കളിക്കാര്‍ തമ്മിലെ വാക്കുതര്‍ക്കത്തിനിടെ വായ പൊത്തി സംസാരിച്ചതിന് ലോകകപ്പിനിടെ റെഡ് കാര്‍ഡ് കിട്ടി പുറത്താകുന്ന രണ്ടാമത്തെ താരമായി ഇക്വഡോറിന്റെ പിയറോ ഹിന്‍കാപി. മെക്സിക്കോയ്ക്കെതിരായ മല്‍സരത്തിന്റെ ഇന്‍ജുറി ടൈമിലായിരുന്നു ഹിന്‍കാപിയുടെ പ്രകോപനപരമായ പെരുമാറ്റം.
ഏകപക്ഷീയമായ രണ്ട് ഗോളിന് ഇക്വഡോറിനെതിരെ മെക്സിക്കോ മുന്നിട്ടു നില്‍ക്കുമ്പോഴാണ് നാടകീയസംഭവങ്ങള്‍. ഗോള്‍ മടക്കാനുള്ള ഇക്വഡോറിന്റെ ശ്രമങ്ങളെല്ലാം മെക്സിക്കന്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നപ്പോള്‍ സമ്മര്‍ത്തിലായ താരങ്ങളുടെ നിയന്ത്രണം വിട്ടു. അവസാന മിനിറ്റുകളില്‍ കളി പരുക്കനായി. ഫൗളുകളുടെ എണ്ണം കൂടി. ഇതിനിടയിലാണ് ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഇക്വഡോറിന്റെ പിയറോ ഹിന്‍കാപിയും മെക്സിക്കന്‍ സ്ട്രൈക്കര്‍ സാന്തിയാഗോ ഹിമനെസും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. ഹിന്‍കാപി വായ പൊത്തി സംസാരിച്ചു. ഹിമനെസ് റഫറിയുടെ ശ്രദ്ധയില്‍പെടുത്തി. വാര്‍ പരിശോധനയില്‍ പ്രകോപനപരമായ സംസാരമെന്ന് ബോധ്യപ്പെട്ടതോടെ ഹിന്‍കാപിക്ക് ചുവപ്പുകാര്‍ഡ് നല്‍കി പുറത്തേക്കുള്ള വഴികാട്ടി. അടുത്ത രാജ്യാന്തരമല്‍സരവും താരത്തിന് നഷ്ടമാകും.
ഈ റെഡ് കാര്‍ഡ് ചരിത്രം
ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാമതാണ് വായ പൊത്തി സംസാരിച്ചു എന്ന കുറ്റത്തിന് ഒരു താരത്തെ ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കുന്നത്. പാരഗ്വായ് – തുര്‍ക്കി മല്‍സരത്തിനിടെ പാരഗ്വായുടെ മിഗ്വേല്‍ ആല്‍മിറോണിനാണ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഇതേ കുറ്റത്തിന് റെഡ് കാര്‍ഡ് ലഭിക്കുന്നത്. മൈതാനത്ത് കളിക്കാര്‍ തമ്മിലെ തര്‍ക്കങ്ങള്‍ക്കിടെ വായപൊത്തി സംസാരിക്കുന്നത് തടയുന്നതിന് ഈ വര്‍ഷം ഏപ്രിലിലാണ് ഫിഫ പുതിയ നിയമം കൊണ്ടുവന്നത്. വായ പൊത്തി സംസാരിക്കുന്നത് വംശീയ അധിക്ഷേപങ്ങള്‍ക്കോ മോശം പരാമര്‍ശങ്ങള്‍ക്കോ വേണ്ടിയാകും എന്ന സംശയത്തിലാണ് കര്‍ശന നിലപാടെടുക്കാന്‍ ഫിഫ നിര്‍ബന്ധിതമായത്.
വാക്കേറ്റം, പ്രകോപനം, അധിക്ഷേപം, ഏറ്റുമുട്ടല്‍ എന്നിവയുടെ സാഹചര്യത്തില്‍ വായ മൂടി സംസാരിക്കുമ്പോഴാണ് കുറ്റകരമാകുന്നതും നിയമം ബാധകമാകുന്നതും. നേരത്തെ ഇംഗ്ലണ്ട് – ഘാന മല്‍സരത്തിനിടെ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങാമിനെതിരെ ഇതേ ആരോപണം ഉയര്‍ന്നെങ്കിലും ബെല്ലിങാമും ഘാനയുടെ ജോര്‍ദാന്‍ അയ്യൂവും തമ്മിലെ സംസാരത്തില്‍ അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയതിനാല്‍ അധിക്ഷേപ പരാമര്‍ശമല്ലെന്ന് വിലയിരുത്തി റെഡ് കാര്‍ഡ് നല്‍കിയിരുന്നില്ല.