ഘാനയുടെ മല്‍സരങ്ങളില്‍ സ്ഥിരം സാന്നിധ്യമായ പൊടി ഊതിവിടുന്ന ജുജുമാനെ ഓര്‍മയില്ലേ, ഘാനയുടെ അടുത്ത മല്‍സരം കാണാന്‍ സഹായിക്കണം എന്ന് ഘാന സര്‍ക്കാരിനോടും ഫുട്ബോള്‍ ഫെഡറേഷനോടും ആവശ്യപ്പെട്ടിരിക്കുകയാണ് കക്ഷി. നല്ലവരായ ആളുകള്‍ക്കും തന്നെ സഹായിക്കാമെന്നും ജുജു മാന്‍ പറയുന്നു.
ഘാനയുടെ എല്ലാ മല്‍സരങ്ങളിലും ഗാലറിയില്‍ വ്യത്യസ്ഥ വേഷത്തിലെത്തുന്ന ജുജു മാനും അദ്ദേഹത്തിന്‍റെ പൊടി വിദ്യയും ഈ ലോകകപ്പിലെ കൗതുക കാഴ്ചകളിലൊന്നായിരുന്നു. ഇതുവരെ സ്വന്തം ചിലവില്‍ കളി കണ്ട ജുജുമാന്‍റെ കൈയ്യിലെ കാശ് തീര്‍ന്നതോടെയാണ് സര്‍ക്കാരിനേയും ഫുട്ബോള്‍ ഫെഡറേഷനേയും കായിക മന്ത്രാലയത്തേയും സമീപിച്ചത്. കൊളംബിയയ്ക്കെതിരായ മല്‍സരം കണാന്‍ സാമ്പത്തികമായി സഹായിക്കണമെന്നാണ് ആവശ്യം. ജുജു മാന്‍ എന്ന് വിളിക്കുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് കൈലാനി ഇബ്രാഹിം ക്പ എന്നാണ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഈ ആരാധകന്‍റെ അഭ്യര്‍ത്ഥന . ഘാന ടീമിനെ പിന്തുണച്ചാണ് അമേരിക്കയിലെത്തിയതെന്നും, തന്റെ കൂടി ശ്രമഫലമായി സോഷ്യല്‍ മീഡിയയിലടക്കം ടീമിന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും ജുജു മാന്‍ അവകാശപ്പെടുന്നു. മല്‍സര ടിക്കറ്റ്, വിമാന ടിക്കറ്റ്, താമസം ഭക്ഷണം എന്നിവ നല്‍കി സഹായിക്കണമെന്ന് തന്‍റെ അഭ്യുദയകാംഷികളോടും ഇയാള്‍ അഭ്യര്‍ഥിക്കുന്നുണ്ട്.
കാന്‍സാസ് സിറ്റിയില്‍ ജൂലൈ നാലിനാണ് കൊളംബിയയുമായുള്ള ഘാനയുടെ മല്‍സരം. ജുജുമാന്‍റെ കൈയ്യിലുള്ള പൊടിയില്‍ കൂടോത്രമുണ്ടെന്നും ഇങ്ങനെയാണ് ഘാന ജയിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ അഭിപ്രായം. അതേസമയം ഇത്തരക്കാരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കരുതെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.