ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും നിർബന്ധമാക്കിയ ഹൈഡ്രേഷൻ ബ്രേയ്ക്കുകളെക്കുറിച്ച് തല്ലും തലോടലും. വാണിജ്യതാല്‍പര്യം മാത്രമാണ് ഈ ബ്രേയ്ക്കിന് പിന്നിലെന്നാണ് വാദം. കളിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്നതാണെന്നും വിമര്‍ശനമുണ്ട്. അതേസമയം വേദികളിലെ കാലാവസ്ഥയ്ക്ക് അനുസൃതമായി കളിക്കാരുടെ ആരോഗ്യസംരക്ഷണത്തിനാണ് ഇതെന്ന് ഫിഫ  ന്യായീകരിക്കുന്നു. 

രണ്ടുപകുതിയിലും 22 ാം മിനിറ്റില്‍ മൂന്നുമിനിറ്റാണ് ഹൈഡ്രേഷന്‍ ബ്രേയ്ക്ക് അഥവാ കുടിവെള്ള ഇടവേള. ഇത് മല്‍സരത്തിന്‍റെ സ്വാഭാവിക താളം നഷ്ടപ്പെടുത്തുന്നുവെന്നാണ് പ്രധാന വിമര്‍ശനം. ഫലത്തില്‍ ഇത് മല്‍സരത്തെ നാലുക്വാര്‍ട്ടറുകളായി വിഭജിക്കുന്നു. പരിശീലകർക്ക് ഇടപെടാന്‍ കൂടുതല്‍ അവസരം നല്‍കുന്നു. കളിക്കാരുടെ ക്ഷേമത്തേക്കാൾ പരസ്യവരുമാനമാണ് യഥാർത്ഥ ലക്ഷ്യമെന്നാണ് ആരോപണം. അതേസമയം അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലെ കടുത്ത ചൂടും ഈർപ്പവും കണക്കിലെടുത്ത് കളിക്കാരെ ഹീറ്റ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്നാണ് ഫിഫയും ആരോഗ്യവിദഗ്ധരും പറയുന്നത്. എന്നാല്‍, എയർ കണ്ടീഷൻ ചെയ്ത സ്റ്റേഡിയങ്ങളിലോ തണുത്ത കാലാവസ്ഥയിലോ ഒരേ നിയമം ബാധകമാക്കുന്നത് എന്തിനെന്ന് മറുചോദ്യം. 

ഫുട്ബോൾ എയർ കണ്ടീഷൻ ചെയ്ത ഓഫീസുകളിൽ ഇരിക്കുന്ന അധികാരികളുടെ തടവിലാണെന്ന് ജര്‍മന്‍ ഫുട്ബോള്‍ മാനേജര്‍ യര്‍ഗന്‍ ക്ലോപ് വിമര്‍ശിച്ചു.‌ ഇത് സ്പോൺസർമാർക്കും പരസ്യദാതാക്കൾക്കും വേണ്ടിയുള്ള സംവിധാനമാണെന്നാണ് ക്ലോപ്പിന്‍റെ ആരോപണം. ഹൈഡ്രേഷൻ ബ്രേക്കുകൾ എല്ലാ മത്സരങ്ങളിലും നിർബന്ധമാക്കേണ്ടതില്ലെന്നും, മത്സരത്തിന്‍റെ സാഹചര്യങ്ങൾ നോക്കി തീരുമാനിക്കണമെന്നും നെതര്‍ലന്‍ഡ്സ് നായകൻ വിര്‍ജില്‍ വാന്‍ഡിച്ച് പറഞ്ഞു. ഭാവിയിലെ ലോകകപ്പുകളിലും ഹൈഡ്രേഷൻ ബ്രേക്കുകൾ തുടരുമോ എന്ന് ഫിഫ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. Morocco, Spain, Portugal എന്നീരാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യമേകുന്ന 2030 ലോകകപ്പ് മല്‍സരങ്ങളും സമാന സാഹചര്യങ്ങളിലായതിനാല്‍ ഹൈഡ്രേഷൻ ബ്രേക്കുകൾ തുടരാണ് സാധ്യത. അതേസമയം ചാംപ്യന്‍സ് ലീഗും യൂറോ 2028ഉം ഉൾപ്പെടെയുള്ള വരാനിരിക്കുന്ന മത്സരങ്ങളിൽ നിലവിലുള്ള ഹൈഡ്രേഷൻ ബ്രേക്ക് ചട്ടങ്ങളിൽ മാറ്റം വരുത്തില്ലെന്ന് യുവേഫ വ്യക്തമാക്കി. അന്തരീക്ഷതാപനില്ക്ക് അനുസൃതമായി മാത്രം കുടിവെള്ള ഇടവേള അനുവദിച്ചാല്‍ മതി എന്നതാണ് അവരുടെ നിലപാട്. 

ENGLISH SUMMARY:

Hydration breaks in the World Cup have sparked debate, with arguments focusing on commercial interests versus player welfare and the natural flow of the game. FIFA defends these breaks as essential for player health in varying climatic conditions, while critics argue they disrupt the match's rhythm and prioritize advertising revenue over the sport itself.