senegal

TOPICS COVERED

ലോകകപ്പിലെ അടുത്ത മല്‍സരത്തെ കുറിച്ച് മറ്റ് രാജ്യങ്ങള്‍ ആലോചിക്കുമ്പോള്‍ കയ്യിലെ പൈസ തീര്‍ന്നാല്‍ അമേരിക്കയില്‍ ആരോടുപോയി കടം ചോദിക്കും എന്ന ആവലാതിയിലാണ് സെനഗല്‍. ഫുട്ബോള്‍ ഫെഡറേഷനില്‍ നിന്നും ബോണസ് അടക്കം താരങ്ങള്‍ക്ക് കിട്ടാനുണ്ട്.  സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കിയാണ് പലരും ഇതുവരെ മുന്നോട്ടു പോയത്. 

കോച്ച് പെപ് തിയാവ്... നിങ്ങള്‍ വലിയവനാണ്.. ഫെബ്രുവരിയില്‍ കരാര്‍ അവസാനിച്ചിട്ടും, സെനഗല്‍ ഫുട്ബോള്‍ ടീമിനൊപ്പം തുടരുന്നതില്‍, ജോലിക്ക് പ്രതിഫലം ലഭിക്കുമോ എന്നു പോലുമറിയാതെ ഓരോ മല്‍സരത്തിലും ടീമിനൊപ്പം നില്‍ക്കുന്നതില്‍. പരിശീലകന്‍ മാത്രമല്ല, താരങ്ങളും കഷ്ടത്തിലാണ്. ടീമിന് സ്വന്തമായി ഷെഫ് ഇല്ല. വിശക്കുമ്പോള്‍ കൈയ്യിലെ പണം മുടക്കി ഏതെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യും. ലോകകപ്പിലെ ഡയറ്റ് ഫോര്‍മാറ്റെല്ലാം താളംതെറ്റി.  

പണമില്ലാത്തതിനാല്‍ താമസിക്കുന്നത് മതിയായ സൗകര്യങ്ങളില്ലാത്ത ഹോട്ടലില്‍. അസൗകര്യങ്ങളെ കുറിച്ച് സെനഗല്‍ ഫുട്ബോള്‍ ഫെഡറേഷനോട് പരാതിപ്പെട്ടിട്ടും കേട്ടമട്ടില്ല. അഫ്കോണ്‍ ചാംപ്യന്‍ഷിപ്പിലെ തുകയും ലോകകപ്പിനായുള്ള ബോണസ് തുകയും ലഭിക്കാത്തതാണ് ടീമിന്റെ പ്രതിസന്ധിക്ക് കാരണം.

അതേസമയം,  വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ്  ഫുട്ബോള്‍ ഫെഡറേഷന്റെ ന്യായം. ടീം ഒത്തിണക്കത്തോടെയാണ് ഓരോ മല്‍സരങ്ങള്‍ക്കും തയ്യാറെടുക്കുന്നത്. വീസ പ്രോസസിങ്ങിലെ കാലതാമസം മറ്റ് പല മേഖലകളേയും ബാധിച്ചെന്ന് പറഞ്ഞ് പിലാത്തോസിനെ പോലെ കൈകഴുകുകയാണ് ഫുട്ബോള്‍ ഫെഡറേഷന്‍.

ENGLISH SUMMARY:

Senegal football team financial crisis is severe, with players and staff facing unpaid bonuses and lack of basic facilities during the World Cup. The team's struggles highlight significant issues within the football federation.