ഇംഗ്ലണ്ട് ടീം പരിശീലനത്തില്‍

മെക്സിക്കോയ്ക്കെതിരെ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിനിറങ്ങുന്ന ഇംഗ്ലണ്ടിന് അസ്റ്റെക്ക സ്റ്റേഡിയം തീര്‍ത്തും അഗ്നിപരീക്ഷയാണ്. ഇവിടെ കളിച്ച 89 മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് മെക്സിക്കോ ഇതുവരെ തോല്‍വി നേരിട്ടത്. എന്നാല്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഇതുവരെ ലോകകപ്പില്‍ തോല്‍പിക്കാന്‍ മെക്സിക്കോയ്ക്കായിട്ടില്ല

മെക്സിക്കന്‍ ആത്മവിശ്വാസം

ഈ ലോകകപ്പില്‍ സ്പെയിനിനെ കൂടാതെ,  ഇതുവരെ ഒറ്റഗോള്‍ പോലും വഴങ്ങാത്ത ഏക ടീമാണ് മെക്സിക്കോ. കഴിഞ്ഞ 12 മല്‍സരങ്ങളിലും ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയിട്ടില്ല. കഴിഞ്ഞ 11 മല്‍സരങ്ങളില്‍ വഴങ്ങിയത് രണ്ട് ഗോള്‍ മാത്രം. മികച്ച ഫോമിലാണ് ടീം. എന്നാല്‍ ലോകകപ്പില്‍ കളിച്ച 48 ടീമുകളില്‍ ഏറ്റവും കളിവേഗം കുറഞ്ഞ ആദ്യ ഏഴ് ടീമുകളില്‍ ഉള്‍പ്പെടും മെക്സിക്കോയും മെക്സിക്കോ തോല്‍പിച്ച ദക്ഷിണാഫ്രിക്കയും. അതേസമയം ഇംഗ്ലണ്ടിന്റെ എതിരാളിയായിരുന്ന ഘാനയേക്കാള്‍ വേഗത്തില്‍ മുന്നേറിയത് ആറ് ടീമുകള്‍ മാത്രമാണ്.  ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം ഇത്തവണയെങ്കിലും തിരുത്താമെന്ന പ്രതീക്ഷയിലാണ് ആതിഥേയരായ മെക്സിക്കോ. 1976, 1986 ലോകകപ്പുകളിലെ ക്വാര്‍ട്ടര്‍ഫൈനലാണ് ഇതുവരെയുള്ള മികച്ച പ്രകടനം. 

ഇംഗ്ലീഷ് കരുത്ത്

ലോകകപ്പ് വേദിയില്‍ മെക്സിക്കോയോട് ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല ഇംഗ്ലണ്ട്. 1966ലും, 1970ലും ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടി. 66ല്‍ 2–0നും 70ല്‍ 1–0നും വിജയിച്ചു. ലോകകപ്പില്‍ മെക്സിക്കോയോട് ഗോള്‍ വഴങ്ങിയിട്ടുമില്ല. തമ്മില്‍ ഇതുവരെ ഏറ്റുമുട്ടിയത് ഒന്‍പത് തവണ.  ആറു ജയം ഇംഗ്ലണ്ടിനും രണ്ട് ജയം മെക്സിക്കോയ്ക്കും സ്വന്തം. ഒരു സമനില. മെക്സിക്കന്‍ വലയില്‍ ഇംഗ്ലണ്ട് 24 ഗോളടിച്ചു കേറ്റിയപ്പോള്‍ മറുപടി നാലെണ്ണം മാത്രം. അവസാനം ഇരുടീമുകളും തമ്മില്‍ മല്‍സരിച്ചത് 26 വര്‍ഷം മുന്‍പ് വെംബ്ലിയില്‍. 3–1ന് ഇംഗ്ലണ്ട് ജയിച്ചു. എന്നാല്‍ ആദ്യം പതറുകയും അവസാന മിനിറ്റുകളില്‍ കത്തിക്കയറുകയും ചെയ്യുന്ന ഇംഗ്ലണ്ടിന്റെ  ഈ ലോകകപ്പിലെ പതിവ് രീതി മെക്സിക്കോയോട് ഫലം കാണണമെന്നില്ല. പ്രതിരോധക്കോട്ട ശക്തമാണ്. ആദ്യം ഗോളടിച്ചാലെ  മെക്സിക്കന്‍ മതില്‍ പൊളിക്കാന്‍ കഴിയു. 

അസ്റ്റെക്കയിലെ 'ഉയർന്ന' വെല്ലുവിളി 

മെക്സിക്കോയ്ക്കെതിരെ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിനിറങ്ങുന്ന ഇംഗ്ലണ്ടിന് അസ്റ്റെക്ക സ്റ്റേഡിയം ഉയര്‍ത്തുന്ന വെല്ലുവിളി ഒട്ടും ചെറുതല്ല. കണക്കുകള്‍ മാത്രമല്ല ഉയര്‍ന്ന പ്രദേശത്തെ സ്റ്റേഡിയവും പ്രതിബന്ധമാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 2,240 മീറ്റര്‍ ഉയരത്തിലാണ് അസ്റ്റെക്ക സ്റ്റേഡിയം. ഇവിടത്തെ അന്തരീക്ഷം കളിക്കാര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമാകും. യൂറോപ്പിൽ കളിച്ചു ശീലിച്ച ഫുട്ബോൾ താരങ്ങളെ സംബന്ധിച്ച് ഇത് തികച്ചും അപരിചിതമായ സാഹചര്യമാണ്. ഇവിടെ കളിക്കുക സ്വാഭാവികമായും മാനസിക സമ്മര്‍ദവും കൂട്ടും. ഇത്  നേരിടാനാണ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ കോച്ച് അനുമതി നല്‍കിയത്.  വയാഗ്ര ഉപയോഗിക്കുന്നതിലൂടെ രക്തക്കുഴലുകള്‍ വികസിക്കുകയും രക്തയോട്ടം മെച്ചെപ്പെടുകയും ഓക്സിജന്‍ കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാനും കഴിയും. ഉത്തേജകവിരുദ്ധ ഏജന്‍സി നിരോധിച്ചിട്ടില്ലാത്ത മരുന്നായതിനാല്‍ താരങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് തടസവുമില്ല. 

മെക്സിക്കന്‍ കോട്ട

അസ്റ്റെക്ക മെക്സിക്കോയ്ക്ക് കേവലം ഒരു ഗ്രൗണ്ട് മാത്രമല്ല. ഉരുക്കു കോട്ടയാണ്. ആ കോട്ട പൊളിച്ച് കയറിയവര്‍ അത്യപൂര്‍വം. ലോകഫുട്ബോളിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഹോം ഗ്രൗണ്ടുകളിലൊന്നായാണ് അസ്റ്റെക്ക അറിയപ്പെടുന്നത്. 1970, 86 ലോകകപ്പുകളിലെ പ്രധാന വേദി. ലോകകപ്പ്് ചരിത്രത്തില്‍ രണ്ട് ഫൈനലുകള്‍ നടന്ന ഏക സ്റ്റേഡിയം.. മൂന്ന് ലോകകപ്പുകള്‍ക്ക് വേദിയായ ആദ്യ സ്റ്റേഡിയം തുടങ്ങി പ്രത്യേകതകള്‍ ഏറെ. 1966 മുതല്‍ മെക്സിക്കോയുടെ ഹോം ഗ്രൗണ്ട്. ഇവിടെ മെക്സിക്കോ നേരിട്ട രണ്ട് തോല്‍വികളില്‍ അവസാനത്തേത് 2014 ലോകകപ്പ് യോഗ്യതാറൗണ്ടില്‍. ഹോണ്ടുറാസിനോട് 2–1ന് തോറ്റു. അതിന് ശേഷം ഇവിടെ കളിച്ച 26 മല്‍സരങ്ങളില്‍ ഒന്നിലും തോറ്റിട്ടില്ല. ഇതിന്റെ മറുവശം കൂടിയുണ്ട്. ഈ വർഷം ആദ്യം അസ്റ്റെക്കയിൽ പോർച്ചുഗലുമായി നടന്ന സൗഹൃദമത്സരത്തിൽ മെക്സിക്കോ ഗോൾരഹിത സമനില വഴങ്ങി. മറ്റ് പ്രധാന മത്സരങ്ങളിൽ ഭൂരിഭാഗവും ദുര്‍ബലരായ എതിരാളികളായിരുന്നു. ലോകറാങ്കിങ്ങില്‍ 30നുള്ളിലുള്ളവരെ നേരിടേണ്ടി വന്നിട്ടില്ല.

ENGLISH SUMMARY:

England faces a daunting challenge in their World Cup knockout match against host nation Mexico at the iconic Estadio Azteca. While England holds a historically strong record against Mexico in World Cup encounters, having never lost to them, Mexico remains an formidable force at home, having lost only two out of 89 matches at this venue. The game is further complicated by the stadium's high altitude (approx. 2,240 meters), which poses significant physical challenges due to low oxygen levels. Consequently, England's medical team has permitted players to use Viagra—which is not a banned substance by WADA—to improve blood flow and combat altitude-related fatigue. With Mexico's impressive defensive record and England's need to overcome unique environmental factors, this match promises to be an intense tactical battle.