Senegal's midfielder #26 Pape Gueye celebrates with teammates forward #10 Sadio Mane and defender #14 Ismail Jakobs after scoring his team's third goal during the 2026 World Cup Group I football match between Senegal and Iraq at the Toronto Stadium in Toronto on June 26, 2026. (Photo by Cole Burston / AFP)
ഇറാഖിനെ ഗോള്‍മഴയില്‍ മുക്കി സെനഗല്‍. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സെനഗലിന്‍റെ ജയം. കളിയുടെ നാലാം മിനിറ്റില്‍ ഹബീബ് ഡിയാറ നേടിയ ഗോളിലൂടെ സെനഗല്‍ വരവറിയിച്ചു. സെനഗലിന്‍റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍ കൂടിയായി ഡിയാറയുടേത്. സാദിയോ മാനെയെ ഫൗള്‍ ചെയ്തതിന് ഇറാഖ് താരം സുലാക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും സെനഗലിന് കരുത്തായി. ആദ്യം റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയെങ്കിലും വാര്‍ പരിശോധനയില്‍ ഇത് ചുവപ്പായി ഉയര്‍ത്തുകയായിരുന്നു.
ഒന്നാം പകുതിയില്‍ പിന്നീടങ്ങോട്ട് കാര്യമായ ഗോളവസരങ്ങള്‍ ഉണ്ടായില്ലെങ്കിലും രണ്ടാം പകുതിയില്‍ സെനഗലിന്‍റെ ' അഴിഞ്ഞാട്ടം' ടൊറന്‍റോ കണ്ടു. 56–ാം മിനിറ്റില്‍ കാമാറയുടെ മുന്നേറ്റത്തില്‍ നിന്ന് ലഭിച്ച പന്ത് ഇസ്മയിലാ സാര്‍ വലയിലാക്കിയതോടെ രണ്ടാം ഗോള്‍. കൃത്യം മൂന്ന് മിനിറ്റ് കഴിഞ്ഞതോടെ പേപ് ഗിയെയുടെ വക ലോങ് റേഞ്ച് ഷോട്ടില്‍ നിന്ന് മൂന്നാം ഗോള്‍. 71–ാം മിനിറ്റില്‍ ഗിയെ വീണ്ടും ഇറാഖിന്‍റെ വല കുലുക്കി. 82–ാം മിനിറ്റില്‍ ഇല്‍മന്‍ എന്‍ഡിയെയും ലോങ് റേഞ്ചില്‍ ഗോള്‍ കണ്ടെത്തിയതോടെ ഇറാഖിന്‍റെ വീഴ്ച പൂര്‍ണം.
ജയത്തോടെ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് സെനഗല്‍. ഗ്രൂപ് I യില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള സെനഗലിന് അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ പക്ഷേ കാത്തിരിക്കണം. അട്ടിമറികള്‍ ശീലമാക്കിയവരാണ് സെനഗല്‍ ടീം. 2002 ല്‍ ആദ്യ ലോകകപ്പിനെത്തിയപ്പോള്‍ അന്നത്തെ ചാംപ്യന്‍മാരായിരുന്ന ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് സെനഗല്‍ ലോകത്തെ ഞെട്ടിച്ചത്. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ അന്ന് ടീം എത്തി. തുടര്‍ന്ന് 2018 ലും 2022 ലും ലോകകപ്പിന് യോഗ്യതയും നേടി. 2022 ല്‍ പ്രീ ക്വാര്‍ട്ടറോളം എത്തിയാണ് ടീം മടങ്ങിയത്. അതേസമയം, തോല്‍വിയോടെ ഇറാഖ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി.