TOPSHOT - France's forward #07 Ousmane Dembele celebrates scoring his team's third goal with midfielder #06 Manu Kone during the 2026 World Cup Group I football match between Norway and France at the Boston Stadium in Foxborough on June 26, 2026. (Photo by FRANCK FIFE / AFP)
ഉസ്മാന്‍ ഡെംബലെയുടെ ഹാട്രിക്കില്‍ നോര്‍വെയെ 4–1ന് തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായി ഫ്രാന്‍സ് നോക്കൗട്ടില്‍. 98ന് ശേഷം ആദ്യമായാണ് ഫ്രാന്‍സ് മൂന്ന് ഗ്രൂപ്പ് മല്‍സരങ്ങളും വിജയിക്കുന്നത്. ഇറാഖിനെ 5–0ന് തകര്‍ത്ത് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായ സെനഗലും നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി.
ലോകകപ്പിലെ രണ്ടാമത്തെ അതിവേഗ ഹാട്രിക്. 32 മിനിറ്റിനകം ഉസ്മാന്‍ ഡെബെലെ നോര്‍വെയുടെ വലകുലുക്കിയത് മൂന്നുവട്ടം. രണ്ടുഗോളുകള്‍ക്ക് വഴിയൊരുക്കിയത് ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ.
ഹാളണ്ടും എംബപ്പെയും തമ്മിലുള്ള ക്ലാസിക് പോരാട്ടം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് പ്രീ– മാച്ച് ലൈനപ്പ് വന്നതോടെ നിരാശരാകേണ്ടി വന്നു. ഹാളണ്ടിന് വിശ്രമം നല്‍കിയതുള്‍പ്പടെ 10 മാറ്റങ്ങളുമായാണ് നോര്‍വെ കളിക്കാനിറങ്ങിയത്. 25-ാം സെക്കൻഡിൽ എംബപെയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങിയാണ് മല്‍സരം തുടങ്ങിയത്. രണ്ടാം പകുതിയില്‍ നോര്‍വെയ്ക്ക് കിട്ടിയ പെനല്‍റ്റി ഫ്രഞ്ച് ഗോളി മിന്യോന്‍ രക്ഷപെടുത്തി.
ലോകകപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഹാട്രികാണ് ഡെംബലെയുടേത്. 1994-ൽ റഷ്യയുടെ ഒലെഗ് സാലെങ്കോയ്ക്ക് ശേഷം ലോകകപ്പിന്റെ ആദ്യ പകുതിയിൽ ഒരു താരം മൂന്ന് ഗോളുകൾ നേടുന്നത് ഇതാദ്യമായാണ്. മത്സരത്തിന്റെ തുടക്കം മുതൽ നോക്കുമ്പോൾ, 1954-ൽ ഓസ്ട്രിയക്കായി എറിക് പ്രോബ്സ്റ്റ് 24 മിനിറ്റിൽ നേടിയ ട്രെബിളിന് പിന്നിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ലോകകപ്പ് ഹാട്രിക്കാണിത്.
ഇതാദ്യമായാണ് ഫ്രാന്‍സിനായി ഒരു മല്‍സരത്തില്‍ ഡെംബലെ ഒന്നിലേറെ ഗോളുകള്‍ നേടുന്നത്. 'ഡെംബലെയും ഒരു മനുഷ്യനാണ്. വിമര്‍ശനങ്ങള്‍ നിരവധി കേട്ടു. പരുക്ക് അദ്ദേഹത്തെ അലട്ടിയിരുന്നു, പക്ഷേ ഈ തിരിച്ചുവരവ് ഗംഭീരമാണ്' എന്നായിരുന്നു ഫ്രാന്‍സിന്‍റെ അസിസ്റ്റന്റ് കോച്ച് ഗൈ സ്റ്റെഫാൻ പറഞ്ഞത്.
തുടക്കം മുതല്‍ ഫ്രാന്‍സിന്‍റെ ആധിപത്യമായിരുന്നു കളിയില്‍ കണ്ടത്. ഏഴാം മിനിറ്റില്‍ നോര്‍വെയില്‍ നിന്ന് കൈക്കലാക്കിയ പന്ത് എംബപ്പെ ഡെംബലയ്ക്ക് നല്‍കി. നോര്‍വെ പ്രതിരോധത്തെ മറികടന്ന് ഗോളിയെ കാഴ്ചക്കാരനാക്കി ഡെംബലെ പന്ത് വലയിലാക്കി. 20–ാം മിനിറ്റില്‍ മിന്നല്‍പ്പിണര്‍ പോലെയുള്ള കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഇടംകാലിലേക്ക് പന്തുമാറ്റി ഡെംബലെ തൊടുത്ത കേളിങ് ഷോട്ട് ഗോള്‍വല തുളച്ചു.
കൃത്യം 79–ാം സെക്കന്‍റില്‍ നോര്‍വെ ഗോള്‍ മടക്കി. കിക് ഓഫില്‍ നിന്ന് നേരിട്ടെത്തിയ ഷോട്ട് പ്രതിരോധിക്കാന്‍ ഫ്രഞ്ച് ഡിഫന്‍സിന് കഴിഞ്ഞില്ല. ആസ്ഗാര്‍ഡിന്‍റെ ഷോട്ട് നേരെ വലകുലുക്കി. മിനിറ്റുകള്‍ക്കുള്ളില്‍ ഡെംബലെ മൂന്നാം ഗോളും നേടി. ഏറെ സവിശേഷമായിരുന്നു ഡെംബലെയുടെ മൂന്നാം ഗോള്‍. 17 പാസുകളാണ് ഫ്രഞ്ച് താരങ്ങൾ ഈ ഗോളിന് മുന്‍പ് മാത്രം കൈമാറിയത്. ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസ് നേടിയ ഒരു ഗോളിന്റെ ബിൽഡ്-അപ്പിൽ ടീമിലെ 11 കളിക്കാരും പന്ത് തൊടുന്നത് ഇതാദ്യമായാണ്. 65–ാം മിനിറ്റില്‍ ഡെംബലെയെ ഫ്രാന്‍സ് പിന്‍വലിച്ചു. 94–ാം മിനിറ്റില്‍ ഡെസിറെ ഡൗ ലൂപ്പിങ് ഹെഡ്ഡറിലൂടെ ഫ്രാന്‍സിനായി നാലാം ഗോളും നേടിയതോടെ ആഘോഷം.
നോക്കൗട്ടില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍ സ്വീഡനാകാനാണ് സാധ്യത. നോർവെ ഐവറി കോസ്റ്റിനെ നേരിടും. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ട് സാധ്യത നിലനിര്‍ത്താന്‍ വമ്പന്‍ ജയം വേണ്ടിയിരുന്ന സെനഗല്‍ ഇറാഖിനെ 5–0ന് തകര്‍ത്തു. സാദിയോ മാനെയെ വീഴ്ത്തിയതിന് പ്രതിരോധതാരം റെബിൻ സുലാക്കയ്ക്ക് റഫറി ചുവപ്പുകാർഡ് നല്‍കിയതോടെ ആൾബലം കുറഞ്ഞ ഇറാഖിനെതിരെ സെനഗൽ ഗോൾമഴ തീർത്തു.
പാപ്പെ ഗയെ ഇരട്ടഗോൾ നേടി. ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാരായ എട്ടു ടീമുകളിൽ ഒന്നായി അടുത്ത റൗണ്ടിലെത്താനാകുമോ എന്നറിയാൻ സെനഗലിന് ഇനി കാത്തിരിക്കണം.