ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം നോർവെയിലെ മെറ്റെ-മാരിറ്റ് രാജകുമാരിയുടെ ആദ്യചിത്രം രാജകുടുംബം പുറത്തുവിട്ടു. കിരീടാവകാശി ഹോകോൺ രാജകുമാരനൊപ്പം കൊട്ടാരത്തിലിരുന്ന് നോർവെ-ബ്രസീൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ബ്രസീലിനെ തോൽപ്പിച്ച് നോർവെ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ആവേശകരമായ മത്സരത്തിനാണ് രാജദമ്പതികൾ സാക്ഷ്യം വഹിച്ചത്.
ജൂൺ പകുതിയോടെ ശസ്ത്രക്രിയയ്ക്കു വിധേയയായ രാജകുമാരി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെന്നും കൊട്ടാരത്തിൽ സായാഹ്നം ചെലവഴിച്ച ശേഷം മടങ്ങിയെന്നും രാജകുടുംബ വക്താവ് സ്ഥിരീകരിച്ചു.
രാജകുമാരിയുടെ അതിജീവനം
2018-ൽ സ്ഥിരീകരിച്ച പൾമണറി ഫൈബ്രോസിസ് രോഗം കഴിഞ്ഞ ആറുമാസത്തിനിടെ അതീവ ഗുരുതരമായി. ശസ്ത്രക്രിയ കൂടാതെ ഒരു വർഷത്തിൽ കൂടുതൽ ജീവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ വിധിച്ചതോടെ ശ്വാസകോശം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. ഓസ്‌ലോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 1973ല്‍ നോര്‍വയിലെ ക്രിസ്റ്റ്യാൻസാൻഡില്‍ ജനനം. 2001-ൽ ഹോകോൺ രാജകുമാരനുമായുള്ള വിവാഹശേഷം നോർവേയുടെ കിരീടാവകാശി. ഇൻഗ്രിഡ് അലക്സാൻഡ്ര രാജകുമാരി, സ്വെരെ മാഗ്നസ് രാജകുമാരൻ എന്നിവരാണ് മക്കള്‍. മുൻബന്ധത്തിൽ മരിയസ് ബോർഗ് ഹോയ്ബി എന്ന മകനുമുണ്ട്. വിവാഹിതയാകുമ്പോൾ എച്ച്ഐവി പോസിറ്റീവ് ആയിരുന്നു. അതുകൊണ്ടുതന്നെ വിവാഹവും രാജകുടുംബത്തിലേക്കുള്ള വരവും അസാധാരണ സംഭവമായി മാറി.
രാജകുടുംബത്തിന് കഠിനകാലം
ബലാത്സംഗം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾക്ക് മുൻബന്ധത്തിലുള്ള മകൻ മരിയസ് ബോർഗ് ഹോയ്ബിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ചിട്ട് അധികനാളുകളായില്ല.
മെറ്റെ-മാരിറ്റ് രാജകുമാരിയുടെ ആരോഗ്യനില മോശമായതിനാല്‍ ഓഗസ്റ്റിൽ നടത്താനിരുന്ന 25-ാം വിവാഹ വാർഷികാഘോഷങ്ങൾ മാറ്റിവച്ചു. ജെഫ്രി എപ്‌സ്റ്റീനുമായുള്ള മുൻകാല ബന്ധത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റെ-മാരിറ്റ് രാജകുമാരി അടുത്തിടെ രംഗത്തെത്തിയതും വാർത്തയായിരുന്നു