ഫുട്ബോൾ ലോകത്തെ നടുക്കിയ ഡിയോഗോ ജോട്ടയുടെ വിയോഗത്തിന് ഒരു വർഷം തികയുന്ന ദിനത്തിലാണ് പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെ നേരിടാന്‍ ഇറങ്ങുന്നത്. ഏറ്റവും ഒടുവിലായി പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയപ്പോള്‍ ജോട്ടയും ടീമിലുണ്ടായിരുന്നു. 49 മല്‍സരങ്ങളില്‍ പോര്‍ച്ചുഗല്‍ ജേഴ്സിയണിഞ്ഞ് ഒപ്പമുണ്ടായിരുന്നവന്‍ സഹതാരങ്ങള്‍ക്ക് ഇന്ന് വിങ്ങുന്ന ഓര്‍മയാണ്.
ഡിയോഗോ ജോട്ടയുടെ വിയോഗത്തിന്‍റെ വേദനയുമായാകും ക്രോയേഷ്യയെ നേരിടാൻ പോർച്ചുഗൽ ഇറങ്ങുന്നത്. കഴിഞ്ഞവര്‍ഷം ജൂലൈ മൂന്നാം തിയതി പോർച്ചുഗൽ അതിർത്തിക്ക് സമീപമുള്ള സ്പാനിഷ് നഗരത്തിലുണ്ടായ കാറപകടത്തിലാണ് 28 വയസുകാരനായ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും കൊല്ലപ്പെട്ടത്. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ലോകകപ്പ് യാത്രയിൽ ഉടനീളം ജോട്ടയുടെ ഓർമകൾ സജീവമാക്കി നിർത്തിയാണ് പോര്‍ച്ചുഗല്‍ മുന്നോട്ടുപോകുന്നത്.
'ഞങ്ങളുടെ വെളിച്ചം' എന്ന് ജോട്ടയെ വിശേഷിപ്പിച്ച പോർച്ചുഗൽ മാനേജർ റോബർട്ടോ മാർട്ടിനെസ്, ലോകകപ്പ് ടീമിലെ ഓണററി അംഗമായി അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു. ജോട്ടയുടെ അടുത്ത സുഹൃത്തും പോർച്ചുഗൽ മധ്യനിര താരവുമായ റൂബൻ നെവസ് കളിക്കുന്നത് ജോട്ടയുടെ 21–ാം നമ്പർ ജെഴ്സി അണിഞ്ഞാണ്. രാജ്യത്തെ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ, ജോട്ടയുടെ പേര് ആലേഖനം ചെയ്ത റിസ്റ്റ്ബാൻഡുകൾ കളിക്കാർക്ക് സമ്മാനിച്ചിരുന്നു. കാലം മുറിവുണക്കാൻ പര്യാപ്തമായിട്ടില്ലെങ്കിലും, ഫുട്ബോൾ അതിന്റെ സ്വാഭാവിക വഴിയേ മുന്നോട്ട് പോകുന്നു.