Sadio Mane
ആഫ്രിക്കന്‍ ചാംപ്യന്മാരായി ലോകകപ്പിന് എത്തിയ സെനഗലില്‍ നിന്നും പ്രകടനമായിരുന്നില്ല ലോകം കണ്ടത്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് 3-1 ന് തോറ്റു. രണ്ടാം മത്സരത്തില്‍ നോര്‍വെയോടും വഴങ്ങി മൂന്നു ഗോള്‍ (3-2). സെനഗലിന്‍റെ മോശം പ്രകടനത്തിന് പിന്നില്‍ ടീം ക്യാംപിലെ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം.
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജയിച്ച താരങ്ങള്‍ക്ക് സെനഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഇതുവരെ ബോണസ് കൊടുത്തുതീര്‍ത്തിട്ടില്ല. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ നിന്നും ലഭിച്ച സമ്മാനതുകയും ലോകകപ്പ് യോഗ്യത നേടിയത് വഴി ലഭിച്ച ബോണസും അടക്കം വലിയ തുക ഫെഡറേഷന്‍റെ കയ്യിലുണ്ടായിട്ടും എന്തുകൊണ്ട് പണം ലഭിക്കുന്നില്ലെന്നാണ് താരങ്ങളുടെ ചോദ്യം. ഇതിനൊപ്പം ലോകകപ്പിനായി യു.എസിലെത്തിയ ടീമിന് ഫെഡറേഷന്‍ ഒരുക്കിയ മോശം സൗകര്യങ്ങളും പ്രശ്നങ്ങളുണ്ടാക്കി എന്നാണ് സ്പോര്‍ട്സ് ന്യൂസ് ആഫ്രിക്കയുടെ റിപ്പോര്‍ട്ട്.
ചെലവ് ചുരുക്കലിന്‍റെ പേരില്‍ യു.എസിലെ ബേസ് ക്യാംപില്‍ ഫെഡറേഷന്‍ തിരഞ്ഞെടുത്ത ഹോട്ടൽ ഉയര്‍ന്ന നിലവാരത്തിലുള്ളതല്ല. ആഫ്രിക്കന്‍ നേഷന്‍സിന്‍റെ സമയത്ത് മൊറോക്കോയിലെ ടാൻജിയറിൽ ഫെഡറേഷന്‍ മികച്ച സൗകര്യങ്ങളൊരുക്കിയിരുന്നു. അതിനാല്‍ കുറഞ്ഞ സൗകര്യങ്ങളില്‍ താരങ്ങള്‍ അതൃപ്തരാണ്. ചെലവ് ചുരുക്കാനായി ടീമിനൊപ്പമുള്ള ജീവനക്കാരില്‍ പലരെയും ഒഴിവാക്കി. ലോകകപ്പിനെത്തിയ ടീമിനൊപ്പം ഇത്തവണ ഷെഫിനെ അനുവദിച്ചില്ല. ഇത് കളിക്കാരുടെ ഭക്ഷണത്തെ അടക്കം ബാധിച്ചു.
ഹോട്ടലിലെ ഭക്ഷണം വളരെ മോശമാണെന്നും കായികതാരങ്ങൾ തങ്ങള്‍ക്ക് അനുയോജ്യമായ ഭക്ഷണങ്ങള്‍ പുറത്തുനിന്നും ഓര്‍ഡര്‍ ചെയ്യുകയാണെന്നാണ് വിവരം. ഇതിനപ്പുറമാണ് കോച്ചിന്‍റെ സ്ഥിതി. ആഫ്രിക്കന്‍ ചാംപ്യന്മാരാക്കിയ ദേശീയ പരിശീലകൻ പാപെ തിയാവിന് ശമ്പളവും കരാറുമില്ല. അഞ്ചു മാസത്തെ ശമ്പളം കുടിശ്ശികയാണെന്നും കരാര്‍ കാലാവധി കഴിഞ്ഞതാണെന്നുമാണ് വിവരം.
അതേസമയം, വിഷങ്ങളുണ്ടായിരുന്നതായും പരിഹരിച്ചതായും കോച്ച് പെപെ തിയാവ് നോര്‍വെയ്ത്ത് എതിരായ മല്‍സരത്തിന് മുന്നോടിയായി പറഞ്ഞിരുന്നു. നോര്‍വെയ്ക്ക് എതിരായ മത്സരത്തിലാകും താരങ്ങളും ഫെഡറേഷനും ഇനി ശ്രദ്ധകേന്ദ്രീകരിക്കുക എന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. 'അതെ, ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ അത് കളിക്കാരും സപ്പോര്‍ട്ടിങ് സ്റ്റാഫും ഫെഡറേഷനും എല്ലാവരും നാളത്തെ മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം' എന്നാണ് അദ്ദേഹം ഞായറാഴ്ച മല്‍സരത്തിന് മുന്‍പ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തന്‍റെ കരാര്‍ വിവരങ്ങള്‍ രഹസ്യമാണെന്നും ഇക്കാര്യങ്ങള്‍ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും പെപെ തിയാവ് പറഞ്ഞു.
രണ്ടു മല്‍സരങ്ങളും തോറ്റ സെനഗലിന്‍റെ നോക്കൗട്ട് സാധ്യതകള്‍ കുറയുകയാണ്. വെള്ളിയാഴ്ച ഇറാഖിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.