Soccer Football - FIFA World Cup 2026 - Group G - New Zealand v Belgium - BC Place, Vancouver, Canada - June 26, 2026 Belgium's Leandro Trossard celebrates scoring their first goal REUTERS/Albert Gea TPX IMAGES OF THE DAY
ഗ്രൂപ്പ് ജിയിലെ നിര്‍ണായ മല്‍സരത്തില്‍ ബല്‍ജിയത്തോട് തോറ്റ് ന്യൂസീലന്‍ഡ് ലോകകപ്പില്‍ നിന്ന് പുറത്ത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബല്‍ജിയത്തിന്‍റെ ജയം. ട്രൊസാര്‍ഡിന്‍റെ ഇരട്ട ഗോളിനൊപ്പം ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രൂയ്നെയും റൊമേലു ലുക്കാക്കുവും, ഇന്‍ജറി ടൈമില്‍ അലക്സ് സെയ്ലമേക്കേഴ്സും ബല്‍ജിയത്തിനായി ഗോളുകള്‍ നേടി. 86–ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി ആദ്യ ടച്ചിലാണ് ലുക്കാക്കുവിന്‍റെ ഗോള്‍. ജയത്തോടെ അഞ്ച് പോയിന്‍റുമായി ബല്‍ജിയം ഗ്രൂപ്പില്‍ ഒന്നാമതായി. ഏലൈജാ ജസ്റ്റാണ് 84–ാം മിനിറ്റില്‍ ന്യൂസീലന്‍ഡിനായി ഗോള്‍ നേടിയത്.
കളിയുടെ 28–ാം മിനിറ്റില്‍ ഡിബ്രൂയ്നെ ബോക്സിന് പുറത്ത് നിന്നും നല്‍കിയ കിടിലന്‍ പാസാണ് ആദ്യ ഗോളിന് വഴി തുറന്നത്. പാസ് സ്വീകരിച്ച ട്രൊസാര്‍ഡ് ക്ലോസ് റേഞ്ചില്‍ ഷോട്ടുതിര്‍ത്തു. കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബല്‍ജിയം ന്യൂസീലന്‍ഡിന്‍റെ പ്രതിരോധക്കോട്ട തകര്‍ത്താണ് ഈ ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ സമനിലയ്ക്കായി ന്യൂസീലന്‍ഡ് മുന്നേറ്റം നടത്തുന്നതിനിടെ നടത്തിയ അതിവേഗ കൗണ്ടര്‍ അറ്റാക്കില്‍ നിന്ന് ട്രൊസാര്‍ഡ് ഡബിള്‍ തികച്ചു. ബോക്സിന്‍റെ ഇടതുവിങില്‍ നിന്നും പ്രതിരോധ നിരയെ വെട്ടിച്ച് കയറി ട്രൊസാര്‍ഡ് തൊടുത്ത ക്ലിനിക്കല്‍ ഷോട്ട് വലയില്‍ തുളച്ചു കയറി.
ആദ്യ രണ്ട് ഗോളിനും വഴിയൊരുക്കിയ ഡിബ്രൂയ്നെ, 66–ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്ന് കിട്ടിയ പന്ത് ലോങ് റേഞ്ചിലൂടെ ന്യൂസിന്‍ഡിന്‍റെ വലയിലാക്കി. 86–ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ലുക്കാക്കുവും ഇന്‍ജറി ടൈമില്‍ അലക്സി സെയ്ലമേക്കേഴ്സും ഗോളടിച്ചതോടെ ആധിപത്യം പൂര്‍ണം.
അതിനിടെ ഈജിപ്ത്– ഇറാന്‍ മല്‍സരം സമനിലയില്‍ അവസാനിച്ചു. കളിയുടെ അഞ്ചാം മിനിറ്റില്‍ മഹ്മൂദ് സാബെറിലൂടെ ഈജിപ്ത് ലീഡെടുത്തു. 14–ാം മിനിറ്റില്‍ റമീന്‍ റെസായിനിലൂടെ ഇറാന്‍ സമനില പിടിച്ചു. ഇന്‍ജറി ടൈമില്‍ ഇറാന്‍ ഗോള്‍ നേടിയെങ്കിലും വാര്‍ ഗോള്‍ അനുവദിച്ചില്ല. നെഞ്ച് തകര്‍ന്നാണ് ഇറാന്‍ താരങ്ങള്‍ ഗ്രൗണ്ട് വിട്ടത്. നോക്കൗട്ടില്‍ കടക്കാന്‍ ഈജിപ്തിന് സമനില മതി. എന്നാല്‍ ഇറാന് റൗണ്ട് ഓഫ് 32 ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം.