ഒരു കളി തോറ്റാൽ നമ്മൾ എത്ര ദിവസം സങ്കടപ്പെടും? ഒരു ദിവസം മുഴുവന്‍? അല്ലെങ്കിൽ ഒരു ആഴ്ച? എന്നാൽ ഒരു തോൽവിയുടെ പേരിൽ 50 വർഷം ഒരു രാജ്യം മുഴുവൻ വേട്ടയാടിയ ഫുട്ബോൾ താരമുണ്ട് – ബ്രസീലിന്റെ ഇതിഹാസ ഗോൾകീപ്പർ മോവാസിർ ബാർബോസ!
വർഷം 1950. ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്നത് ബ്രസീലിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ. സ്വന്തം നാട്ടുകാർക്ക് മുന്നിൽ ബ്രസീലിന് കിരീടം നേടാൻ ഒരു സമനില മാത്രം മതിയായിരുന്നു. എതിരാളികൾ അയൽക്കാരായ യുറഗ്വായ്. രണ്ട് ലക്ഷത്തോളം കാണികളാണ് അന്ന് സ്റ്റേഡിയത്തിൽ ഇരച്ചുകയറിയത്. ബ്രസീൽ കപ്പടിക്കുമെന്ന് ഉറപ്പിച്ച് രാജ്യം മുഴുവൻ നേരത്തെ തന്നെ ആഘോഷം തുടങ്ങി. പക്ഷെ, കളി അവസാനിക്കാൻ 11 മിനിറ്റ് ബാക്കിയുള്ളപ്പോൾ വിധി മറ്റൊന്നായിരുന്നു. യുറഗ്വായ് താരം അൽസൈഡെസ് ഗിജിയ തൊടുത്ത ഒരു ഷോട്ട് ബാർബോസയുടെ കൈകളെ മറികടന്ന് വലയിൽ കയറി. മാരക്കാന സ്റ്റേഡിയം ഒരു ശ്മശാനം പോലെ നിശബ്ദമായി. ബ്രസീൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റു.
ആ ഒരൊറ്റ ഗോളിന്‍റെ ഉത്തരവാദിത്തം മുഴുവന്‍ ബ്രസീൽ ജനത ചാർത്തിക്കൊടുത്തത് ബാർബോസയുടെ തലയിലാണ്. അതുവരെ രാജ്യത്തിന്‍റെ നായകനായിരുന്ന ബാർബോസ, ഒറ്റ രാത്രികൊണ്ട് പ്രതിനായകനായി മാറി. 22 വർഷം നീണ്ട മികച്ച കരിയർ ഉണ്ടായിരുന്നിട്ടും ജീവിതകാലം മുഴുവൻ പൊതുസമൂഹത്തിൽ നിന്ന് അയാള്‍ അവഗണന നേരിട്ടു. ആളുകൾ അദ്ദേഹത്തെ തെരുവിൽ വെച്ച് ശപിച്ചു. കടകളിൽ കയറാൻ പോലും സമ്മതിച്ചില്ല.
വംശീയമായ വിഭജനങ്ങൾ നിലനിന്നിരുന്ന ആ രാജ്യത്ത്, ഒരു കറുത്ത വർഗ്ഗക്കാരൻ എന്ന നിലയിലും അദ്ദേഹം കടുത്ത അധിക്ഷേപങ്ങൾക്കും ഒറ്റപ്പെടുത്തലിനും ഇരയായി. അതിനുശേഷം ഒരിക്കലും ബ്രസീലിന് വേണ്ടി കളിക്കാൻ ബാര്‍ബോസയ്ക്ക് കഴിഞ്ഞില്ല. ഈ അപമാനം തുടർന്നുള്ള 50 വർഷത്തോളം അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. ‘ബ്രസീലിനെ മുഴുവൻ കരയിപ്പിച്ച മനുഷ്യൻ’ എന്ന് ജനം അദ്ദേഹത്തെ വിളിച്ചു. വർഷങ്ങൾക്ക് ശേഷവും ഒരു കടയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോൾ, ഒരു സ്ത്രീ തന്‍റെ ചെറിയ മകനോട് തന്നെ ചൂണ്ടി ‘ബ്രസീലിനെ മുഴുവൻ കരയിപ്പിച്ച മനുഷ്യനാണ് അയാള്‍’ എന്ന് പറയുന്നത് കേൾക്കേണ്ടി വന്ന ഹൃദയഭേദകമായ അനുഭവം ബാർബോസ പങ്കുവെച്ചിട്ടുണ്ട്.
അതെ ...സ്വന്തം രാജ്യം അയാളെ ജീവിതാവസാനം വരെ ഒരു കുറ്റവാളിയെപ്പോലെ മാറ്റിനിർത്തി. വർഷങ്ങൾക്ക് ശേഷം, മരണത്തിന് തൊട്ടുമുമ്പ് ബാർബോസ പറഞ്ഞ വാക്കുകൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കടകരമായതാണ്: ‘ബ്രസീലിലെ നിയമപ്രകാരം ഏറ്റവും വലിയ കുറ്റകൃത്യത്തിന് പോലും പരമാവധി ശിക്ഷ 30 വർഷമാണ്. എന്നാൽ ഞാൻ ചെയ്യാത്ത ഒരു കുറ്റത്തിന്, കഴിഞ്ഞ 50 വർഷമായി ഇവിടെ ശിക്ഷ അനുഭവിക്കുകയാണ്.’
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ബര്‍ബോസയെ കമന്റേറ്ററായോ പരിശീലകനായോ ജോലി ചെയ്യാൻ പോലും അനുവദിച്ചില്ല; അദ്ദേഹത്തിന്‍റെ സാന്നിധ്യം നിർഭാഗ്യം കൊണ്ടുവരുമെന്ന് അവർ വിശ്വസിച്ചു. തന്‍റെ ജീവിതത്തിലെ നിര്‍ഭാഗ്യകരമായ ഓര്‍മകള്‍ എന്നെന്നേക്കുമായി മായ്ക്കാന്‍ 1950-ലെ മരക്കാന സ്റ്റേഡിയത്തിലെ യഥാർത്ഥ മരപ്പോസ്റ്റുകൾ ബാര്ബോസ തന്‍റെ വീട്ടുമുറ്റത്തിട്ട് കത്തിച്ചു കളഞ്ഞു.
2000-ൽ,തന്‍റെ 79-ാം വയസ്സിൽ തികച്ചും ഒറ്റപ്പെട്ടവനായി, ദരിദ്രനായിട്ടായിരുന്നു ബാർബോസയുടെ മരണം. ഫുട്ബോൾ ആരാധകരുടെ അന്ധമായ പ്രതീക്ഷകളും ക്രൂരതയും എങ്ങനെ ഒരു മനുഷ്യന്‍റെ ജീവിതം തകർത്തുകളഞ്ഞു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ബാർബോസയുടെ ജീവിതം. ഇന്നും കളിയെ കളിയായി കാണാൻ കഴിയാത്തവർ ഈ ചരിത്രം ഓർക്കുന്നത് നല്ലതാണ്.