croatia-vs-panama

ഫിഫ ലോകകപ്പിലെ നിർണായകമായ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പനാമയെ കീഴ്പ്പെടുത്തി ക്രോയേഷ്യ. ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ആന്റെ ബുഡിമിർ നേടിയ ഗോളാണ് ക്രോയേഷ്യക്ക് ടൂർണമെന്റിൽ ജീവൻ നിലനിർത്തിയ ആദ്യ വിജയം സമ്മാനിച്ചത്. നായകൻ ലൂക്കാ മോഡ്രിച്ചിന്റെ 200-ാം രാജ്യാന്തര മത്സരം കൂടിയായിരുന്നു ഇത്. അതേസമയം, തുടർച്ചയായ രണ്ടാം മത്സരത്തിലും 1-0 എന്ന സ്കോറിന് പരാജയപ്പെട്ട പനാമ നോക്കൗട്ട് കാണാതെ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമുകളിലൊന്നായി മാറി.

ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കളിയിൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. ക്രോയേഷ്യൻ മധ്യനിര അവസരങ്ങൾ സൃഷ്ടിക്കാൻ ബുദ്ധിമുട്ടിയപ്പോൾ പനാമ ശക്തമായ പ്രതിരോധമാണ് കാഴ്ച്ചവെച്ചത്. 5–ാം മിനിറ്റിലും 21-ാം മിനിറ്റിലും 23–ാം മിനിറ്റിലും പാനമ നടത്തിയ ഗോൾ ശ്രമം ഗോൾ കീപ്പർ ഡൊമിനിക് ലിവകോവിക് തടുത്തു.

എന്നാൽ രണ്ടാം പകുതിയിൽ വരുത്തിയ തന്ത്രപരമായ മാറ്റങ്ങൾ ക്രോയേഷ്യക്ക് തുണയായി. ആദ്യ പകുതിയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഇഗോർ മറ്റാനോവിച്ചിന് പകരം ആന്റെ ബുഡിമിറിനെ ക്രോയേഷ്യ കളത്തിലിറക്കി. പിന്നാലെ 54ാം മിനിറ്റില്‍ വലതുവിങ്ങിൽ നിന്നും ജോസിപ് സ്റ്റാനിസിക് നൽകിയ കൃത്യതയാർന്ന ക്രോസ്സ് അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ ബുഡിമിർ പനാമൻ വലയിലാക്കി. (1-0).

മല്‍സരത്തിന്‍റെ 80ാം മിനിറ്റില്‍ രാജ്യാന്തര കരിയറിലെ 200-ാം മത്സരം പൂർത്തിയാക്കിയ ക്രൊയേഷ്യയുടെ നായകൻ ലൂക്കാ മോഡ്രിച്ചിനെ പിൻവലിച്ച് ലൂക്കാ സുസിചിനെ കളത്തിലിറക്കി. ഗാലറി ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ക്രോയേഷ്യൻ ഇതിഹാസത്തെ കൈയടികളോടെ ആദരിച്ചത്.

വിജയത്തോടെ ഗ്രൂപ്പ് എൽ-ൽ രണ്ട് മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി ക്രോയേഷ്യ മൂന്നാം സ്ഥാനത്തെത്തി. 4 പോയിന്റോടെ ഇംഗ്ലണ്ടും ഘാനയുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ശനിയാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഘാനയുമായാണ് ക്രോയേഷ്യയുടെ ജീവന്മരണ പോരാട്ടം. നോക്കൗട്ട് യോഗ്യത ഉറപ്പാക്കാൻ ക്രോയേഷ്യക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.

ENGLISH SUMMARY:

Croatia secured their first victory of the 2026 FIFA World Cup by defeating Panama 1-0 in a crucial Group L encounter at the Toronto Stadium. The deciding goal came from substitute Ante Budimir in the 54th minute, who expertly headed home a precise cross delivered by Josip Stanisic. This match was particularly historic as it marked the 200th international appearance for the legendary Croatian captain, Luka Modric. Conversely, the defeat serves as a devastating blow for Panama, who become one of the first teams to be eliminated from the tournament after suffering back-to-back 1-0 losses. Croatia’s goalkeeper Dominik Livakovic played a pivotal role in the clean sheet, making crucial saves to keep his side in the hunt for a knockout spot. Croatia now holds three points and must defeat Ghana in their final group match on Saturday to ensure their progression to the next round.