spanish

തീപാറുന്ന പോരാട്ടത്തിനാണ് ലോസാഞ്ചലസ് സ്റ്റേഡിയം ഒരുങ്ങുന്നത്.  പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടിറങ്ങുന്ന സ്പെയ്നിനെ നേരിടാനൊരുങ്ങി  ഓസ്ട്രിയയാണ് എതിരാളികള്‍. ഗ്രൂപ്പ് ചാംപ്യന്‍മാരായി നോക്കൗട്ടിലെത്തിയ സ്പെയ്ന്‍ മികച്ച ഫോമിലാണുള്ളത്. അതേസമയം, അള്‍ജീരിയയോട് സമനില പിടിച്ചുവാങ്ങിയാണ് ഓസ്ട്രിയ നോക്കൗട്ടിലെത്തിയത്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം.

16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈക്കുമ്പിളിലൊതുക്കിയ വിശ്വകിരീടത്തെ വീണ്ടും എത്തിപ്പിടിക്കാനുള്ള മിഷനിലാണ് ലൂയിസ് ഡെ ലാ ഫുവന്‍റെയുടെ സംഘം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു തോല്‍വി പോലും അറിയാതെത്തിയ സ്പാനിഷ് ടീം നോക്കൗട്ടിലെ അപകടകാരികള്‍ തന്നെയാണ്. ലമീന്‍ യമാല്‍, മൈക്കല്‍ ഒയാര്‍സബല്‍ കോംബിനേഷന്‍ തന്നെയാകും ഇത്തവണയും ഹൈലൈറ്റ്. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കാന്‍ റോഡ്രിയും പെഡ്രിയും. സ്പെയ്നിന്റെ പ്രതിരോധവും ശക്തമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ 4 ഗോളുകള്‍ അടിച്ച സ്പാനിഷ് പട വഴങ്ങിയത് വെറും ഒരു ഗോളാണ്. 

മറുവശത്ത് പൊരുതി തന്നെയാണ് ഓസ്ട്രിയ നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തത്. ജോര്‍ദാനെ പരാജയപ്പെടുത്തിയാണ് തുടങ്ങിയതെങ്കിലും മെസിപ്പടയ്ക്ക് മുന്നില്‍ വീണു. പക്ഷേ നിര്‍ണായകമായ മൂന്നാം മല്‍സരത്തില്‍ അള്‍ജീരിയയെ 3–3 എന്ന നിലയില്‍ സമനിലയില്‍ തളച്ചു. ആ പോരാട്ടവീര്യം തന്നെയാകും ഓസ്ട്രിയ ഇത്തവണയും പുറത്തെടുക്കുക. പക്ഷേ 6 ഗോളുകള്‍ എതിര്‍പോസ്റ്റിലേക്ക് അടിച്ച ഓസ്ട്രിയ അത്ര തന്നെ ഗോളുകളും വഴങ്ങിയിട്ടുണ്ട്. പ്രതിരോധത്തിലെ വിള്ളലുകള്‍ പരിഹരിച്ചില്ലെങ്കില്‍ മൂന്നോട്ടുപോകുക പ്രയാസമായിരിക്കും. 

ENGLISH SUMMARY:

Spain Austria match previews crucial knockout stage clash. Spain enters the match in strong form as group champions, while Austria advanced after a draw, highlighting their fighting spirit