messi-world-cup-2026

ലയണല്‍ മെസി ഭൂമിയില്‍ അവതരിച്ചിട്ട് 39 വര്‍ഷം പൂര്‍ത്തിയാവുകയാണ്. റൊസാരിയോ തെരുവില്‍ പന്ത് കളിച്ച് നടന്ന കൊച്ച് പയ്യനില്‍ നിന്ന് എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരനെന്ന വിശേഷണത്തിലേക്കുള്ള അയാളുടെ യാത്ര ലോക കായിക ചരിത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ്. നീണ്ട 22 വര്‍ഷത്തെ പ്രഫഷണല്‍ ഫുട്ബോള്‍ കരിയറില്‍, തൊള്ളായിരത്തിലധികം ഗോളുകള്‍, നാനൂറിലേറെ അസിസ്റ്റുകള്‍, ലോകകപ്പും കോപ്പ അമേരിക്കയും ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പെടെ 45ലധികം കിരീടങ്ങള്‍, 8 ബലോന്‍ ദ് ഓര്‍ പുരസ്കാരങ്ങള്‍. ഒരു ഫുട്ബോള്‍ താരത്തിന് നേടാവുന്നതെല്ലം നേടി. പീറ്റര്‍ ഡ്രൂറിയുടെ വാക്കുകള്‍ കടമെടുത്താല്‍ അവസാനത്തെ കൊടുമുടിയും കീഴടക്കിയവന്‍. എന്നിട്ടും, ഇനിയും കാണാത്ത എന്തോ ഒരു മായാജാലം ആ ഇടംകാലില്‍ ബാക്കിയുണ്ടെന്ന് നമ്മളെ തോന്നിപ്പിച്ച് അയാള്‍ യാത്ര തുടരുകയാണ്.

Soccer Football - FIFA World Cup 2026 - Group J - Argentina v Austria - Dallas Stadium, Arlington, Texas, U.S. - June 22, 2026
Argentina's Lionel Messi celebrates scoring their second goal REUTERS/Kai Pfaffenbach

Soccer Football - FIFA World Cup 2026 - Group J - Argentina v Austria - Dallas Stadium, Arlington, Texas, U.S. - June 22, 2026 Argentina's Lionel Messi celebrates scoring their second goal REUTERS/Kai Pfaffenbach

കാലത്തെ അതിജയിച്ച മഹാപ്രതിഭ

39ാം വയസ്സിലും ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി മെസി തുടരുന്നത് പ്രതിഭ കൊണ്ട് മാത്രമല്ല. ഓരോ കാലഘട്ടത്തില്‍ സ്വയം പുനനിര്‍മിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു എന്നത് കൊണ്ടുകൂടിയാണ്. പ്രായം വരുത്തുന്ന ശാരീരിക ദൗര്‍ബല്യങ്ങളെ മറച്ചുപിടിക്കാനുള്ള ഒരു അതിജീവന തന്ത്രമായിരുന്നില്ല ആ പുനര്‍നിര്‍മാണം. കളിയെ സമൂലമായി സ്വാധനിക്കുന്ന, അതിനെ അടക്കി ഭരിക്കുന്ന, എതിരാളികള്‍ തനിക്കായി കരുതിവെച്ച കെണികളെ വെട്ടിക്കുന്ന കണ്‍കെട്ട് വിദ്യകളാണ് അവ. അങ്ങനെയാണ്, കളിക്കുകയും കളിപ്പിക്കുകയും, ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന, ലോകത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലറും അതോടൊപ്പം മികച്ച പാസറും, വിങ്ങറായും, മിഡ്ഫീല്‍ഡറായും, അറ്റാക്കിങ് ഫീല്‍ഡറായും, സ്ട്രൈക്കാറായും മാറി മറിയുന്ന സമ്പൂര്‍ണ ഫുട്ബോളറായി മെസി മാറിയത്.

വലതോരം ചേര്‍ന്ന ഇടതന്‍

ബാര്‍സിലോന സീനിയര്‍ ടീമില്‍ െമസി അരങ്ങേറ്റം കുറിക്കുന്നത് ഒരു ക്ലാസിക് വിങ്ങറായിട്ടായിരുന്നു. വലത് വിങ്ങില്‍, പന്ത് കാലില്‍ കൊരുത്ത്, വേഗതകൊണ്ടും അസാമാന്യ പന്തടക്കം കൊണ്ടും, ഡിബ്ലിങ് പാടവം കൊണ്ടം പ്രതിരോധക്കോട്ടകളിലേക്ക് തുളച്ച് കയറിയ ചാട്ടുളിയായിരുന്നു ആ മെസി. ഫുട്ബോളിന്‍റെ ചക്രവര്‍ത്തിപ്പട്ടം കീഴടക്കാന്‍ ഇതാ ഒരു റൊസാരിയോക്കാരന്‍ അവതരിച്ചിരിക്കുന്നു എന്ന് മെസി പ്രഖ്യാപിച്ചത് അങ്ങനെയായിരുന്നു. 18 വയസ്സുള്ളപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍, മൊറീന്യോയുടെ വേട്ടസംഘമെന്ന അറിയപ്പെട്ടിരുന്ന ചെല്‍സിയുടെ പേര് കേട്ട പ്രതിരോധത്തെ അവരുടെ തട്ടകത്തില്‍ കീറി മുറിച്ചതും, 19ാം വയസ്സില്‍ റയല്‍ മാഡ്രിനെതിരെ കരിയറിലെ ആദ്യ ഹാട്രിക് നേടിയതും, കോപഡെല്‍റെ സെമിഫൈനലില്‍ ഗെറ്റാഫെക്കെതിരെ മറഡോണയുടെ നൂറ്റാണ്ടിലെ മികച്ച ഗോള്‍ മൈതാനത്ത് പകര്‍ത്തിയാടിയതും ആ വിങ്ങര്‍ മെസിയായിരുന്നു.

ഫാള്‍സ് 9 അഥവ വ്യാജ സ്ട്രൈക്കര്‍

2009 മേയ് 2. ഈ തിയ്യതിക്ക് മെസിയുടെ കളി ജീവിതത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. അന്നാണ് വിങ്ങറില്‍ നിന്നും ഫാള്‍സ് 9 അഥവ ഫേക്ക് സ്ട്രൈക്കറിലേക്ക് മെസി രൂപാന്തരം പ്രാപിച്ചത്. മെസിയുടെ കളി ജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ വിഖ്യാത പരിശീലകന്‍ പെപ് ഗാര്‍ഡിയോള, അന്ന് റയല്‍ മാഡ്രിഡിനെതിരായ എല്‍ക്ലാസിക്കോയിലായിരുന്നു മെസിയെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചത്. സാധാരണ സ്ട്രൈക്കറെ പോലെ പെനാല്‍റ്റി ബോക്സില്‍ ഒതുങ്ങാതെ, മധ്യനിരയിലേക്ക് ഇറങ്ങി വന്ന് കളിയുടെ ബില്‍ഡപ്പ് ഫേസില്‍ പങ്കാളിയാകാന്‍ മെസിക്ക് പെപ് സ്വാതന്ത്ര്യം നല്‍കി. ചിലപ്പോള്‍ മധ്യനിരയുമായി ചേര്‍ന്ന് പാസുകള്‍ കൊടുത്തു വാങ്ങി, ചിലപ്പോള്‍ മധ്യനിരയില്‍ നിന്ന് ഒറ്റക്ക് എതിര്‍ പ്രതിരോധത്തെ കീറി മുറിച്ചുള്ള ഒറ്റയാള്‍ മുന്നേറ്റങ്ങളായി, ബോക്സിന് പുറത്തെ, സോണ്‍ 14ല്‍ നിന്ന് മിന്നല്‍ പിണര്‍ പോലെയുള്ള ഷോട്ടുകളുതിര്‍ത്ത്, ലോ ബ്ലോക്കും, മിഡ് ബ്ലോക്കും മാന്‍ ടു മാന്‍ മാര്‍ക്കിങ്ങും... അങ്ങനെ പേരുകേട്ട എല്ലാ പ്രതിരോധ തന്ത്രങ്ങളും തകര്‍ത്ത് ഗോളുകളുടെ പെരുമഴ തീര്‍ത്തു മിശിഹ. കിരീടങ്ങള്‍ ഒഴുകിയെത്തി. തുടര്‍ച്ചയായ നാല് ബലോന്‍ ദ് ഓര്‍ പുരസ്കാരങ്ങളുമായി, മെസി ചരിത്രത്തിലെ മഹാപ്രതിഭകളുടെ നിരയില്‍ സ്ഥാനമുറപ്പിച്ചു.

ARLINGTON, TEXAS - JUNE 22: Lionel Messi #10 of Argentina celebrates after scoring his team's first goal during the FIFA World Cup 2026 Group J match between Argentina and Austria at Dallas Stadium on June 22, 2026 in Arlington, Texas.   Charlotte Wilson/Getty Images/AFP (Photo by Charlotte Wilson / GETTY IMAGES NORTH AMERICA / Getty Images via AFP)

ARLINGTON, TEXAS - JUNE 22: Lionel Messi #10 of Argentina celebrates after scoring his team's first goal during the FIFA World Cup 2026 Group J match between Argentina and Austria at Dallas Stadium on June 22, 2026 in Arlington, Texas. Charlotte Wilson/Getty Images/AFP (Photo by Charlotte Wilson / GETTY IMAGES NORTH AMERICA / Getty Images via AFP)

മിഡ്ഫീല്‍ഡ് കണ്ടക്ടര്‍

ബാഴ്സയില്‍ നിന്ന് സാവിയും ഇനിയേസ്റ്റയും പടിയിറങ്ങിയപ്പോള്‍ മിഡ്ഫീല്‍ഡര്‍ മെസിയുടെ പിറവിയായിരുന്ന പിന്നെ കണ്ടത്. ഫാള്‍സ് നയനില്‍ നിന്ന് പ്ലേമേക്കേറിലേക്കുള്ള ചുവടു മാറ്റത്തോടെ കളിയുടെ വേഗതയും ദിശയും നിയന്ത്രിക്കുന്ന കണ്ടക്ടറായി മെസി മാറി. 2018-19 സീസണ്‍ ഈ അവതാരത്തിന്‍റെ ഉച്ചകോടിയായിരുന്നു. ഗോളുകളും അസിസ്റ്റുകളും കീപാസുകളും ചേര്‍ന്ന് ഒരാള്‍ക്ക് എത്രമാത്രം ഒരു ടീമിനെ ചമുലിലേറ്റാനാകുമെന്ന് ആ വര്‍ഷം മെസി ലോകത്തിന് കാണിച്ച് കൊടുത്തു. ഖത്തര്‍ ലോകകപ്പില്‍ നമ്മള്‍ കണ്ടത് ഈ പ്ലേമേക്കര്‍ മെസിയെയായിരുന്നു. ഖത്തര്‍ ലോകപ്പില്‍ മെസി ഓര്‍മിക്കപ്പെടുന്നത് ഗോളുകളുടെ പേരിലല്ല, രണ്ട് ഗോള്‍ അസിസ്റ്റുകളുടെ പേരിലാണ്. നെതര്‍ലാന്‍ഡ്സിനെതിരെ മൊളീനയ്ക്കും ക്രൊയേഷ്യയ്ക്കെതിരെ ഹൂലിയന്‍ അല്‍വാരസിനും നല്‍കിയ അസിസ്റ്റുകള്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ക്ലാസിക് അസിസ്റ്റുകളായി മാറി. ഖത്തറില്‍ കണ്ടത് ഫുട്ബോള്‍ ബുദ്ധിയുടെ പരകോടിയിലിള്ള മെസിയെയായിരുന്നു.

KANSAS CITY, MISSOURI - JUNE 16: Lionel Messi #10 of Argentina celebrates scoring his team's third and hat trick goal during the FIFA World Cup 2026 Group J match between Argentina and Algeria at Kansas City Stadium on June 16, 2026 in Kansas City, Missouri.   Michael Steele/Getty Images/AFP (Photo by MICHAEL STEELE / GETTY IMAGES NORTH AMERICA / Getty Images via AFP)

KANSAS CITY, MISSOURI - JUNE 16: Lionel Messi #10 of Argentina celebrates scoring his team's third and hat trick goal during the FIFA World Cup 2026 Group J match between Argentina and Algeria at Kansas City Stadium on June 16, 2026 in Kansas City, Missouri. Michael Steele/Getty Images/AFP (Photo by MICHAEL STEELE / GETTY IMAGES NORTH AMERICA / Getty Images via AFP)

El Ultimo Tango (അവസാന നൃത്തം)

ഖത്തറില്‍ നിന്നും അമേരിക്കയിലെത്തുമ്പോള്‍, 39ാം വയസ്സില്‍ തന്‍റെ ആറാമത്തെയും അവസാനത്തെയും ലോകകപ്പ് കളിക്കുമ്പോള്‍, എന്താണ് മെസിയുടെ പുതിയ അവതാരം. ഖത്തറില്‍ കണ്ട പ്ലേമേക്കര്‍ മെസിയാണോ..? 2011-13 കാലഘട്ടത്തില്‍ കണ്ട ഗോള്‍ മെഷീന്‍ മെസിയാണോ...? ഉത്തരം പറയുക എളുപ്പമല്ല. സ്ട്രൈക്കറെന്നോ, പ്ലേമേക്കറെന്നോ, വിങ്ങറെന്നോ വിളിക്കാനാകാത്ത അരൂപിയായി മെസി മൈതാനത്ത് നൃത്തം വയ്ക്കുകയാണ്. രണ്ട് കളിയില്‍ അഞ്ച് ഗോളുകള്‍ നേടി, ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായി മെസി. ആ ഇടം കാല്‍ ഇതുവരെ വെളിപ്പെടുത്തി തരാത്ത പുതിയ മായാജാലങ്ങള്‍ക്ക് കണ്‍പാര്‍ത്ത് ജനകോടികള്‍ ലോകമെമ്പാടും കാത്തിരിക്കുന്നു. ആസ്വദിക്കുക ലോകമേ... ഇതുപോലൊരാള്‍ ഇനിയുണ്ടാകില്ല. ഇതായളുടെ അവസാന നൃത്തമാണ്. El Ultimo Tango, The Last Dance.

messi-041
ENGLISH SUMMARY:

Lionel Messi celebrates his 39th birthday, marking an extraordinary 22-year professional journey that redefined the standards of world football. From his early days as a blistering winger at Barcelona to his transformation into a tactical "False 9" and ultimate midfield conductor, Messi has continuously reinvented his game. Throughout his illustrious career, he has amassed over 900 goals, hundreds of assists, and more than 45 major trophies, including the FIFA World Cup and eight Ballon d'Or awards. Even at 39, he remains an untouchable force on the pitch, possessing a unique ability to influence games that transcends physical age. Currently participating in his sixth World Cup, Messi continues to mesmerize fans, proving once again why he is widely regarded as the greatest of all time. This era, dubbed "El Ultimo Tango," serves as a poignant final act for an artist who has truly conquered every peak in football.