christiano-ronaldo-diego-forlan

പോർച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ യുറഗ്വായ് മുൻ സൂപ്പർ താരം ഡീഗോ ഫോർലാൻ. ലോകകപ്പിൽ റൊണാൾഡോയുടെ ശൈലി പോർച്ചുഗലിന് തിരിച്ചടിയാകുന്നു എന്നാണ് ഇഎസ്പിഎന്നിന്റെ 'ലാ കാസ ഡെൽ കുൻ' എന്ന പരിപാടിയിൽ സംസാരിക്കവെ ഡീഗോ ഫോർലാൻ പറഞ്ഞത്. 'റൊണാള്‍ഡോയിങ്ങനെ പെനൽറ്റി ബോക്സിനുള്ളിൽ മാത്രം ഒതുങ്ങിനിന്ന് കളിക്കുന്നത് പോർച്ചുഗലിന്റെ മുന്നേറ്റങ്ങളുടെ വേഗതയെയും സ്വാഭാവികതയെയും ദോഷകരമായി ബാധിക്കുകയാണ്. താരം ഗോൾ അവസരങ്ങൾക്കായി പെനൽറ്റി ബോക്സിൽ മാത്രം നിലയുറപ്പിക്കുന്നത് എതിരാളികൾക്ക് പോർച്ചുഗലിന്റെ നീക്കങ്ങൾ എളുപ്പത്തിൽ പ്രവചിക്കാൻ സഹായകമാകും. റൊണാൾഡോ പന്തിനായി പിന്നോട്ട് ഇറങ്ങിവരികയോ വിങ്ങുകളിലേക്ക് മാറി കളിക്കുകയോ ചെയ്യുന്നില്ല, അതിനാല്‍ എതിർ ടീമിലെ സെന്റർ ബാക്ക് ഡിഫെൻഡർമാർക്ക് തങ്ങളുടെ സ്ഥാനം വിട്ട് മാറാതെ ബോക്സിനുള്ളിൽ തന്നെ റൊണാൾഡോയെ കൃത്യമായി മാർക്ക് ചെയ്യാനാവും'- ഫോര്‍ലാന്‍ തുറന്നടിച്ചു.

കളിക്കളത്തിന്റെ മധ്യഭാഗത്ത് മാത്രം റൊണാൾഡോ നിലയുറപ്പിക്കുമ്പോൾ അത് ടീമിന്റെ മുന്നേറ്റം തടസപ്പെടുത്തുകയാണ്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, റാഫേൽ ലിയാവോ തുടങ്ങിയ മിഡ്ഫീൽഡർമാർക്കും വിങ്ങർമാർക്കും ബോക്സിനുള്ളിലേക്ക് ഓടിക്കയറി മുന്നേറ്റങ്ങൾ നടത്താനുള്ള അവസരവും ഇല്ലാതാക്കുന്നു. റൊണാൾഡോ കാരണം വിങ്ങുകളിലൂടെയുള്ള ആക്രമണങ്ങൾക്ക് പകരം പോർച്ചുഗലിന്റെ ഭൂരിഭാഗം നീക്കങ്ങളും മധ്യഭാഗത്ത് മാത്രമായി ഒതുങ്ങിപ്പോവുകയാണെന്നും ഫോർലാൻ കുറ്റപ്പെടുത്തി.

കോംഗോയുമായുള്ള കളി സമനിലയില്‍ കലാശിച്ചെങ്കിലും ഉസ്ബെക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ 5-0 ത്തിന്റെ തകർപ്പൻ ജയമാണ് പോര്‍ച്ചുഗല്‍ നേടിയത്. ഇതില്‍ റൊണാൾഡോ ഇരട്ട ഗോളുകളും നേടിയിരുന്നു. അതേസമയം, കൊളംബിയയ്ക്കെതിരെ റൊണാള്‍ഡോയ്ക്ക് തിളങ്ങാനുമായില്ല. കഷ്ടിച്ചാണ് കൊളംബിയയ്ക്കെതിരെ സമനില പിടിച്ചത്. 

ENGLISH SUMMARY:

Cristiano Ronaldo's playing style is reportedly hindering Portugal's attacking fluidity and predictability, according to former Uruguayan star Diego Forlan. Forlan's critique suggests that Ronaldo's tendency to stay within the penalty box makes it easier for opponents to mark him and disrupts the team's overall offensive strategy.