അര്‍ജന്‍റീനയെ നോക്കൗട്ടില്‍ വെള്ളം കുടിപ്പിച്ച് മടങ്ങിയ കാബോ വെര്‍ദെ താരങ്ങളെ കുറിച്ച് മെസി പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അവസാന നിമിഷം വരെ പൊരുതിയ ലോകകപ്പിലെ കുഞ്ഞന്‍മാര്‍ ചാംപ്യന്‍മാരായ മെസിപ്പടയെ വിറപ്പിച്ചാണ് പുറത്തായത്. ' കളിക്കളത്തില്‍ വച്ച് എന്നെ കശക്കിയെറിഞ്ഞതാണവര്‍, കളി കഴിഞ്ഞതും ഓടി വന്നു, ജഴ്സിയും ഫോട്ടോയും എന്ന് വേണ്ട എല്ലാം അവര്‍ക്ക് വേണം' –മെസി അര്‍ജന്‍റൈന്‍ മാധ്യമത്തോട് തമാശയായി പറഞ്ഞു. 

കളി കഴിഞ്ഞതിന് പിന്നാലെ ഇന്‍റര്‍വ്യൂ നല്‍കിക്കൊണ്ടിരുന്ന മെസിക്കരികിലേക്ക് കാബോ വെര്‍ദെ താരങ്ങള്‍ ഓടിയെത്തുകയും തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും സ്നേഹം പ്രകടിപ്പിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. സ്നേഹത്തോടെ എല്ലാവര്‍ക്കുമൊപ്പം ചിത്രം പകര്‍ത്തിയ മെസി, കാബോ വെര്‍ദെയുടെ ഹീറോ വൊസീഞ്ഞയ്ക്ക് ജഴ്സി സമ്മാനിച്ചാണ് മടങ്ങിയതും. കളി കഴിഞ്ഞ് താന്‍ മെസിയെ കാണാന്‍ പോയെന്നും ആലിംഗനം ചെയ്ത ശേഷം, മെസി തന്നെ അഭിനന്ദിച്ചെന്നും വൊസീഞ്ഞ വെളിപ്പെടുത്തിയിരുന്നു. 'മെസിയെ പോലെയൊരാളുടെ നല്ല വാക്കുകള്‍ക്ക് പകരം വയ്ക്കാന്‍ ഒന്നുമില്ല. ജഴ്സി കൈമാറാമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഇന്‍റര്‍വ്യൂ കഴിയുമ്പോള്‍ തരാമെന്ന് അദ്ദേഹം പറഞ്ഞു'വെന്നും വൊസീഞ്ഞ വ്യക്തമാക്കി.

തന്നെ വെള്ളം കുടിപ്പിച്ചവരെന്ന് കാബോ വെര്‍ദെയെ കുറിച്ച് മെസി പറഞ്ഞത് സത്യവുമായിരുന്നു. അഞ്ചുവട്ടമാണ് മെസിയെ ഫൗള്‍ ചെയ്തത്. 29–ാം മിനിറ്റില്‍ കാബോ വെര്‍ദെയുടെ പ്രതിരോധം ഭേദിച്ച് മെസി ഗോളടിക്കുകയും ചെയ്തു. ' വലിയ പ്രയത്നമാണ് ഞങ്ങള്‍ക്ക് വേണ്ടി വന്നത്. എപ്പോഴത്തെയും പോലെ നന്നായി കളിച്ചു. ഇനി വിശ്രമിക്കുകയും വരുന്ന മല്‍സരത്തിനായി ഒരുങ്ങുകയുമാണ് വേണ്ടത്. ഈ കളിയിലെ പോസിറ്റീവായ കാര്യങ്ങള്‍ മാത്രം ഉള്ളിലേക്കെടുത്ത് കൂടുതല്‍ മെച്ചപ്പെടണം. പിഴവ് പറ്റിയ ഇടങ്ങളില്‍ തിരുത്തും'- എന്നും മെസി ഇഎസ്പിഎന്നിനോട് പറഞ്ഞു. 

കാബോ വെര്‍ദെയ്ക്കെതിരായ മല്‍സരം കടുപ്പമാകുെമന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും സ്പെയിനോടും യുറഗ്വായോടും തോല്‍ക്കാത്ത ടീമിനെയാണ് നേരിടുന്നതെന്ന് അറിയാമായിരുന്നുവെന്നും മെസി പറഞ്ഞു. 'ആദ്യ ഗോള്‍ കണ്ടെത്തുകയെന്ന ശ്രമകരമായ ജോലി ഞങ്ങള്‍ വേഗത്തില്‍ ചെയ്തു. ആദ്യം ഗോളടിച്ചാല്‍ ബാക്കിയെല്ലാം ഈസിയാകുമെന്നാണ് കരുതിയത്. പക്ഷേ അതിന് വിരുദ്ധമായാണ് സംഭവിച്ചത്. പന്ത് കൈ വിട്ടു, കാബോ വെര്‍ദെയെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ അവരുടെ സര്‍വശക്തിയുമെടുത്ത് കളിച്ചു. നോക്കൗട്ടില്‍ ആരും ഒന്നും സൗജന്യമായി തരില്ല'- മെസി വിശദീകരിച്ചു. 90 മിനിറ്റും ചാംപ്യന്‍മാരെ പൂട്ടിയ കളിയാണ് കാബോ വെര്‍ദെ ടീം പുറത്തെടുത്തത്. രണ്ടുവട്ടം എമിലിയാനോ മാര്‍ട്ടിനസിനെ കാഴ്ചക്കാരനാക്കി ഗോളടിക്കുകയും ചെയ്തു. അവസാന നിമിഷത്തെ പിഴവില്ലായിരുന്നുവെങ്കില്‍ മല്‍സരഫലം ഒരു പക്ഷേ മറ്റൊന്നായേനെ. 

ENGLISH SUMMARY:

Following a grueling and narrow victory over Cape Verde in the 2026 World Cup knockout stage, Lionel Messi shared a humorous and lighthearted reaction to his opponents' post-match antics. The Argentine captain jokingly remarked that despite being physical and "beating him up" on the pitch for ninety minutes, the Cape Verde players were eager to embrace him, take selfies, and swap jerseys immediately after the final whistle. Messi praised the resilience of the underdogs, acknowledging that they pushed Argentina to their absolute limit throughout the intense contest. Cape Verde goalkeeper Vozinha, who shared a heartwarming moment with the icon, later expressed his deep appreciation for Messi’s kindness and words of encouragement. Although Argentina ultimately secured the win to advance in the tournament, Messi highlighted the competitive nature of the knockout phase where every opponent fights with everything they have. This viral exchange serves as a testament to the mutual respect between football's greatest player and a spirited underdog nation that captured hearts across the globe.