ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് L പോരാട്ടത്തിൽ പാനമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ഹാം, ഹാരി കെയ്ൻ എന്നിവർ ലക്ഷ്യം കണ്ടു. വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റോടെ ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. റൗണ്ട് ഓഫ് 32-ൽ ആഫ്രിക്കൻ കരുത്തരായ സെനഗലാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഒരു പോയിന്റ് പോലും നേടാനാകാതെ പാനമ ലോകകപ്പിൽ നിന്ന് പുറത്തായി.
ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനെ കടുത്ത പ്രതിരോധ പൂട്ടിട്ടാണ് പാനമ തളച്ചത്. ഇംഗ്ലണ്ടിന്റെ സൂപ്പർ താരങ്ങളായ ബുക്കായോ സാക്കയും മാർക്കസ് റാഷ്ഫോർഡും നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും പാനമ ഗോൾകീപ്പർ ഒർലാൻഡോ മോസ്ക്വേര മികച്ച സേവുകളിലൂടെ രക്ഷകനായി. എന്നാൽ രണ്ടാം പകുതിയിൽ പാനമയുടെ പ്രതിരോധം തകർന്നു.
62ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്‍റെ ആദ്യ ഗോള്‍. ബുക്കായോ സാക്ക എടുത്ത കോർണർ കിക്കിൽ നിന്നും ജൂഡ് ബെല്ലിങ്ഹാം നിയർ-പോസ്റ്റിൽ വെച്ച് തൊടുത്ത തകർപ്പൻ ടച്ചിലൂടെ പന്ത് വലയിലെത്തിച്ചു (1-0). അഞ്ച് മിനിറ്റിന് ശേഷം (67) ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ!. ബെല്ലിങ്ഹാം നൽകിയ മനോഹരമായ ക്രോസ്സ് ക്യാപ്റ്റൻ ഹാരി കെയ്ൻ കൃത്യമായ ഹെഡ്ഡറിലൂടെ പാനമയുടെ വലയ്ക്കുള്ളിലാക്കി (2-0). മത്സരത്തിലെ ഗോളോടെ ഹാരി കെയ്ൻ ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. മുൻ ഇതിഹാസ താരം ഗാരി ലിനേക്കറുടെ 10 ലോകകപ്പ് ഗോളുകൾ എന്ന റെക്കോർഡാണ് 11-ാം ഗോളോടെ കെയ്ൻ മറികടന്നത്.