അവസാന ഗ്രൂപ്പ് മല്‍സരത്തിലെ വിജയത്തിളക്കത്തിലും സ്പെയിനിന് ആശങ്കയായി പരുക്ക്. ഇതോടെ വിങ്ങുകളിൽ മികച്ച താരങ്ങളില്ലാതെ വലയുകയാണ് സ്പെയിന്‍. 

യുറഗ്വായ്ക്കെതിരായ മല്‍സരത്തില്‍ വിങ്ങർമാരായ നിക്കോ വില്യംസിനും യെറമി പിനോയ്ക്കും പരുക്കേറ്റത് സ്പെയിനിന്റെ മുന്നോട്ടുള്ള കുതിപ്പിന് തിരിച്ചടിയായേക്കും. തുടയിലെ പേശിവലിവ് മൂലം നിക്കോ വില്യംസിന് കളം വിടേണ്ടി വന്നു. അവസാന നിമിഷങ്ങളിൽ തോളിന് പരിക്കേറ്റെങ്കിലും യെറമി പിനോ മല്‍സരം പൂര്‍ത്തിയാക്കി. പിനോയുടെ തോളിന് പൊട്ടലുണ്ടെന്നും  ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടമാകുമെന്നും പരിശീലകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞെങ്കിലും വിദഗ്ധ പരിശോധനയിൽ തോളെല്ലിന് പൊട്ടലില്ലെന്ന് വ്യക്തമായി. യുറഗ്വായ്ക്കെതിരായ മത്സരത്തിലെ കനത്ത കൂട്ടിയിടിയെത്തുടർന്നാണ് നിക്കോ വില്യംസിന്റെ വലത് തുടയിലെ പേശികൾക്ക് പരുക്കേറ്റത്. വില്യംസിന്റെ ലമീൻ യമാലിന്റെയും കാര്യത്തിൽ ആശങ്കകളോടെയാണ് സ്പെയിൻ ടൂർണമെന്റിനെത്തിയത്. ഫിറ്റ്നസ് വീണ്ടെടുത്തതിന് പിന്നാലെയാണ് നീക്കോ വില്യംസിന് വീണ്ടും പരുക്കേറ്റത്.   വിക്ടർ മുനോസിന് കാലിനേറ്റ പരിക്കുമൂലം ലോകകപ്പിൽ ഇനിയും അരങ്ങേറാനായിട്ടില്ല. വില്യംസും പിനോയും മുനോസും കളിക്കാനില്ലെങ്കിൽ, കാബോ വെർദെയ്ക്കെതിരായ പരീക്ഷിച്ചതുപോലെ ഗാവിയെ ഇടത് വിങ്ങിലേക്ക് തിരികെ കൊണ്ടുവന്നേക്കും. മറ്റൊരു സാധ്യത മൈക്കിൾ ഒയർസബാളിനെ ഇടത് വിങ്ങിലേക്ക് മാറ്റുകയെന്നതാണ്. ഫെറാൻ ടോറസ് അല്ലെങ്കിൽ ബോർഹ ഇഗ്ലേസിയസിനെ സെന്റര്‍ ഫോർവേഡായി ഇറക്കി, യമാലിനെ വലത് വിങ്ങിൽ കളിപ്പിക്കേണ്ടി വരും

ENGLISH SUMMARY:

Spain football injuries are a growing concern following their last group match win, with key wingers Nico Williams and Yeremy Pino sustaining injuries that could impact their World Cup campaign. Spain is now facing a shortage of talented wingers as they prepare for upcoming matches.