ronaldo-training

കോംഗോയ്ക്കെതിരെ നിറം മങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ തുടരവെ പോര്‍ച്ചുഗല്‍ രണ്ടാം മല്‍സരത്തിനിറങ്ങുന്നു. കന്നി ലോകകപ്പ് കളിക്കുന്ന ഉസ്ബക്കിസ്ഥാനാണ് എതിരാളികള്‍. നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പോര്‍ച്ചുഗലിന് ജയം അനിവാര്യമാണ്. രാത്രി പത്തരയ്ക്കാണ് മല്‍സരം. 

കോംഗോ മനസ് തകര്‍ത്തു

ഇത്രമേല്‍ നിരാശനായി... പരാജിതനായി... ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസതാരത്തെ ഫുട്ബോള്‍ ലോകം കണ്ടിട്ടുണ്ടാകില്ല. മെസിയും എംബപെയും ഹാളണ്ടും ഹാരി കെയ്നും ഗോളടിച്ചുകൂട്ടുമ്പോ തല താഴ്ത്തി മടങ്ങേണ്ടി വന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോള്‍ ലോകത്തിന്റെയാകെ നൊമ്പരമാണ്. കപ്പടിക്കാന്‍ സ്വപ്നം കണ്ട് വന്നതാണ് പറങ്കിപ്പട. പേര് കൊണ്ടോ പെരുമക്കണക്ക് കൊണ്ടോ തങ്ങളുടെ നിഴലാകാന്‍ പോലും ശേഷിയില്ലാത്ത ടീമിനെതിരെ തോല്‍വിയോളം പോന്ന സമനില വഴങ്ങേണ്ടി വന്നതില്‍ പഴിയേറെയും റൊണാള്‍ഡോയ്ക്ക് നേരെയാണ് ഉയര്‍ന്നത്. കോംഗോയ്ക്കെതിരെ 90 മിനിറ്റ് കളിച്ചിട്ടും പന്തില്‍ ടച്ച് ചെയ്തത്  25 തവണ മാത്രം, ഒറ്റ ടാര്‍ഗറ്റ് ഷോട്ട് പോലും ഇല്ല. 

portugal-vs-congo-world-cup-draw

ഈ കളി അപകടം

ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച  സ്ട്രൈക്കര്‍മാരിലൊരാളായ റൊണാള്‍ഡോയിലേക്ക് പന്തെത്തിക്കുന്നതില്‍ പരാജയപ്പെട്ട ടീമിനെയാണ് കോംഗോയ്ക്കെതിരെ കണ്ടത്. പന്ത് നല്‍കാതിരിക്കാന്‍ സഹതാരങ്ങള്‍ ശ്രമിച്ചെന്ന് പറഞ്ഞാലും തെറ്റില്ല. ഉസ്ബക്കിസ്ഥാനെതിരെ ഈ കളി കളിച്ചാല്‍ ആത്മഹത്യാപരമാകും.  ഉസ്ബക്കിസ്ഥാനെതിരെ സമനില വഴങ്ങേണ്ടി വന്നാല്‍ നോക്കൗട്ടിലെത്താന്‍ മറ്റ് ടീമുകളുടെ മല്‍സരഫലം ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പിലെ അവസാന മല്‍സരം ശക്തരായ കൊളംബിയയ്ക്ക് എതിരെയാണ്. ടീമിലെ ചേരിതിരിവും ഈഗോയും ഒക്കെ മാറ്റിവച്ച് ഇന്ന്  കളത്തിലിറങ്ങിയില്ലെങ്കില്‍ കളി കഴിയുമ്പോ തന്നെ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും നല്ലത്. 

മാറ്റം അനിവാര്യം

കോംഗോയ്ക്കെതിരെ മിന്നല്‍ തുടക്കമായിരുന്നു. പിന്നെ പാളി. ഉസ്ബക്കിസ്ഥാനെതിരെ പ്ലേയിങ് ഇലവനില്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിതനായേക്കും. വിമര്‍ശനങ്ങളെ പേടിച്ച് റൊണാള്‍ഡോയെ സൈഡ് ബെഞ്ചിലിരുത്തി കളി തുടങ്ങില്ലെന്നാണ് മാര്‍ട്ടിനസിന്റെ ഇതുവരെയുള്ള വാക്കുകള്‍. റൊണാള്‍ഡോയെ പ്രധാന സ്ട്രൈക്കറാക്കി 

ronaldo-christano

4–2–3–1 ഫോര്‍മേഷനില്‍ തന്നെയാകും ടീമിറങ്ങുക. കൊളംബിയയോട് 3–1ന് തോറ്റെത്തുന്ന ഉസ്ബക്കിസ്ഥാന് സമനില പോലും ജയത്തിന് തുല്യം. അട്ടിമറി വിദൂര സ്വപ്നങ്ങളില്‍ മാത്രം. പ്രതിരോധം ശക്തമാക്കി പോര്‍ച്ചുഗലിനെ പൂട്ടുകയാകും ഗെയിം പ്ലാന്‍.  

CR 7 ന് ഇത് പേര്‍സണല്‍

ഈ മല്‍സരം റൊണാള്‍ഡോയ്ക്ക് പേര്‍സണല്‍ ആണ്. വിമര്‍ശനങ്ങള്‍ റൊണാള്‍ഡോയെ കരുത്തനാക്കിയിട്ടേയുള്ളു എന്നതാണ് ചരിത്രം. സ്വന്തം നാട്ടില്‍ നടന്ന 2004 യൂറോകപ്പ് ഫൈനലില്‍ തോറ്റപ്പോള്‍ കണ്ണീരോടെ മടങ്ങിയ റൊണാള്‍ഡോ, 2016 യൂറോകപ്പും നേഷന്‍സ് ലീഗ് കിരീടവും പോര്‍ച്ചുഗലിന് സമ്മാനിച്ചു.  ക്ലബ് ഫുട്ബോളില്‍ റയല്‍ മഡ്രിഡിലേക്കുള്ള റെക്കോര്‍ഡ് തുകയുടെ വരവില്‍ സംശയമുയര്‍ത്തിയവര്‍ക്ക് എണ്ണം പറഞ്ഞ ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ കൊണ്ട് മറുപടി. പ്രതിസന്ധി ഘട്ടത്തില്‍ അസാമാന്യ പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിച്ച ചരിത്രമാണ് ക്രിസ്റ്റ്യാനോയുടേത്. ടീമിനുള്ളില്‍ തനിക്കെതിരെ പടയൊരുക്കം നടത്തിയവര്‍ക്ക്, കാലം കഴിഞ്ഞെന്നും മറ്റേതൊരു താരത്തെയും പോലെ മാത്രമേ റൊണാള്‍ഡോയുമുള്ളു എന്ന പറഞ്ഞ സഹതാരങ്ങള്‍ക്ക്  മറുപടി സിആര്‍‌ 7ന്റെ ബൂട്ടില്‍ നിന്ന് ആരാധകര്‍ കാത്തിരിക്കുന്നു.

ഈ ലോകകപ്പില്‍ ഒരു ഗോള്‍ കൂടി നേടാനായാല്‍ തുടര്‍ച്ചയായി ആറ് ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോയ്ക്ക് സ്വന്തമാകും. ലോകകപ്പില്‍ കൂടുതല്‍ ഗോളുകളുടെ റെക്കോര്‍ഡിന് അവകാശിയാണെങ്കിലും മെസിക്ക് പോലും സ്വന്തമാക്കാന്‍ കഴിയാതിരുന്ന റെക്കോര്‍ഡ് ആണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. മെസി ആറാം ലോകകപ്പാണ് കളിക്കുന്നതെങ്കിലും 2010 ലോകകപ്പില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. 

ആദ്യ ഇലവനില്‍ ഉണ്ടാകുമോ?

ഉസ്ബക്കിസ്ഥാനെതിരെ നിര്‍ണായക മല്‍സരത്തിന് പോര്‍ച്ചുഗല്‍ ഇറങ്ങാനിരിക്കെ ഫുട്ബോള്‍ ലോകത്തെ ചൂടേറിയ ചര്‍ച്ച പ്ലേയിങ് ഇലവനില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകുമോ എന്നതിലാണ്. മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്ന് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് പറയുന്നുണ്ടെങ്കിലും ടീമിനകത്തും പുറത്തും നിന്നുള്ള സമ്മര്‍ദം സ്വാധീനിച്ചേക്കാം. ടീമിന് ഗോള്‍ വേണം, റൊണാള്‍ഡോയ്ക്ക് മാത്രം ഗോള്‍ വേണം എന്നല്ല അതിന് അര്‍ഥമെന്ന് മുന്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ തിയറി ഒന്‍ട്രി. റൊണാൾഡോയെ മാറ്റാൻ കോച്ച് ഭയപ്പെടുകയാണെന്ന് മുന്‍ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ക്രിസ് സട്ടണ്‍. റൊണാള്‍ഡോയെ പകരക്കാരനാക്കി പിഎസ്ജി സ്ട്രൈക്കര്‍ ഗോണ്‍സാലോ റാമോസിനെ ആദ്യ ഇലവനില്‍ കളത്തിലിറക്കണം എന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.

ENGLISH SUMMARY:

Portugal faces a must-win situation in their second World Cup match against debutants Uzbekistan tonight at 10:30 PM to keep their knockout qualification hopes alive. Legendary striker Cristiano Ronaldo faces immense pressure and scrutiny after a lackluster performance against Congo, where he had only 25 touches and zero shots on target. Despite external criticism and suggestions from pundits to start Gonçalo Ramos, coach Roberto Martínez is expected to stick with a $4-2-3-1$ formation featuring Ronaldo as the primary spearhead. This crucial encounter remains deeply personal for Ronaldo, who stands on the verge of becoming the first player to score in six consecutive World Cups, a milestone even Lionel Messi has not achieved.