colombia-beats-congo

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി നോക്കൗട്ട് യോഗ്യത നേടി കൊളംബിയ. മെക്സിക്കോയിലെ ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ കൊളംബിയയെ കടുത്ത പ്രതിരോധത്തിലൂടെ ഗ്രൗണ്ടില്‍ മുഴുവന്‍ ഓടിച്ച ശേഷമാണ് കോംഗോ കീഴടങ്ങിയത്. 76-ാം മിനിറ്റിൽ ഡാനിയൽ മുന്‍സ് നേടിയ മിന്നൽ ഗോളാണ് കൊളംബിയയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.

ആദ്യ പകുതിയിലുടനീളം കൊളംബിയൻ മുന്നേറ്റ നിരയെ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കുന്ന പ്രതിരോധ ശൈലിയാണ് കോംഗോ പുറത്തെടുത്തത്. ലൂയിസ് ഡയസിന്‍റെയും  ജോൺ ഡുറന്‍റെയും തൊടുത്ത മാരക ഷോട്ടുകൾ കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി സേവ് ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രപരമായ മാറ്റങ്ങളുമായി കൊളംബിയ കളം നിറഞ്ഞു. 

മധ്യനിരയിൽ ഹാമിഷ് റോഡ്രിഗസിന് പകരം ജുവാൻ ഫെർണാണ്ടോ ക്വിന്റേറോയെ കൊളംബിയ മൈതാനത്തിറക്കി. 76ാം മിനിറ്റിലായിരുന്നു കൊളംബിയ കാത്തിരുന്ന നിമിഷം. പകരക്കാരനായി വന്ന ക്വിന്‍റേറോ നൽകിയ മനോഹരമായ അസിസ്റ്റിൽ നിന്നും ഡിഫൻഡർ ഡാനിയൽ മുന്‍സ് ബോക്സിന്‍റെ വലതുഭാഗത്ത് നിന്ന് തൊടുത്ത ഇടങ്കാലൻ ഷോട്ട് കോംഗോ കീപ്പറെ കാഴ്ചക്കാരനാക്കി വലതുമൂലയിലേക്ക് തുളച്ചുകയറി (1-0).

ജയത്തോടെ ഗ്രൂപ്പ് കെയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റോടെ കൊളംബിയ തങ്ങളുടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ കൊളംബിയ ഉസ്ബക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. അതേസമയം, തോറ്റെങ്കിലും ആദ്യ മത്സരത്തിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച കോംഗോയ്ക്ക് ഇപ്പോഴും ഒരു പോയിന്റുണ്ട്. അടുത്ത മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയാൽ മാത്രമേ കോംഗോയ്ക്ക് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കൂ. ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ കൊളംബിയ പോർച്ചുഗലിനെ നേരിടും.

ENGLISH SUMMARY:

Colombia secured their place in the knockout stage of the 2026 FIFA World Cup after a hard-fought 1-0 victory against Congo at Guadalajara Stadium. Congo’s resilient defensive setup, led by goalkeeper Lionel Mpasi, frustrated Colombia for the majority of the match by neutralizing efforts from Luis Diaz and Jhon Duran. The tactical introduction of Juan Fernando Quintero in the second half provided the necessary spark for the Colombian offense. In the 76th minute, Quintero delivered a pinpoint assist to defender Daniel Munoz, who fired a clinical left-footed strike into the net to break the deadlock. With this result, Colombia maintains a perfect record in Group K, accumulating six points from two matches. Congo remains with one point and must secure a high-margin victory against Uzbekistan in their final group game to keep their tournament hopes alive.