തുടര്‍ച്ചയായ ആറുലോകകപ്പുകളില്‍ ഗോളടിച്ച മനുഷ്യനെ കണ്ടിട്ടുണ്ടോ? ഗോള്‍ നേട്ടത്തിനുശേഷം ‘സ്യൂൂൂ’ എന്ന ഹൂങ്കാര ശബ്ദത്തില്‍ നെഞ്ചുവിരിച്ചുനില്‍ക്കുന്നുണ്ട് അയാള്‍. ക്രിസ്റ്റ്യാനോ റോണാള്‍ഡോ. ആ നേട്ടത്തിലെ ഒറ്റപ്പേരുകാരന്‍. കളിയുടെ ആറാം മിനിറ്റില്‍ ഒരുമിന്നല്‍ ഗോള്‍. പ്രായം മറന്നുപോയ റൊണാള്‍ഡോയ്ക്കുമുന്നില്‍ ഗ്രാവിറ്റിയും തോറ്റുപോയി. ഗോള്‍നേട്ടത്തിനുശേഷം ഇനിയുമടങ്ങാത്ത അങ്കക്കലിയില്‍, വിയര്‍പ്പൊട്ടിയ ജേഴ്സിയില്‍, നെഞ്ചുവിരിച്ചുനിന്ന റൊണാള്‍ഡോ ഒരിറ്റാലിയന്‍ ഗ്ലാഡിയേറ്ററെ ഓര്‍മിപ്പിച്ചു.
ആറുലോകകപ്പുകളിലെ ഗോള്‍ വേട്ടക്കാരന്‍ എന്ന സിംഹാസനത്തില്‍ ഇനി അയാള്‍ ഏകനാണ്. പിന്തുടരുന്നവര്‍ വളരെ വളരെ അകലെയും. ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരന്‍ എന്ന റെക്കോഡിനും ഇനി റൊണാള്‍ഡോ എന്നാണ് പേര്. 41 വയസും 138 ദിവസവുമാണ് പ്രായം.
വിമര്‍ശനങ്ങള്‍ക്ക് ഒരു സഹകളിക്കാരന്‍റെ മറുപടിയായിരുന്നു കളിയില്‍ റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍. നായകന് പാസ് കൊടുക്കാന്‍ വിമുഖത കാട്ടുന്നുവെന്ന ആരോപണം നേരിടുന്ന ബ്രൂറോ ഫെര്‍ണാണ്ടസിന്‍റെ ഗണിതതുല്യമായ ഒരു അസിസ്റ്റ്. ബോക്സില്‍ ഒരുപര്‍വതമായവതരിച്ച റൊണോ ബോള്‍ കൃത്യതയിലേയ്ക്ക് തിരിച്ചുവിട്ടു.
ലോകകപ്പില്‍ ഏറ്റവുംകൂടുതല്‍ ഗോള്‍ നേടുന്ന പോര്‍ച്ചുഗലുകാരനെന്ന മുദ്രയും ഇവിടെ റൊണാള്‍ഡോയ്ക്ക് ചാര്‍ത്തപ്പെട്ടു. 10ഗോളടിച്ച റോണാള്‍ഡോയ്ക്ക് പിന്നിലായത് ‘കരിമ്പുലി’ യൂസെബിയോ. സൂപ്പര്‍താരങ്ങളായി വന്നവരൊക്കെ സ്വപ്നസമാന തുടക്കമിട്ടപ്പോള്‍ തീര്‍ത്തും മങ്ങിപ്പോയ റൊണാള്‍ഡോ ഇവിടെ ഒരു തുടക്കമിടുന്നുണ്ട്. എതിരാളികള്‍ കരുതിയിരിക്കൂ എന്ന സൂചന ആ ടീമും നല്‍കുന്നു.