ലോകകപ്പിലെ ആദ്യ മല്‍സരത്തിന് പിന്നാലെ ആദ്യ ഇലവനില്‍ ഇടം നഷ്ടമായ ആന്‍റണി ഗോര്‍ഡന്‍റെ തിരിച്ചുവരവും കണ്ടു ഇംഗ്ലണ്ട് – DR കോംഗോ മല്‍സരത്തില്‍. ഇക്കുറി പകരക്കാരനായി ഇറങ്ങിയ ഗോര്‍ഡന്‍ ഹാരി കെയിനിന്‍റെ രണ്ടുഗോളുകള്‍ക്കും വഴിയൊരുക്കി എഴുതിത്തള്ളാനാകില്ലെന്ന് വിളിച്ചുപറഞ്ഞു.
ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന്‍റെ വക്കിൽനിന്ന് തോമസ് ടൂഹലിന്‍റെ ടീമിനെ രക്ഷിച്ചത് ഹാരി കെയിനെങ്കില്‍ അതിനുള്ള അരങ്ങൊരുക്കിയത് ആന്‍റണി ഗോർഡനായിരുന്നു. ഏഴാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയതിന് പിന്നാലെ പന്ത് കൈവശം വച്ചെങ്കിലും ഇംഗ്ലണ്ടിന്‍റെ മുന്നേറ്റങ്ങൾക്ക് മൂർച്ചയില്ലായിരുന്നു. കോംഗോയുടെ പ്രതിരോധനിരയെ മറികടക്കാൻ മാർക്കസ് റാഷ്‌ഫോർഡ് പാടുപെട്ടു. 61–ാം മിനിറ്റില്‍ റാഷ്ഫോഡിന് പകരം ഗോര്‍ഡന്‍ കളത്തിലിറങ്ങിയതോടെ കഥമാറി. ഗോര്‍ഡന്‍റെ നേരിട്ടുള്ള ആക്രമണശൈലി ഇംഗ്ലണ്ടിന്‍റെ കളിയുടെ വേഗം കൂട്ടി. ഇടതുവിങ്ങിലൂടെയുള്ള അതിവേഗനീക്കങ്ങള്‍ കോംഗോയെ കൂടുതൽ പ്രതിരോധത്തിലേക്ക് പിൻവലിയാൻ നിർബന്ധിച്ചു. ഇത് ജൂഡ് ബെല്ലിങ്ങാമിനും ഹാരി കെയ്നിനും മധ്യനിരയിൽ കൂടുതൽ ഇടം നൽകി.
ആദ്യ ഒരു മണിക്കൂറിൽ കാണാതിരുന്ന അവസരങ്ങൾ അതോടെ തുറന്നുകിട്ടി. പന്ത് കൈവശം വെച്ച് സമയം കളയാതെ ആക്രമിച്ച് കയറിയതോടെ ഇംഗ്ലണ്ടിന്‍റെ ആദ്യഗോള്‍ പിറന്നു. പത്ത് മിനിറ്റിന് ശേഷം വിജയഗോളിലും ഗോർഡന്‍റെ സാന്നിധ്യമുണ്ടായി. പെനാൽറ്റി ബോക്സിന്‍റെ അതിർത്തിയിൽനിന്ന് അവസരം മുതലെടുത്ത ഗോർഡൻ, കെയ്നിന് പന്ത് പാകപ്പെടുത്തി നൽകി. ലോകകപ്പിന് തൊട്ടുമുമ്പാണ് 25കാരന്‍ ആന്റണി ഗോര്‍ഡനെ ന്യൂകാസില്‍ യുണൈറ്റഡില്‍ നിന്ന് ബാര്‍സിലനോ സ്വന്തമാക്കിയത്. യൂറോപ്പിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായി ബാര്‍സ എന്തുകൊണ്ട് ഗോര്‍ഡനെ കണക്കാക്കുന്നുവെന്ന് തെളിയിക്കുന്ന പ്രകടനമായി നോക്കൗട്ടിലേത്.