Image Credit:x/m10update

അര്‍ജന്‍റീന– കാബോ വെര്‍ദെ മല്‍സര ശേഷം മെസിയുടെ ഇന്‍റര്‍വ്യുൂ നടക്കുകയാണ്, ഇതിനിടയിലേക്ക് കാബോ വെര്‍ദെ ടീം അംഗങ്ങള്‍ ഓരോരുത്തരായി ഓടിക്കയറി.. ശ്ശ്... ഒന്ന് നിര്‍ത്തിക്കേ, ഒരു ഫോട്ടോയെടുത്തോട്ടെ.. പിന്നെ സെല്‍ഫിപ്പൂരം. മെസിക്കൊപ്പം തോളില്‍ കയ്യിട്ടും, കെട്ടിപ്പിടിച്ചും കാബോ വെര്‍ദെ ടീം അംഗങ്ങള്‍ ഫോട്ടെയെടുത്തു. കാണാന്‍ കൊതിച്ച താരത്തെ, ഫുട്ബോളിന്‍റെ മശിഹയെ വെള്ളം കുടിപ്പിച്ച പത്രാസൊന്നും അവര്‍ക്കുണ്ടായില്ല. മെസിയും ചിരിച്ച് സന്തോഷത്തോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഒപ്പം നിന്നു. 

ലോകകപ്പില്‍ കുഞ്ഞന്‍മാരായെത്തി വമ്പന്‍മാരായി മടങ്ങുകയാണ് കാബോ വെര്‍ദെയെന്ന ദ്വീപുരാഷ്ട്രം. തുടക്കക്കാരുടെ പകപ്പേതുമില്ലാതെ വമ്പന്‍മാരോട് സമനില പിടിച്ച് നോക്കൗട്ടോളമെത്തി. നോക്കൗട്ടില്‍ നിശ്ചിത സമയത്തും അധികസമയത്തിന്‍റെ അവസാന നിമിഷം വരെയും ലോക ചാംപ്യന്‍മാരെ വെള്ളം കുടിപ്പിച്ചു. കാബോ വെര്‍ദെയുടേത് കിടിലന്‍ ഗെയിമായിരുന്നുവെന്നും അവരോട് വലിയ ബഹുമാനമാണുള്ളതെന്നും സാക്ഷാല്‍ മെസിയുടെ വാഴ്ത്തും.

'എന്‍റെ കളിക്കാരെയോര്‍ത്ത് അഭിമാനമാണ്. അവര്‍ സധൈര്യം, സാഭിമാനം കളിച്ചു' - എന്നായിരുന്നു മല്‍സര ശേഷം കോച്ച് ബുബിസ്റ്റയുടെ വാക്കുകള്‍. 'ഞങ്ങള്‍ ചരിത്രമെഴുതി മടങ്ങുകയാണ്. ഇത് ഞങ്ങളുടേത് മാത്രമല്ല, ഞങ്ങളെപ്പോലെ ലോകകപ്പ് യോഗ്യത നേടാന്‍ കഷ്ടപ്പെടുന്ന രാജ്യങ്ങളുടേതുമാണീ ചരിത്രം. പഠിനമായി പ്രയത്നിച്ചാല്‍,ലക്ഷ്യം മാത്രം മുന്നില്‍ വച്ചാല്‍ അവര്‍ക്കും ഒരുനാള്‍ വരും'- ബുബിസ്റ്റ കൂട്ടിച്ചേര്‍ത്തു. 'ഡ്രസിങ് റൂമിലാകെ സങ്കടമാണ്. ലോകകപ്പില്‍ നിന്ന് പുറത്തു പോകേണ്ടി വരുന്നത് സങ്കടകരമാണ്. ഞങ്ങള്‍ ജയത്തോട് അത്രയുമടുത്തെത്തിയിരുന്നു. ഒരാത്മാവായാണ് ഈ 11 പേരും കളിച്ചത്. അതിലെനിക്ക് അഭിമാനമുണ്ട്. ഏറ്റവും മികച്ച കളിയാണ് ഞങ്ങള്‍ പുറത്തെടുത്തത്. ആരാധകര്‍ക്കും കാബോ വെര്‍ദെയിലെ ജനങ്ങള്‍ക്കും നന്ദി'- ബുബിസ്റ്റ പറഞ്ഞു.

ENGLISH SUMMARY:

Following their intense World Cup knockout clash against Argentina, the Cape Verde squad shared a heartwarming, viral moment with Lionel Messi during his post-match interview. Instead of harboring frustration over their narrow defeat, the Cape Verde players excitedly approached the Argentine captain, eager to take selfies and pose for photos with the legendary forward. Despite pushing the world champions to their absolute limit for over 120 minutes, the underdogs displayed immense humility and admiration for their idol, while Messi reciprocated with genuine warmth and patience. Cape Verde departs the tournament as one of the competition's biggest success stories, having shocked football fans worldwide with their resilience and skill. Coach Bubista expressed immense pride in his team's historic journey, noting that while the dressing room was filled with understandable sadness, they leave with heads held high. This touching exchange between Messi and his Cape Verde "fan boys" has since become one of the most memorable and talked-about images of the 2026 FIFA World Cup, symbolizing the unifying power of the beautiful game.