ലോകകപ്പില്‍ ഒരുമല്‍സരവും ജയിക്കാത്ത ഒരുരാജ്യം. ഇന്ന് ദാ ലോകത്തെ ജയിച്ചുനില്‍ക്കുന്നു. ഫുട്ബോള്‍ ഇന്‍ സണ്‍ ആന്‍ഡ് ഷാഡോ എന്ന രചനയില്‍, എഡ്വേര്‍ഡോ ഗലിയാനോ പറയുന്നുണ്ട്. ഡിഫന്‍സിന്‍റെ മനോഹാരിതയെക്കുറിച്ച്. ഡിഫന്‍സ് എന്ന കലയെക്കുറിച്ചും. പാവ്ലോ മാല്‍ദീനീ, നെമന്യ വിദിച്ച്, വിര്‍ജില്‍ വാന്‍ ദിക്, ഇപ്പോള്‍ ദാ നുനൊ മെന്‍ഡിസുമൊക്കെ ഡിഫന്‍സ് എന്ന കലയിലൂടെ കളിയിലെ ലീനമായ രസവിദ്യ നമുക്ക് കാട്ടിത്തരുന്നവരാണ്. ഓരോ കാലത്തും ഓരോരുത്തര്‍. ഡിഫന്‍സ് ഒരസാമാന്യ കലയാണ്. അതിന്‍റെ മൂര്‍ത്തമായ ഉദാഹരണമാണ് ഗോള്‍കീപ്പര്‍മാര്‍.
ഒരുസംഘം കളിക്കാര്‍ കരുത്തും തന്ത്രവുമുപയോഗിച്ച് നെയ്തെടുക്കുന്ന ഒരുനീക്കം പെനല്‍റ്റി ബോക്സിലേക്ക് കടക്കുമ്പോള്‍ കൈകള്‍ വലപോലെ വിരിച്ച് സ്വതന്ത്രനായ ഒരു മനുഷ്യന്‍ നില്‍പ്പുണ്ടാകും. പന്ത് അയാള്‍ ഏതുപ്രകാരവും തടയും. അപ്പോള്‍ സൃഷ്ടപരമായ ഒരു പ്രവര്‍ത്തിയെ നിര്‍വീര്യമാക്കുന്നതായി നമുക്ക് തോന്നും. അത് അവര്‍ ചെയ്യുന്ന പ്രവര്‍ത്തിയിലെ അന്ത്യം കാണാതെ പോകുമ്പോഴാണ്. ഗോള്‍വലയ്ക്കു കീഴെ അങ്ങനെ നിരന്തരം കലാപരമായ, മനോഹരമായ നീക്കങ്ങള്‍ സൃഷ്ടിച്ചതുകൊണ്ടാണ് ലെവ് യാഷിനും, പീറ്റര്‍ ഷ്മിഷേലും, ചിലാവര്‍ട്ടും, ഹിഗ്വിറ്റയും, വോസിഞ്ഞോയും നമ്മുടെ മനസില്‍ ഇടംപിടിച്ചത്. പ്രതിരോധകലയുടെ ആരംഭം ഗോള്‍കീപ്പറില്‍ തുടങ്ങുന്നു.
ഇനി ഈ ലോകകപ്പിലേക്ക് വരാം. ഡിഫന്‍സീവ് ഗെയിമിന്‍റെ മനോഹാരിത തീര്‍ത്തത് കാബോ വെര്‍ദെ ആയിരുന്നു. പതിഞ്ഞതാളത്തില്‍ ഒരുസംഘനൃത്തം പോലെ അവരത് ചെയ്തു. ആക്രമണകലയുടെ പരിമിതി സ്വയം മനസിലാക്കിയതുകൊണ്ടാണ് അവര്‍ പ്രതിരോധകലയുടെ പരിമിതിയിലേക്ക് ചുരുങ്ങിയത്. ആക്രമണകലയില്‍ എതിരാളിയ്ക്കുള്ള മൂര്‍ച്ചയും അവരറിഞ്ഞു. അതുമനസിലാക്കിയ കാബോ പ്രതിരോധത്തിലേക്ക് ചുരുങ്ങി. എന്നിട്ട് അവരത് മനോഹരമായി, മറ്റാരെക്കാളും നന്നായി ചെയ്തു. ഒരുകളിയിലും അവര്‍ ജയിച്ചില്ല. നേര്. പക്ഷേ ഒരിടത്തും അവര്‍ തോറ്റതുമില്ല. രണ്ടുലോക ചാമ്പ്യന്‍മാരാണ് കാബോ വെര്‍ദെയുടെ പ്രതിരോധകലയില്‍ വെള്ളം കുടിച്ചത്.
ഒരു മല്‍സരവും ജയിക്കാത്ത കാബോ, പ്രതിരോധകലകൊണ്ട് ലോകകപ്പിന്‍റെ നോക്കൗട്ടില്‍ പ്രവേശിച്ചു. ലോകത്തിന്‍റെ കയ്യടിയും നേടി. ആക്രമണകലയുടെ അപ്പോസ്തലന്‍മാരായ യുറഗ്വോയും, സ്പെയിനും അവര്‍ക്കുമുന്നില്‍ എന്തുനേടി? സ്വയമറിയാത്തതും, വഴങ്ങാത്തതുമായ കലയ്ക്കുപിന്നാലെപോകുമ്പോഴല്ല, നന്നായി പരിചയിച്ച, ശീലിച്ച പരിമിതകല പ്രാവര്‍ത്തികമാക്കുമ്പോഴാണ് ചന്തം നിറയുന്നത്. ഈ പ്രവര്‍ത്തിയിലൂടെ പ്രതിരോധകലാകാരന്‍മാര്‍ ഒരുവിഭാഗം ആളുകളുടെ നൈരാശ്യവും, വിദ്വേഷവും നേരിടുന്നുണ്ടെങ്കലും. ഗ്രീസ് യൂറോ കപ്പ് ജയിച്ചത് പ്രതിരോധ കലകൊണ്ടായിരുന്നു. ആയോധന കല ഫുട്ബോളിലും പ്രകടമാണ്. ആയോധന കല ആക്രമണത്തിന്‍റെതുമാത്രമല്ല, പ്രതിരോധത്തിന്‍റെതുകൂടിയാണ്. കാണികളെ രസിപ്പിക്കുക മാത്രമല്ല കാല്‍പന്തുകളിയുടെ ലക്ഷ്യം. ജയം കൂടിയാണ്. കാബോ വെര്‍ദെ ഒന്നുകൂടി ഓര്‍മിപ്പിക്കുന്നുണ്ട്. സ്വപ്നങ്ങള്‍ ആരുടെയും അനുവാദം ചോദിക്കുന്നില്ല, ജനസംഖ്യയുടെ കണക്കെടുക്കുന്നില്ല. ആരുടെയും അനുമതിയ്ക്ക് കാത്തുനില്‍ക്കുന്നുമില്ല.