CristianoRonaldo

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്കാ മോഡ്രിച്ച്... രണ്ടിലൊരാളുടെ അവസാന ലോകകപ്പ് മല്‍സരത്തിന് സമയമായി. കാനഡയിലെ ടൊറന്‍റോ സ്റ്റേഡിയം നാല്‍പ്പതുകാരായ ഇരുവരുടെയും ഭാവി തീരുമാനിക്കും. നാളെ പുലര്‍ച്ചെ 4.30ന്  പോര്‍ച്ചുഗലും ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോള്‍ ആവേശത്തിലും ആകാംഷയിലുമാണ് ആരാധകര്‍.

നാളെ നടക്കുന്നത് കേവലം രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള മല്‍സരമല്ല. മറിച്ച് രണ്ട് ഇതിഹാസങ്ങളുടെ ലാസ്റ്റ് ഡാന്‍സ് തീരുമാനിക്കുന്ന പോരാട്ടമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച് രണ്ടിലൊരാള്‍മാത്രമെ ഈ ലോകകപ്പിലെ അടുത്ത മല്‍സരത്തിന് ബൂട്ടണിയൂ.  മുന്‍കാല ചരിത്രങ്ങള്‍ അപ്രസക്തമാകുന്ന മല്‍സരമാകും ഇത്. ആറാമത്തെയും അവസാനത്തെയും ലോകകപ്പിൽ കളിക്കുന്ന റൊണാൾഡോയിൽ നിന്ന് പോര്‍ച്ചുഗല്‍ മാത്രമല്ല, ലോകം മുഴുവനുമുള്ള ആരാധകര്‍ മിന്നല്‍പ്പിണറാണ് പ്രതീക്ഷിക്കുന്നത്. 

ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ റൊണാള്‍ഡോ ക്രൊയേഷ്യക്കെതിരെയും ഗോൾ വേട്ട തുടരുമെന്നാണ് ആരാധകര്‍ ആശിക്കുന്നത്. സി.ആര്‍ സെവന് ഉറച്ച പിന്തുണ നല്‍കാന്‍ ബ്രൂണോ ഫെര്‍ണാസിന് കഴിഞ്ഞാല്‍ ക്രൊയേഷ്യൻ പ്രതിരോധ നിര വിയര്‍ക്കും. മധ്യനിരയിൽ പന്തിന്‍റെ വേഗം നിയന്ത്രിക്കുന്ന ലൂക്കാ മോഡ്രിച്ചിലാണ് ക്രൊയേഷ്യയുടെ  പ്രതീക്ഷ മുഴുവന്‍. 

മോഡ്രിച്ചിനൊപ്പം ആന്ദ്രെ ക്രാമാരിക്  മിന്നിയാല്‍ ക്രൊയേഷ്യ അപകടകാരികളാകും.  റൂബൻ ഡയസിന്‍റെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗല്‍ പ്രതിരോധനിര ഭദ്രമാണ്. ജോസ്കോ ഗ്വാർഡിയോളും സംഘവും നിയന്ത്രിക്കുന്ന ക്രോയേഷ്യന്‍ പ്രതിരോധവും മികച്ചതുതന്നെ.പോർച്ചുഗൽ പന്ത് വിടാതെ കളിക്കാൻ ആഗ്രഹിക്കുമ്പോൾ, ക്രൊയേഷ്യ മധ്യനിരയിലൂടെ കളി മെനഞ്ഞ് പ്രത്യാക്രമണങ്ങള്‍ക്കാണ് മുൻതൂക്കം നൽകുന്നത്. വിട്ടുവീഴ്ചയില്ലാത്ത പ്രകടമാകും നാളെ കാണാന്‍ പോകുന്നത്. ആരുജയിച്ചാലും തോറ്റാലും സന്തോഷത്തിനൊപ്പം സങ്കടവും അനിവാര്യതയാകുന്ന മല്‍സരമാകുമിത്.

ENGLISH SUMMARY:

Cristiano Ronaldo and Luka Modric are potentially playing their last World Cup match, with their next game against each other deciding their future. This highly anticipated clash between Portugal and Croatia is more than just a match; it's a 'last dance' for two footballing legends.