ലോകകപ്പിൽ ഈജിപ്തും ഇറാനും തമ്മിൽ നടക്കുന്ന 'പ്രൈഡ് മാച്ചിൽ' ആരാധകർക്ക് മഴവിൽ പതാകകൾ കൊണ്ടുവരാൻ അനുമതിയുണ്ടാകുമെന്ന് ഫിഫ. ഇരുടീമിന്റെയും കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഫിഫയുടെ തീരുമാനം.
ലോകകപ്പ് മല്‍സരക്രമം പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ പ്രൈഡ് വാരാന്ത്യത്തിൽ സിയാറ്റിലില്‍ നടക്കുന്ന ഗ്രൂപ്പ് ജി മത്സരത്തിന് പ്രാദേശിക ലോകകപ്പ് കമ്മിറ്റി 'പ്രൈഡ് മാച്ച്' എന്ന് പേരിട്ടിരുന്നു. മല്‍സരക്രമം പ്രഖ്യാപിച്ചതിന് ശേഷം ഈജിപ്തും ഇറാനും പ്രൈഡ് മാച്ച് ആഘോഷിക്കുന്നതിനെതിരെ രംഗത്തുവന്നു. ഇത്തരം പരിപാടികൾ തങ്ങളുടെ സാംസ്കാരികവും മതപരവുമായ മൂല്യങ്ങളുമായി ചേരാത്തതാണെന്നാണ് സ്വവർഗലൈംഗികത കുറ്റകരമായി കാണുന്ന ഇരുരാജ്യങ്ങളുടെയും നിലപാട്. പ്രൈഡ് മാച്ചുമായി ബന്ധപ്പെട്ട ചടങ്ങുകളോ പ്രൊമോഷന്‍ പ്രവർത്തനങ്ങളോ സ്റ്റേഡിയത്തിനകത്ത് അനുവദിക്കരുതെന്നായിരുന്നു ഇറാന്റെ ആവശ്യം.
എന്നാൽ, ലോകകപ്പ് എല്ലാ വിഭാഗം ആളുകളെയും സ്വാഗതം ചെയ്യുന്നുവെന്നാണ് ഫിഫയുടെ നിലപാട്. ലൈംഗിക ആഭിമുഖ്യത്തെയും ലിംഗ വ്യക്തിത്വത്തെയും പ്രതിനിധീകരിക്കുന്ന മഴവിൽ പതാകകളും സ്റ്റേഡിയങ്ങളിൽ പ്രദർശിപ്പിക്കാനും ഫിഫ അനുമതി നല്‍കി. പ്രൈഡ് ആഘോഷം 50 വർഷത്തിലേറെയായി ഈ വാരാന്ത്യത്തിലാണ് നടക്കുന്നത്.