Image Credit: AFP

ലോകകപ്പിന്‍റെ രണ്ടാം നോക്കൗട്ട് മല്‍സര ക്രമമായി. നാലു ദിവസങ്ങളിലായി നടക്കുന്ന എട്ട് മല്‍സരങ്ങള്‍ക്കൊടുവില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ആരൊക്കെയന്ന് അറിയാം. ആതിഥേയരായ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവര്‍ റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടിയെന്നതാണ് കൗതുകം. 

ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് കാനഡ– മൊറോക്കോ പോരാട്ടം. ആദ്യ നോക്കൗട്ടില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കാനഡ പ്രീക്വാര്‍ട്ടറിലേക്ക് എത്തിയത്. കാനഡയുടെ ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് നോക്കൗട്ടിലും കടക്കുന്നത്. അഷ്റഫ് ഹക്കീമിയും ബ്രയീം ഡയസുമാണ് മൊറോക്കോയുടെ കരുത്ത്. 2022  ഖത്തര്‍ ലോകകപ്പില്‍ സെമി ഫൈനലോളമെത്തിയ ടീമാണ് മൊറോക്കോ. മൊറോക്കോയുടെ കടന്നാക്രമണങ്ങളെ കാനഡയുടെ പ്രതിരോധ നിര എങ്ങനെ ചെറുക്കുമെന്നതിലാകും മുന്നോട്ടുള്ള യാത്ര നിശ്ചയിക്കപ്പെടുക. പോരാട്ടം പൊടിപാറുമെന്ന് ചുരുക്കം.

നാളെ പുലര്‍ച്ചെ രണ്ടരയ്ക്ക് ടൂര്‍ണമെന്‍റിലെ ഹോട്ട് ഫേവറൈറ്റ്സായ ഫ്രാന്‍സ് പാരഗ്വായെ നേരിടും. ജര്‍മനിയെ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ അട്ടിമറിച്ച് എത്തിയ പാരഗ്വായ് ഫ്രാന്‍സിന്‍റെ ആക്രമണങ്ങളെ എങ്ങനെ നേരിടുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കിലിയന്‍ എംബപെ, ഡെംബലെ, ഒലിസെ എന്നിവരടങ്ങുന്ന നിര പാരഗ്വായ്ക്ക് വലിയ വെല്ലുവിളിയാകുമെന്നതില്‍ തര്‍ക്കമില്ല. ഗ്രൂപ്പിലും നോക്കൗട്ട് ആദ്യഘട്ടത്തിലുമായി 13 ഗോളുകള്‍ ഫ്രാന്‍സ് ഇതിനകം അടിച്ചുകൂട്ടിയിട്ടുണ്ട്. അതിവേഗമുള്ള മുന്നേറ്റം ഫ്രാന്‍സിന് കരുത്താകുമ്പോള്‍ പ്രതിരോധക്കോട്ട കെട്ടിപ്പൂട്ടാനാകും പാരഗ്വായ്​യുടെ ശ്രമം. 

ജൂലൈ ആറിന് പുലര്‍ച്ച ഒന്നരയ്ക്ക് ബ്രസീല്‍– നോര്‍വെയെയും രാവിലെ അഞ്ചരയ്ക്ക് മെക്സിക്കോ ഇംഗ്ലണ്ടിനെയും നേരിടും. ജൂലൈ ഏഴിന് പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് പോര്‍ച്ചുഗല്‍– സ്പെയിന്‍ പോരാട്ടം. രാവിലെ അഞ്ചരയ്ക്ക് യുഎസ്എ ബല്‍ജയത്തെയും നേരിടും. ജൂലൈ ഏഴിന് രാത്രി ഒന്‍പതരയ്ക്കാണ് അര്‍ജന്‍റീന–ഈജിപ്ത് പോരാട്ടം. എട്ടിന് പുലര്‍ച്ചെ ഒന്നരയ്ക്ക് സ്വിറ്റ്സര്‍ലന്‍ഡ് കൊളംബിയയെയും നേരിടും. 

ENGLISH SUMMARY:

The 2026 FIFA World Cup has officially entered the high-stakes Round of 16, with eight thrilling knockout matches set to determine who advances to the quarter-finals. The lineup features iconic international rivalries and historic underdog stories, including Canada facing off against Morocco and a blockbuster clash between Portugal and Spain. Fans are eagerly anticipating the match-ups, which include major encounters like Brazil against Norway and Argentina taking on Egypt in what promises to be a battle for survival. Each of these eight matches will be played over the next four days across host cities in the USA, Canada, and Mexico, ensuring a global celebration of football excellence. As the tournament progresses, the pressure intensifies, with no room for error for the teams vying for the championship title. Supporters around the world are locked in as the race for the trophy narrows down to the elite remaining contenders.