എങ്ങും ലോകകപ്പ് ഫുട്ബോള്‍ ആവേശമാണ്. ആരാധകരേറെയുള്ള സ്റ്റാര്‍ താരങ്ങളുടെ പ്രകടനമൊന്ന് നിറം മങ്ങിയാല്‍ പിന്നെ സോഷ്യല്‍ മീഡിയയിലാകെ ട്രോളോട് ട്രോളാണ്. അതിപ്പോ മെസിയോ റൊണാള്‍ഡോയോ എംബാപ്പെയോ നെയ്മറോ ആരുമായിക്കൊള്ളട്ടേ. ഒരു കളിയെങ്കില്‍ ഒരു കളി, ക്ലച്ച് പിടിക്കാതെ പോയാല്‍ പിന്നെ നിലത്ത് നില്‍ക്കാനാവില്ല ട്രോളുകള്‍ കൊണ്ട്. അതാണ് ഫാന്‍ ഫൈറ്റിന്‍റെ മറ്റൊരു വശം. കളിക്കളത്തില്‍ ഫോമില്ലാതായാല്‍ നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വരും.
ആദ്യ മത്സരത്തിൽ ഡി.ആർ കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗൽ ടീമിനും റൊണാൾഡോയ്ക്കുമെതിരെ വലിയ രീതിയില്‍ ട്രോളുകള്‍ വന്നിരുന്നു. കേരളത്തിലെ ആരാധകരുടെ ഇടയില്‍ ഏറ്റവും ഹിറ്റായത് ശ്രീകാന്ത് വെട്ടിയാരുടെ റീല്‍ കണ്ടന്‍റാണ്. റോണാള്‍ഡോക്ക് ഗ്രൗണ്ടില്‍ സഹകളിക്കാര്‍ പന്ത് പോലും കൊടുക്കുന്നില്ലെന്ന തരത്തിലായിരുന്നു ട്രോള്‍ വിഡിയോ.
പന്ത് കിട്ടാതെ ഗോള്‍ പോസ്റ്റില്‍ നില്‍ക്കുന്ന എതിര്‍ ടീമിന്‍റെ ഗോളിയോട് റോണാള്‍ഡോ സംസാരിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായത്. രണ്ട് മില്യണിലധികം പേരാണ് ഇതിനകം തന്നെ ഈ വിഡിയോ കണ്ടത്. 74000 ലൈക്കുകളും, രണ്ടായിരത്തോളം കമന്‍റ്സും, 1300 ഷെയറുമാണ് ഈ വൈറല്‍ കണ്ടന്‍റിന് ലഭിച്ചത്. റൊണാൾഡോയുടെ ജീവിതം എന്ന ക്യാപ്ഷനോടെ പങ്കുവെച്ച കണ്ടന്‍റ് വന്‍ ഹിറ്റ്!.
പക്ഷേ അടുത്ത കളിയോടെ റോണാള്‍ഡോ ട്രാക്ക് മാറ്റി. ആറാം ലോകകപ്പിലും ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡ് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തമാണ്.
ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. അതും എണ്ണം പറഞ്ഞ അടിപൊളി ഗോളുകള്‍. 41-ാം വയസ്സിലും പ്രായത്തെ വെല്ലുന്ന പ്രകടനത്തോടെ റൊണാൾഡോ കളം നിറഞ്ഞപ്പോൾ വിമർശകര്‍ക്ക് മിണ്ടാട്ടമില്ലാതായിപ്പോയി.
ആദ്യ മത്സരത്തിന്‍റെ പശ്ചാത്തലത്തില്‍ റൊണാള്‍ഡോക്കെതിരെ വിഡിയോ ഇറക്കിയ വെട്ടിയാര്‍ക്ക് അപകടം മണത്തു. മറ്റാരെങ്കിലും തന്നെ ട്രോളുന്നതിന് മുമ്പ് സെല്‍ഫ് ട്രോള്‍ വിഡിയോയുമായി വെട്ടിയാര്‍ എത്തിയതാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ശ്രീകാന്ത് വെട്ടിയാറിനെ കണ്ട റൊണാൾഡോ എന്ന ക്യാപ്ഷനോടെയാണ് വെട്ടിയാരുടെ പുതിയ വിഡിയോ. എല്ലാരും നെഞ്ചത് കേറുന്നതിന് മുന്നേ സെല്‍ഫ് ട്രോള്‍, എന്നെ ട്രോളാൻ മറ്റാരുടെയും സഹായം ആവശ്യമില്ല, സെല്‍ഫ് ഡിഫന്‍സ് എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.