ ബാധിക്കുന്നില്ലെന്നും, ആരാധകർ തന്നോടൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇത് തന്‍റെ അവസാനത്തെ ലോകകപ്പാണെന്ന് റൊണാള്‍ഡോ പ്രഖ്യാപിച്ചു. എന്നാൽ രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. ‘മുമ്പ് ഞാൻ പറഞ്ഞതുപോലെ, നിങ്ങൾ ആഗ്രഹിക്കുമ്പോൾ അല്ല, എനിക്ക് തോന്നുമ്പോള്‍ ഞാൻ അവസാനിപ്പിക്കും’– അദ്ദേഹം പറഞ്ഞു. ‘എല്ലാവരും വിരമിക്കുന്നതിനെ കുറിച്ച് ചോദിക്കുന്നു. ഞാൻ വീണ്ടും വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് നിങ്ങളുടെ മനസില്‍, അല്ലേ’– റൊണാള്‍ഡോ തമാശ രൂപേണ പറഞ്ഞു.
അതേസമയം, കരിയറിനെ കുറിച്ചോ വിരമിക്കലിനെ കുറിച്ചോ ഉള്ള ഈ ചോദ്യങ്ങളോ ചിന്തകരളോ ഒന്നും തന്നെ സമ്മര്‍ദത്തിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 41-ാം വയസ്സിലും ഗ്രൗണ്ടില്‍ തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഫുട്ബോളിനെക്കാൾ പ്രയാസം ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയുന്നതാണെന്നായിരുന്നു താരത്തിന്റെ തമാശ കലർന്ന മറുപടി. ഒപ്പം ലോകകപ്പ് നേടിയില്ലെങ്കിൽപ്പോലും തന്‍റെ കരിയറിൽ താൻ പൂർണ്ണ സംതൃപ്തനാണെന്നും എന്നും താൻ ക്രിസ്റ്റ്യാനോ തന്നെയായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ഒപ്പം വിമർശകർക്ക് നന്ദി പറയാനും റൊണാൾഡോ മറന്നില്ല. ‘കടുത്ത വിമർശനങ്ങളിൽ നിന്നാണ് നമ്മൾ വളരുന്നത്. എന്നെ വിമർശിക്കുന്നത് തുടരുക, അത് എന്നെ കൂടുതൽ കരുത്തനാക്കുന്നു’– താരം പറഞ്ഞു. ഇത് അവസാന മല്‍സരമാണോ എന്ന് എന്ന് നിങ്ങൾ ചോദിക്കുന്നു. നമുക്ക് കാണാം. അതിലേക്ക് ശ്രദ്ധ നല്‍കാന്‍ ഞാനാഗ്രഹിക്കുന്നില്ല നന്നായി കളിക്കുക എന്നതാണ് പ്രധാനമെന്നും എന്തു സംഭവിച്ചാലും പൂര്‍ണതൃപ്തിയോടെയായിരിക്കും മടങ്ങുകയെന്നും ക്രിസ്റ്റ്യാനൊ പറയുന്നു.
പ്രീക്വാർട്ടറിൽ കരുത്തരായ അതീവ ജാഗ്രതയോടെയായിരിക്കും സ്പെയിനിനെ നേരിടുക എന്നും അദ്ദേഹം പറഞ്ഞു. സ്പെയിനിന്റെ 18 വയസ്സുകാരൻ യമാലിനെ പ്രശംസിച്ച അദ്ദേഹം, വളരെയധികം ഭാവിയിയുള്ള കളിക്കാരനാണ് യമാലെന്നും വിമർശനങ്ങളെ നേരിടാൻ ശീലിക്കണമെന്നും പറഞ്ഞു. ‘ദൈവത്തിന്‍റെ അനുഗ്രഹത്താൽ നാളെ എന്‍റെ അവസാന മത്സരമായിരിക്കില്ല. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് എന്നെ കുറച്ചുകൂടി വിമർശിക്കാമല്ലോ’ എന്ന് പറഞ്ഞാണ് റൊണാൾഡോ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.